Sections

അംബാനിമാർക്കെതിരെ സെബി ചുമത്തിയ വൻതുകയുടെ പിഴശിക്ഷ ഒഴിവാക്കി

Saturday, Jul 29, 2023
Reported By admin
ambani

നാല് ആഴ്ചയ്ക്കകം പിഴയായി ഈടാക്കിയ 25 കോടി തിരികെ നൽകണമെന്നും സെബിയോട് എസ്.എ.ടി നിർദേശിച്ചു


റിലയൻസ് ഇൻഡസ്ട്രീസ് പ്രമോട്ടർമാരും മറ്റുള്ളവരും ചേർന്ന് ഏറ്റെടുത്ത 6.83 ശതമാനം ഓഹരി വിഹിതം, ഏറ്റെടുക്കൽ നിയമപ്രകാരമുള്ള 5 ശതമാനം പരിധി മറികടന്നുവെന്നായിരുന്നു സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വാദം. എന്നാൽ ഇതു അംഗീകരിക്കാൻ ട്രൈബ്യൂണൽ തയ്യാറായില്ല.

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI), റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും സഹോദരൻ അനിൽ അംബാനിക്കും എതിരായി ചുമത്തിയ 25 കോടിയുടെ പിഴശിക്ഷ, സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (SAT) ഇളവുചെയ്തു. കമ്പനിയെ ഏറ്റെടുക്കുമ്പോൾ ചട്ടം ലംഘിച്ചുവെന്ന സെബിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും നിയമം അനുശാസിക്കുന്നവിധമല്ല ശിക്ഷ നൽകിയതെന്നും ചൂണ്ടിക്കാട്ടിയാണ് എസ്.എ.ടി പിഴശിക്ഷ ഒഴിവാക്കി കൊടുത്തത്.

നാല് ആഴ്ചയ്ക്കകം പിഴയായി ഈടാക്കിയ 25 കോടി തിരികെ നൽകണമെന്നും സെബിയോട് എസ്.എ.ടി നിർദേശിച്ചു. ഇതിനോടൊപ്പം നടപടിക്രമങ്ങൾ വളരെയധികം വൈകിച്ചതിൽ സെബിയെ വിമർശിക്കുകയും ചെയ്തു. 2011ലെ എസ്.എ.എസ്.ടി നിയമത്തിലെ ചട്ടം 11(1) ലംഘിച്ചിട്ടില്ലെന്നാണ് എസ്.എ.ടി അധ്യക്ഷനായ ജസ്റ്റീസ് തരുൺ അഗർവാല പ്രസ്താവിച്ചത്. നിയമം അനുവദിച്ചിട്ടില്ലാത്ത അധികാരം ഉപയോഗിച്ചാണ് പിഴശിക്ഷ ഈടാക്കിയതെന്നും എസ്.എ.ടി നിരീക്ഷിച്ചു.

അംബാനി സഹോദരന്മാർക്കും അവരുടെ ഭാര്യമാരായ നിത, ടീന ഉൾപ്പെടെ മറ്റ് ഏഴ് പേർക്കുമെതിരെ, 2021 ഏപ്രിലിലായിരുന്നു മൊത്തമായി 25 കോടിയുടെ പിഴശിക്ഷ വിധിച്ചത്. റിലയൻസ് ഇൻഡസ്ട്രീന്റെ ചട്ടങ്ങൾ അനുസരിച്ച്, ഏറ്റെടുക്കൽ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. കേസിന് ആസ്പദമായ സംഭവം 2000 ജനുവരിയിലാണ് നടന്നത്. ഓഹരിയായി മാറ്റിയെടുക്കാവുന്ന വാറന്റ് അടിസ്ഥാനമാക്കി, 38 പേർക്ക് 12 കോടിയുടെ ഇക്വിറ്റി ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് അനുവദിച്ചിരുന്നു.

സെബിയുടെ വാദം അനുസരിച്ച്, റിലയൻസ് പ്രമോട്ടർമാരും മറ്റുള്ളവരും ചേർന്ന് 6.83 ശതമാനം വിഹിതം സ്വന്തമാക്കി. ഇതു പ്രമോട്ടർമാർക്ക് നിഷ്‌കർഷിച്ചിട്ടുള്ള ഏറ്റെടുക്കൽ നിയന്ത്രണത്തിലെ പരിധിയായ 5 ശതമാനം ലംഘിച്ചുവെന്നാണ് ആരോപണം. ഒരു സാമ്പത്തിക വർഷത്തിനകം പ്രമോട്ടർമാർ 5 ശതമാനത്തിലധികം വോട്ടിങ് അവകാശമുള്ള ഓഹരി ഏറ്റെടുക്കുന്നുണ്ടെങ്കിൽ പൊതുവായുളള പ്രഖ്യാപനം നടത്തിയിരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.

സെബി നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ, റിലയൻസ് ഇൻഡസ്ട്രീസ് പ്രമോട്ടർമാർ കമ്പനിയുടെ 5 ശതമാനത്തിലധികം ഓഹരികൾ സ്വന്തമാക്കിയിട്ട് പൊതുപ്രഖ്യാപനം നടത്തി അറിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം നടന്നിട്ട് 11 വർഷത്തിനു ശേഷമാണ്, വിഷയത്തിൽ ചട്ടലംഘനം ആരോപിച്ച്, റിലയൻസ് ഇൻഡസ്ട്രീസ് പ്രമോട്ടർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് സെബിയുടെ ഭാഗത്തുനിന്നും ആദ്യമായി അയച്ചത്.

കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വളരെയധികം വൈകിയത്, എസ്.എ.ടിയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൽ പിഴശിക്ഷയിടുന്നത് 21 വർഷത്തിനു ശേഷമായിരുന്നു. കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും മിതമായ കാലയളവിനുള്ളിൽ അധികൃതർ നോട്ടീസ് നൽകാൻ ശ്രമിക്കണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.