- Trending Now:
മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഇപ്സോസിന്റെ മെയിലെ ഉപഭോക്തൃ വിശ്വാസ സൂചികയില്‍ സൗദി അറേബ്യ ഒന്നാമതെത്തി. തദ്ദേശീയ സമ്പദ് വ്യവസ്ഥകളില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം സംബന്ധിച്ച് 23 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഇപ്സോസ് ഉപഭോക്തൃ വിശ്വാസ സൂചിക തയ്യാറാക്കിയത്. പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും ഭാവിയും സംബന്ധിച്ച് ഉപഭേക്താക്കളുടെ പ്രതികരണങ്ങള്‍, വ്യക്തിഗത സാമ്പത്തിക സാഹചര്യം, നിക്ഷേപം എന്നിവ സംബന്ധിച്ച അവരുടെ വിലയിരുത്തലുകള്‍ എന്നിവയാണ് സൂചികയ്ക്കായി പരിഗണിച്ചത്.
പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപ വിപണിയില്‍ കഴിഞ്ഞ മാസം ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയതും സൗദി അറേബ്യയാണ്. 35 ഇടപാടുകളിലായി മെയ് മാസത്തില്‍ 110 മില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങളാണ് സൗദി അറേബ്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചതെന്ന് സംരംഭകത്വ പ്ലാറ്റ്ഫോമായ വംദ വെളിപ്പെടുത്തി.
വ്യക്തിഗത സാമ്പത്തിക ശേഷി സൂചികയിലും സൗദി നേട്ടമുണ്ടാക്കി. ഈ വിഭാഗത്തില്‍ രണ്ടാംസ്ഥാനമാണ് സൗദി നേടിയത്. നിക്ഷേപ വിശ്വാസ സൂചികയിലും സൗദി രണ്ടാമതെത്തിയതായി സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തികവും നിക്ഷേപകപരവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിവിധ മേഖലകളും സര്‍ക്കാരും ഇത്തരം സൂചികകളിലെ മാറ്റങ്ങള്‍ പരിഗണനയ്ക്ക് എടുക്കാറുണ്ട്. വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രകടനം അളക്കുന്നതിനുള്ള സൗദിയിലെ ദേശീയ കേന്ദ്രവും (എഡിഎഎ) ഇത്തരം സൂചികകള്‍ കണക്കിലെടുക്കാറുണ്ട്. വ്യക്തിഗത സാമ്പത്തിക ശേഷി, തദ്ദേശീയ ധനകാര്യ പ്രവണതകള്‍, നിക്ഷേപകാലാവസ്ഥ, പൊതുവായുള്ള തൊഴില്‍ സുരക്ഷ എന്നിവയാണ് ആഗോള ഉപഭോക്തൃ സൂചിക വിലയിരുത്തലിനായി പരിഗണിക്കുക.
ഒമ്പത് സ്റ്റാര്‍ട്ടപ്പുകള്‍ സൗദി നിക്ഷേപകരില്‍ നിന്ന് ഏതാണ്ട് 46.6 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ഇവയില്‍ മിക്കതും ബിടുബി മാര്‍ക്കറ്റ്പ്ലേസായ സരി മുഖേനയുള്ള സിരീസ് ബി ഫണ്ടിംഗിലൂടെയുള്ള ധനസമാഹരണമായിരുന്നു.
സൗദി വിപണിയില്‍ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതില്‍ അതിശയപ്പെടാനില്ലെന്നും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും കരകയറിയതിന് ശേഷം മുന്‍ മാസങ്ങളിലും സൗദി അറേബ്യയില്‍ അത്തരം ഇടപാടുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നുവെന്നും സൗദി അരാംകോയിലെ സംരംഭകത്വ വിഭാഗമായ വയെദിന്റെ മാനേജിംഗ് ഡയറക്ടര്‍ വസ്സീം ബസ്രാവി പറഞ്ഞു. ബ്ലോക്ക്ചെയിന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് കമ്പനിയായ ഐആര്‍4ലാബ്, ഡ്രോണ്‍ നിര്‍മാതാക്കളായ ഫാല്‍ക്കണ്‍വിസ്, ഹൈഡ്രോപോണിക് സാങ്കേതികവിദ്യ ബിസിനസായ റെഡ് സീ ഫാംസ് തുടങ്ങി 2021 രണ്ടാംപാദത്തില്‍ ഇതുവരെ വയെദ് നിരവധി സൗദി കമ്പനികളില്‍ വെന്‍ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപങ്ങള്‍ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. പകര്‍ച്ചവ്യാധിക്കാലത്ത് സൗദി സംരംഭകര്‍ക്ക് സര്‍ക്കാരില്‍ നിന്നുമുള്ള പിന്തുണ വര്‍ധിച്ചെന്നും റെഡ്സീ ഫാംസ് പോലുള്ള നിരവധി സൗദി സ്റ്റാര്‍ട്ടപ്പുകള്‍ അന്താരാഷ്ട്ര നിക്ഷേപകരെ തേടാന്‍ ശ്രമം ആരംഭിച്ചെന്നും ബസ്രാവി കൂട്ടിച്ചേര്‍ത്തു.
ബി2ബി ഇ-കൊമേഴ്സ് മേഖലയാണ് ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചിരിക്കുന്നത്. ഏതാണ്ട് 37.6 മില്യണ്‍ ഡോളറാണ് പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലുടനീളമുള്ള ബി2ബി ഇ-കൊമേഴ്സ് കമ്പനികള്‍ ആകര്‍ഷിച്ചത്. ഫിനാന്‍ഷ്യല്‍ ടെക്നോളജി (ഫിന്‍ടെക്) ആണ് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിച്ച രണ്ടാമത്തെ മേഖല. മൊത്തത്തില്‍ 18.5 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിലേക്ക് കഴിഞ്ഞ മാസം എത്തിയത്. ലോജിസ്റ്റിക്സ്, വിദ്യാഭ്യാസ സാങ്കേതികവിദ്യ, ടൂറിസം എന്നിവ യഥാക്രമം പത്ത് മില്യണ്‍ ഡോളര്‍, 6.9 മില്യണ്‍ ഡോളര്‍, 6 മില്യണ്‍ ഡോളര്‍ വീതവും നിക്ഷേപം സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.