- Trending Now:
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിലും സ്ഥിര നിക്ഷേപ സംവിധാനം വാഗ്ദാനം ചെയ്യുന്നുണ്ട്. റീവാംപ്ഡ് ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍-ജിഡിഎസ് എന്നാണ് എസ്ബിഐയുടെ ഈ സ്വര്‍ണ സ്ഥിര നിക്ഷേപത്തിന് പറയുന്ന പേര്. ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തില്‍ നടത്താവുന്ന സ്ഥിര നിക്ഷേപത്തിന് സമാനമായ സ്വഭാവമാണ് റീവാംപ്ഡ് ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമി (ആര്‍-ജിഡിഎസ്) നുമെന്ന് എസ്ബിഐ വ്യക്തമാക്കുന്നു. തങ്ങളുടെ കൈവശം വെറുതേ കിടക്കുന്ന സ്വര്‍ണം ഉപയോക്താക്കള്‍ക്ക് എസ്ബിഐയുടെ ഈ ആര്‍-ജിഡിഎസ് പദ്ധതിയില്‍ നിക്ഷേപം നടത്താം. ഇതിലുടെ ഉപയോക്താവിന്റെ സ്വര്‍ണത്തിന്മേലുള്ള സുരക്ഷ, പലിശ ആദായം, മറ്റ് അധിക നേട്ടങ്ങള്‍ തുടങ്ങിയ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
എന്തൊക്കെയാണ് എസ്ബിഐയുടെ റീവാംപ്ഡ് ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീം (ആര്‍-ജിഡിഎസ്) പദ്ധതിയുടെ സവിശേഷതകള്‍ എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍ക്ക് മാത്രമാണ് എസ്ബിഐയുടെ ഈ സ്വര്‍ണ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുക. വ്യക്തികള്‍ക്കും, ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും, പങ്കാളിത്ത ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും, ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി (എച്ച്യുഎഫ്) കള്‍ക്കും, സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ എന്നിവയ്ക്കും, കമ്പനികള്‍ക്കും, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും, കേന്ദ്ര സര്‍ക്കാറിന് കീഴിലോ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലോ ഉള്ള എല്ല സ്ഥാപനങ്ങള്‍ക്കും എസ്ബിഐയുടെ ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുവാന്‍ യോഗ്യതയുണ്ട്.
നിക്ഷേപം നടത്തുന്ന വ്യക്തിയോ സ്ഥാപനമോ ഏറ്റവും ചുരുങ്ങിയത് 10 ഗ്രാം അസംസ്‌കൃത സ്വര്‍ണമാണ് നിക്ഷേപിക്കേണ്ടത്. ഇത് സ്വര്‍ണ കട്ടകളോ, സ്വര്‍ണ നാണയങ്ങളോ, സ്വര്‍ണ ആഭരണങ്ങളോ ആകാം. എന്നാല്‍ ഇവയില്‍ കല്ലുകളോ മറ്റ് ലോഹങ്ങളോ പാടുള്ളതല്ല. അവ ഒഴിവാക്കി സ്വര്‍ണം മാത്രമാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. അതേ സമയം നിക്ഷേപിക്കുവാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്റെ പരമാവധി അളവിന് പരിധി നിശ്ചയിച്ചിട്ടില്ല. മൂന്ന് തരത്തിലുള്ള നിക്ഷേപ രീതികളാണ് എസിബിഐ റിവാംപ്ഡ് ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമിനു കീഴില്‍ ബാങ് വാഗ്ദാനം ചെയ്യുന്നത്. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ നിക്ഷേപ കാലയളവുള്ള ഷോര്‍ട്ട് ടേം ബാങ്ക് ഡെപ്പോസിറ്റ് (എസ്ടിബിഡി), 5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ നിക്ഷേപ കാലയളവുള്ള മീഡിയം ടേം ഗവണ്‍മെന്റ് ഡെപ്പോസിറ്റ് (എംടിജിഡി), 12 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ നിക്ഷേപ കാലയളവുള്ള ലോങ് ടേം ഗവണ്‍മെന്റ് ഡെപ്പോസിറ്റ് (എല്‍ടിജിഡി) എന്നിവയാണവ.
നിലവില്‍ 1 വര്‍ഷത്തേക്കുള്ള ഷോര്‍ട്ട് ടേം ബാങ്ക് ഡെപ്പോസിറ്റകള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക പലിശ നിരക്ക് 0.50 ശതമാനമാണ്. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയാണ് നിക്ഷേപമെങ്കില്‍ 0.55 ശതമാനം വാര്‍ഷിക പലിശ നിരക്ക് ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.60 ശതമാനമാണ്. മീഡിയം ടേം ഗവണ്‍മെന്റ് ഡെപ്പോസിറ്റില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 2.25 ശതമാനമാണ്. ലോങ് ടേം ഗവണ്‍മെന്റ് ഡെപ്പോസിറ്റുകളിലാണ് നിക്ഷേപമെങ്കില്‍ 2.50 ശതമാനം പലിശ നിരക്കും ലഭിക്കും.
ഷോര്‍ട്ട് ടേം ബാങ്ക് ഡെപ്പോസിറ്റകള്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ മുതല്‍ തുക സ്വര്‍ണമായോ അല്ലെങ്കില്‍ സമാന മൂല്യമുള്ള തുകയായോ നിക്ഷേപകന് തിരികെ വാങ്ങിക്കാം. എന്നാല്‍ മീഡിയം ടേം ഗവണ്‍മെന്റ് ഡെപ്പോസിറ്റിലും ലോങ് ടേം ഗവണ്‍മെന്റ് ഡെപ്പോസിറ്റുകളിലും സ്വര്‍ണമോ അല്ലെങ്കില്‍ നിലവിലെ സ്വര്‍ണ വില അനുസരിച്ച് അതിന് സമാനമായ തുകയോ നിക്ഷേപകന് വാങ്ങിക്കാവുന്നതാണ്. അതേ സമയം നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണമാണ് തിരികെ വാങ്ങിക്കുന്നത് എങ്കില്‍ 0.20 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജുകള്‍ ബാങ്ക് നിക്ഷേപകരില്‍ നിന്നും ഈടാക്കുന്നതാണ്. ഷോര്‍ട്ട് ടേം ബാങ്ക് ഡെപ്പോസിറ്റുകളില്‍ 1 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീയഡിന് ശേഷം കാലാവധി എത്തും മുമ്പുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നതാണ്. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ പലിശ നിരക്കില്‍ ബാങ്ക് പിഴ ഈടാക്കുമെന്ന് ഓര്‍ക്കുക. മീഡിയം ടേം ഗവണ്‍മെന്റ് ഡെപ്പോസിറ്റുകളില്‍ 3 വര്‍ഷത്തിന് ശേഷം പിന്‍വലിക്കല്‍ അനുവദനീയമാണ്. അപ്പോഴും പലിശ നിരക്കില്‍ ബാങ്ക് പിഴ ഈടാക്കും. 5 വര്‍ഷത്തിന് ശേഷമാണ് പലിശ നിരക്കില്‍ പിഴയോടു കൂടി കാലാവധി എത്തും മുമ്പുള്ള പിന്‍വലിക്കല്‍ ലോങ് ടേം ഗവണ്‍മെന്റ് ഡെപ്പോസിറ്റുകളില്‍ അനുവദിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.