- Trending Now:
റെക്കോര്‍ഡ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപം, ആഗോള ഉപഭോക്തൃ വിശ്വാസ സൂചികയില്‍ ഒന്നാം സ്ഥാനം നേടിയിട്ടും സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ തകര്‍ച്ച. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യപാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 3 ശതമാനം ഇടിഞ്ഞു. ഇന്ധന മേഖലയില്‍ 11.7 ശതമാനം സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടതാണ് ജിഡിപി കുറയാനുള്ള പ്രധാന കാരണമെന്ന് ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
അതേസമയം എണ്ണ ഇതര മേഖലയിലും സ്വകാര്യ മേഖലയിലും ആദ്യപാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി. എണ്ണയിതര സ്വകാര്യ മേഖലയില്‍ 2.9 ശതമാനം വളര്‍ച്ചയും സ്വകാര്യ മേഖലയില്‍ 4.4 ശതമാനം വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്
എണ്ണയുല്‍പ്പാദനം കുറഞ്ഞത് പകര്‍ച്ചവ്യാധി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗള്‍ഫ് സമ്പദ് വ്യവസ്ഥകളെയെല്ലാം വലിയ രീതിയിലുള്ള സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. ഇന്ധന മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വരവും ചിലവും കൂട്ടിമുട്ടിക്കാനാകാതെ ധനക്കമ്മി വര്‍ധിക്കുന്ന സ്ഥിതിയുണ്ടായി. ഫണ്ട് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പല സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും പാതിവഴിയില്‍ നില്‍ക്കുന്ന സ്ഥിതിയുണ്ടായി.
ആദ്യപാദത്തില്‍ സൗദി അറേബ്യയിലെ ആളോഹരി ജിഡിപി 19,895 ആയെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 0.43 ശതമാനം കുറവാണിത്. അതേസമയം കഴിഞ്ഞ വര്‍ഷം നാലാംപാദത്തേക്കാള്‍ 0.44 ശതമാനം ഭേദവുമാണിത്. സാമ്പത്തിക വളര്‍ച്ച പിന്നോട്ട് പോയെങ്കിലും അന്താരാഷ്ട്ര വ്യാപാര മേഖല ആദ്യപാദത്തിലും ശക്തമായ തിരിച്ചുവരവ് പ്രകടമാക്കി. ഉല്‍പ്പന്ന, സേവന ഇറക്കുമതിയില്‍ 9.1 ശതമാനം വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 11.3 ശതമാനം വളര്‍ച്ചയാണ് ഉല്‍പ്പന്ന, സേവന ഇറക്കുമതിയില്‍ ഉണ്ടായിരുന്നത്. കയറ്റുമതിയിലും ആദ്യപാദത്തില്‍ 1.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ കയറ്റുമതിയില്‍ 3.6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. സ്വകാര്യ അന്തിമോപഭോഗ ചിലവിടല്‍ 6.6 ശതമാനം ഉയര്‍ന്നു. മുന്‍പാദത്തില്‍ ഇത് 1.5 ശതമാനമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.