Sections

ഫാഷന്‍ ലോകം വെട്ടിപിടിച്ച സബ്യസാചി; ബിസിനസിന് സ്വപ്‌നം ആവശ്യം ആണെന്ന് തെളിയിച്ചയാള്‍

Saturday, Dec 04, 2021
Reported By admin
sabyasachi

സബ്യസാചിയുടെ ജീവിതം നിരവധി അതിശയങ്ങളുടെ ആകെ തുക തന്നെയാണ്

 

ഫാഷന്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഒരു പേരാണ് സബ്യസാചി.ഒരാള്‍ തന്റെ 15-ാമത്തെ വയസില്‍ ഫാഷന്‍ ഡിസൈനറാകാന്‍ വീടു വിട്ടിറങ്ങി എന്ന് പറഞ്ഞലോ ?അതിശയിക്കേണ്ട സബ്യസാചിയുടെ ജീവിതം നിരവധി അതിശയങ്ങളുടെ ആകെ തുക തന്നെയാണ്.കുട്ടിക്കാലം തൊട്ടേ ഫാഷനോട് താല്‍പര്യം തോന്നിയിരുന്ന പയ്യന്‍ തന്റെ കരിയര്‍ അതു തന്നെയാകണം എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് വീടു വിട്ടിറങ്ങി.

ഗോവയിലൊരു ഹോട്ടലില്‍ വെയിറ്ററായി,പല ജോലികള്‍ ചെയ്തു സമ്പാദിച്ച തുകയുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് പരീക്ഷ എഴുതി.പഠനത്തിനു ശേഷം സ്വന്തം പേരില്‍ ഒരു ഫാഷന്‍ സ്റ്റോര്‍ തന്നെ തുറന്നു.

ഇന്ന് ലോകം മുഴുവന്‍ ആരാധിക്കുന്ന സബ്യസാചിയുടെ ഫാഷന്‍ ലോകത്തേക്കുള്ള യാത്ര അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല.ഒരു ഇടത്തരം ബംഗാളി കുടുംബത്തില്‍ നിന്ന് എല്ലാ എതിര്‍പ്പുകളെയും മറികടന്ന സബ്യസാചി മുഖര്‍ജിയെ തന്റെ ഇഷ്ടമേഖലയിലേക്ക് എത്താന്‍ സഹായിച്ചത് സഹോദരി തന്നെയാണ്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം സ്ത്രീകളുടേതെന്ന് കരുതിയിരുന്ന വസ്ത്രലങ്കാര രംഗത്ത് മകന്‍ ശ്രദ്ധയൂന്നുന്നത് ആ ചെറിയ കുടുംബത്തിന് സഹിക്കാന്‍ സാധിക്കുമായിരുന്നില്ല.നിഫ്റ്റിലെ പഠനം കഴിഞ്ഞ ശേഷം സഹോദരി നല്‍കിയ 200000 രൂപയിലാണ് സ്വന്തം ലേബലില്‍ ഒരു ഫാഷന്‍ സ്റ്റോര്‍ സബ്യസാചി ആരംഭിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹത്തെ വേട്ടയാടികൊണ്ടെയിരുന്നു.രാപകലില്ലാതെ അഞ്ച് വര്‍ഷത്തോളം അധ്വാനിച്ചു.2002ല്‍ ഇന്ത്യന്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായതോടെയാണ് സബ്യസാചിയുടെ വസ്ത്രങ്ങള്‍ ശ്രദ്ധ നേടുന്നത്.വിമണ്‍സ് വെയറിന് മികച്ച അഭിപ്രായം ലഭിച്ചതിനു പിന്നാലെ 2003ല്‍ സിംഗപ്പൂരില്‍ നടന്ന മെഴ്‌സിഡസ് ബെന്‍സ് ന്യു എഷ്യ ഫാഷന്‍ വീക്കില്‍ ഗ്രാന്‍ഡ് വിന്നര്‍ അവാര്‍ഡും സ്വന്തമാക്കി.

