Sections

മൈക്രോസോഫ്റ്റ് സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് ഹബിൽ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാർട്ടപ്പ് സ്കൂൾ ഗുരു

Wednesday, Sep 11, 2024
Reported By Admin
School Guru joins Microsoft Startup Founders Hub for AI-based e-learning

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്തിട്ടുള്ള എഡ്-ടെക് സ്റ്റാർട്ടപ്പായ സ്കൂൾ ഗുരു മൈക്രോസോഫ്റ്റിൻറെ പ്രശസ്തമായ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് ഹബിൽ ഇടംപിടിച്ചു. ഇതിലൂടെ മൈക്രോസോഫ്റ്റിൻറെ ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂർ ഉപയോഗിച്ച് സ്കൂൾ ഗുരുവിൻറെ പ്രവർത്തനം കൂടുതൽ മെച്ചമാക്കാൻ കഴിയും.വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റമാണ് എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഇ ലേണിംഗ് സംവിധാനത്തിലൂടെ സ്കൂൾ ഗുരു കൊണ്ടുവന്നത്.

സ്കൂൾ ഗുരുവിൻറെ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്താനും അതുവഴി സേവനം കാര്യക്ഷമമാക്കാനുമായി മൈക്രോസോഫ്റ്റിൽ നിന്ന് വിദഗ്ധോപദേശമടക്കമുള്ള സഹായം ഇതു വഴി ലഭിക്കുമെന്ന് കമ്പനി സിഇഒ അമീർ ഷാജി പറഞ്ഞു. മികച്ച ബിസിനസ് മാതൃകയ്ക്കായുള്ള ടൂളുകളും അതു വഴി നേരിട്ടുള്ള വിപണിതന്ത്രങ്ങൾ മെനയാനും ഉത്പന്ന പദ്ധതി തയ്യാറാക്കാനുമെല്ലാം ഇതിലൂടെ കഴിയും. ആഗോള തലത്തിലുള്ള സ്റ്റാർട്ടപ്പുകളുമായി ബന്ധം സ്ഥാപിക്കൽ, സഹകരണം എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര വിപണിയിലേക്കുള്ള വാതിൽ തുറക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വിദ്യാർഥിയുടെയും അഭിരുചിയ്ക്കനുസരിച്ച് നിർമ്മിതബുദ്ധിയുപയോഗിച്ച് അധ്യയനം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് എഡ്യുബ്ര്യൂ സ്മാർട്ട് എന്ന ലേണിംഗ് ആപ്പിലൂടെ സ്കൂൾ ഗുരു ചെയ്യുന്നത്. കേവലം ട്യൂഷനെന്നതിനപ്പുറം അവരുടെ ജീവിതരീതി തന്നെ മാറ്റുന്ന തരത്തിലുള്ള ഗുണമേൻമയുള്ള സേവനമാണ് സ്കൂൾ ഗുരു ചെയ്യുന്നത്. പ്രിസം അക്കാദമിയെന്ന പഴയ കമ്പനിയിൽ നിന്ന് സ്കൂൾ ഗുരുവിലേക്കെത്തിയത് കൊവിഡ്-19 ലോക്ഡൗണിലൂടെയാണെന്നും അമീർ ഷാജി പറഞ്ഞു.

മലപ്പുറം ജില്ലയിലെ അരീക്കോടുള്ള വിദ്യാർത്ഥികൾക്കാണ് ഇ ലേണിംഗ് സംവിധാനം ആരംഭിച്ചത്. പിന്നീട് അത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വ്യാപിച്ചു. ഇന്ന് ഇന്ത്യയ്ക്ക് പുറമെ ഖത്തർ, യുഎഇ എന്നിവയ്ക്ക് പുറമെ മിക്ക ഗൾഫ് രാജ്യങ്ങളിലും സ്കൂൾ ഗുരുവിൻറെ സേവനം നൽകുന്നുണ്ട്. ഇന്ത്യ, ഗൾഫ്, കാനഡ, ഓസ്ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലെ 500 വിദ്യാർത്ഥികൾ നിലവിൽ ഈ പഠനത്തിലുണ്ട്. ആയിരത്തോളം വിദ്യാർത്ഥികളാണ് സ്കൂൾ ഗുരു വഴി പഠനം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തത്സമയ വീഡിയോ, ക്വിസ്, പരീക്ഷകൾ എന്നിവയിലൂടെയാണ് സ്കൂൾ ഗുരു അധ്യയനം നടത്തുന്നത്. ഓരോ വിദ്യാർത്ഥിയ്ക്കും പ്രത്യേകമായ ശ്രദ്ധ വിദഗ്ധരായ അധ്യാപകർ നൽകുന്നു. അധ്യയനത്തിന് പുറമെയുള്ള പരിശീലനങ്ങളും ഇതിലൂടെ നൽകാറുണ്ടെന്നും അമീർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.