Sections

ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ആലപ്പുഴയുടെ മുഖച്ഛായ മാറും- സന്തോഷ് ജോർജ് കുളങ്ങര

Monday, Dec 11, 2023
Reported By Admin
Santhosh George Kulangara

ആലപ്പുഴ : വൈവിധ്യമാർന്ന ഭൂപ്രകൃതിയും നാടൻ കാഴ്ചകളും കൊണ്ട് സമ്പന്നമായ ആലപ്പുഴ. നാടിന്റെ ഈ സാധ്യതകൾ തിരിച്ചറിഞ്ഞ് പരിശ്രമിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായി ആലപ്പുഴ മാറുമെന്ന് ലോക സഞ്ചാരിയും വിനോദ സഞ്ചാര മേഖലയിലെ പ്രധാന വക്താവുമായ സന്തോഷ് ജോർജ്ജ് കുളങ്ങര.

നവകേരള സദസ്സിന് മുന്നോടിയായി ആലപ്പുഴ മണ്ഡലത്തിൽ 'ടൂറിസം ആലപ്പുഴയുടെ സാധ്യതകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വളരുമ്പോൾ ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉയരും. നാടിന്റെ വളർച്ചയ്ക്കൊപ്പം പുതുതലമുറയുടെ തൊഴിൽ സാധ്യതയും വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം സാധ്യതകൾ ചർച്ച ചെയ്യുന്ന ഇത്തരം വേദികൾ ഇനിയും ഉണ്ടാകണമെന്നും

നഗര ചത്വരത്തിൽ സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പറഞ്ഞു. കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ കെ. കെ. ജയമ്മ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ബായ്, ഉത്തവാദിത്ത ടൂറിസം ഡയക്ടർ രൂപേഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, അഡ്വഞ്ചർ ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ ബിനു കുരിയാക്കോസ്, കുമരകം ശ്രീ നാരായണ കോളേജ് ടൂറിസം വിഭാഗം അധ്യാപിക അനിത തുടങ്ങിയവർ പങ്കെടുത്തു.

നവ കേരള സദസിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഞായറാഴ്ച ആലപ്പുഴ മണ്ഡലത്തിൽ സംഘടിപ്പിച്ചത്. രാവിലെ ആലപ്പുഴ ബീച്ചിൽ സൈക്കിൾ റാലിയും വൈകുന്നേരം ശരീര സൗന്ദര്യ പ്രദർശനവും കബഡി മത്സരവും നടന്നു. രാവിലെ ആലപ്പുഴ നഗര ചത്വരത്തിൽ വനിതകളുടെ കൈക്കൊട്ടി കളിയും വൈകുന്നേരം കൊച്ചിൻ ഇശൽ മാലയുടെ ഒപ്പനയും ഗ്യാലക്സി ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി. വൈകുന്നേരം നഗര ചത്വരത്തിൽ ആലപ്പുഴയിലെ നാടക പ്രവർത്തകരെ ആദരിച്ചു. 'നാടിനെ മാറ്റിയ നാടകം' എന്ന വിഷയത്തിൽ നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ ഫ്രാൻസിസ് ടി. മാവേലിക്കര പ്രഭാഷണം നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.