ഇന്ത്യയിലും പുറത്തും നടന്ന ഒരുപാട് ഫാഷന്‍ ഇവന്റുകളില്‍ സബ്യസാചി കൈയ്യടി  നേടി.2006ലെ ഓക്‌സഫഡ് യൂണിവേഴ്‌സിറ്റി അനുവല്‍ ബ്ലാക്ക് ടൈ ചാരിറ്റി ഡിന്നര്‍ ഫാഷന്‍ ഷോയില്‍ നായര്‍ സിസ്‌റ്റേഴ്‌സ് കളക്ഷന്‍ അവതരിപ്പിച്ച സബ്യസാചിയുടെ കരവിരുത് അദ്ദേഹത്തെ ആഗോളതലത്തില്‍ താരമാക്കി മമാറ്റി.ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക്,ലണ്ടന്‍ ഫാഷന്‍വീക്ക്,മിയാമി ഫാഷന്‍ വീക്ക് തുടങ്ങി ലോകോത്തരം ഇവന്റുകളില്‍ സബ്യസാബി മുഖ്യആകര്‍ഷകമായി മാറി.

ലോകത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം നെയ്ത്ത് തൊഴിലാളികളെ സഹായിക്കാനു സബ്യസാചിയിലെ സംരംഭകന്‍ ശ്രദ്ധിച്ചിരുന്നു.സേവ് ദി സാരി എന്ന പദ്ധതി ഇതിന്റെ ഭാഗമായിരുന്നു.ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചന്‍,വിദ്യ ബാലന്‍ തുടങ്ങിയ താരങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായിരുന്നു.

ബോളിവുഡിലേക്ക് സബ്യസാചിയുടെ വസ്ത്രങ്ങള്‍ ശ്രദ്ധേയമാകുന്നത് സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ്.2005ല്‍ മികച്ച കോസ്റ്റിയു ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സബ്യസാചി ഗുസാരിഷ്,ഇംഗ്ലീഷ് വിഗ്ലീഷ്,രാവണ്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി.2017ല്‍ വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ്മ വിഹാത്തിലെ പിങ്ക് ലെഹങ്ക വാര്‍ത്തകളില്‍ സബ്യസാചിയെ തലക്കെട്ടാക്കി മാറ്റി 2018ലെ ദീപിക-രണ്‍വീര്‍ സിംഗ് വിവാഹം,നിക്ക്-പ്രിയങ്ക വിവാഹം തുടങ്ങി വലിയ വാര്‍ത്തകളായി മാറിയ താരവിവാഹങ്ങളിലെല്ലാം സബ്യസാചിയുടെ കരസ്പര്‍ശം ഉണ്ടായിരുന്നു.

കൊല്‍ക്കത്ത,ന്യൂഡല്‍ഹി,മുംബൈ,ഹൈദ്രബാദ് തുടങ്ങിയ ഇടങ്ങളില്‍ ബ്രാന്‍ഡ് സ്‌റ്റോറുകള്‍ നമുക്ക് കാണാം.പോരാത്തതിന് റീട്ടെയില്‍മാരും കാലിഫോര്‍ണിയ,അറ്റ്‌ലാന്റ്,ലണ്ടന്‍,ദുബായ് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത റീട്ടെയിലര്‍മാരും സബ്യസാചി വസ്ത്രങ്ങള്‍ വിപണികളിലെത്തിക്കുന്നു.

കുറഞ്ഞത് 15 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ നെയ്ത്ത് മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും സബ്യസാചി മുന്നിലുണ്ട്.ഇന്ത്യയുടെ തനതായ ഖാദി,കൈത്തറി,സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് മുതിയ മേച്ചില്‍പ്പുറങ്ങള്‍ നേടികൊടുത്ത ക്രെഡിറ്റും ഈ ഫാഷന്‍ ഡിസൈനര്‍ക്ക് തന്നെ അവകാശപ്പെട്ടതാണ്.

മനസിലെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സബ്യസാചിയെ സഹായിച്ചത് മറ്റാരും കടന്നെത്താത്ത രീതിയിലുള്ള ആശയവും അതിലൂന്നിയ കഠിനമായ പരിശ്രമവും തന്നെയാണ്.എല്ലാവരും തെരഞ്ഞെടുക്കുന്ന വഴിയേ പോകാതെ സ്വന്തം പാതകണ്ടെത്തി അവിടെ സ്വന്തം സംരംഭം കെട്ടിപ്പടുക്കാന്‍ സബ്യസാചി എടുത്ത ധൈര്യം ഏതൊരു സംരംഭക മോഹിക്കും അത്യാവശ്യമായി വേണ്ടതാണ്.സബ്യസാചി പുതിയ ബിസിനസ് മോഹികള്‍ക്ക് ഒരു മികച്ച പ്രചോദനം തന്നെ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.