- Trending Now:
കൊച്ചി: കലയുടേയും സംസ്ക്കാരത്തിൻറേയും കരവിരുതിൻറേയും ആഗോള ആഘോഷമായ സർഗാലയ ഇൻറർനാഷണൽ ആർട്ട്സ് ആൻറ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന് കോഴിക്കോട് ഇരിങ്ങലിലുള്ള സർഗലയ ആർട്ട്സ് ആൻറ് ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്സിഡിയറിയായ സർഗാലയ സംഘടിപ്പിക്കുന്ന ഈ പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നിൽക്കും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരർ ഇവിടെ തങ്ങളുടെ കഴിവുകളും സാംസ്ക്കാരിക പാരമ്പര്യവും പ്രദർശിപ്പിക്കും.
സംസ്ഥാന വിനോദ സഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസ്സിയേഷൻ പ്രസിഡൻറും എംപിയുമായ പി ടി ഉഷ അധ്യക്ഷത വഹിച്ചു. കേരള വിനോദ സഞ്ചാര വകുപ്പിൻറെ സഹകരണത്തോടെ ഉത്തര കേരളത്തെ സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രമാക്കി വളർത്തിയെടുക്കാനുള്ള സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾചറൽ ക്രൂസിബിൾ പദ്ധതിക്ക് നൂറു കോടി രൂപയുടെ കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
ആഗോള വിനോദ സഞ്ചാര മാപ്പിൽ സർഗാലയ സ്ഥാനം പിടിച്ചതായി ഇന്ത്യൻ ഒളിമ്പിക്സ് അസോസ്സിയേഷൻ പ്രസിഡൻറും എംപിയുമായ പി ടി ഉഷ പറഞ്ഞു. മലബാറിൻറെ വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങൾ ഒരുമിപ്പിച്ച് അവതരിപ്പിക്കുവാൻ സർഗാലയക്ക് കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
ഫെസ്റ്റിവലിൽ 15 രാജ്യങ്ങളിൽ നിന്നും 24 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി ഇരുന്നൂറിലേറെ കലാകാരറാണ് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നത്. ഹാൻഡ്ലൂം പ്രദർശനം, മുളയും മരവും കൊണ്ടുള്ള കരകൗശല വസ്തുക്കൾ, അറബിക് കാലിഗ്രഫി, പാത്ര നിർമാണം, തെയ്യത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള പ്രദർശനങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ഇതിനു പുറമെ പ്രാദേശിക, ആഗോള വിഭവങ്ങളുമായുള്ള ഇരുപതു ഭക്ഷണ സ്റ്റാളുകളുമുണ്ട്.
ലൈവ് പ്രദർശനങ്ങളുടെ നിര തന്നെയാണ് ഫെസ്റ്റിവലിൻറെ ഭാഗമായുള്ളത്. ജലം അവതരിപ്പിക്കുന്ന സമകാലിക നൃത്തം, ശരണ്യ സഹസ്രയുടെ കഥക്, ക്ലാസിക്കൽ ജെംസിൻറെ ജുഗൽബന്ദി തുടങ്ങിയവ ഫെസ്റ്റിവലിൻറെ ഭാഗമായി ഇതിനോടകം അരങ്ങേറി ജനുവരി രണ്ടിന് കണ്ണൂർ ഷെരീഫിൻറെ മാപ്പിള പാട്ടുകളും ജനുവരി മൂന്നിന് നമ്രതയുടെ ഗസലുകളും നാലിന് മിനി പിഎസ് നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും അഞ്ചിന് രാജീവ് പുലവറിൻറെ പരമ്പരാഗത തോൽപ്പാവക്കൂത്തും നടത്തും.
ഫൂഡ് സ്റ്റാളുകൾ, പുസ്തകോൽസവം, കാർട്ടൂൺ അക്കാദമിയുടെ കാർട്ടൂൺ സോൺ, കുട്ടികൾക്കായുള്ള ഹാൻഡിക്രാഫ്റ്റ് പരിശീലനം എന്നിവയ്ക്ക് പുറമേ അണ്ടർ വാട്ടർ ടണൽ എക്സിബിഷനും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.