Sections

ശബരിമല തീര്‍ഥാടനം: നവംബര്‍ 10നകം സൗകര്യങ്ങള്‍ സജ്ജമാകും

Friday, Oct 28, 2022
Reported By MANU KILIMANOOR

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്താനുള്ള സാധ്യത മുന്‍നിര്‍ത്തി വിപുലമായ സൗകര്യങ്ങളാണു സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവന്‍ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വിര്‍ച്വല്‍ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളില്‍ ബുക്കിങ്ങിനു സൗകര്യമുണ്ടാകും. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സുരക്ഷിത തീര്‍ഥാടനം ഉറപ്പാക്കാന്‍ വിവിധ ഭാഷകളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃത കച്ചടവം തടയാന്‍ നടപടിയെടുക്കും. കാനനപാതകളടക്കം തീര്‍ഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുന്‍നിര്‍ത്തി ഇവിടങ്ങളില്‍ ആവശ്യമായ താത്കാലിക ടോയ്‌ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാര്‍ഡ് മെഷര്‍മെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളില്‍ പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

തീര്‍ഥാടന പാതയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഒക്ടോബര്‍ 29നു മുന്‍പ് മുറിച്ചു മാറ്റും. പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കും. വൈല്‍ഡ് വാച്ച് എസ്.എം.എസ്. സംവിധാനം ഇത്തവണയും തുടരും. വാട്ടര്‍ അതോറിറ്റിയുടെ എല്ലാ ജോലികളും ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. ശുദ്ധജല ലഭ്യതയ്ക്കു പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിക്കും. തീര്‍ഥാടന പാതയില്‍ 200 പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും. പമ്പയില്‍ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ജലവിഭവ വകുപ്പ് ഒരുക്കും. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്‌നാനഘട്ടങ്ങളിലും കുളിക്കവടുകളിലും പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.

ശബരിമല സീസണ്‍ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍നിന്നു കെ.എസ്ആര്‍.ടി.സി. സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. 500 ബസുകളാകും ശബരമല സ്‌പെഷ്യല്‍ സര്‍വീസിന് ഉപയോഗിക്കുക. 350 ബസുകള്‍ ഇതിനോടകം തയാറായി. 200 ബസുകള്‍ ചെയിന്‍ സര്‍വീസിനും 277 ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനും ഉപയോഗിക്കും. മകരവിളക്ക് ദിവസം 1000 ബസുകള്‍ സര്‍വീസ് നടത്തും. തീര്‍ഥാടകര്‍ക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കല്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കല്‍ സംഘത്തെ വിന്യസിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇവരുടെ പരിശീലനവും ഉടന്‍ ആരംഭിക്കും.പമ്പയിലേക്കുള്ള മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 16 റോഡുകളില്‍ നിലവില്‍ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനവും ലഭ്യമാക്കും. ലഹരി പദാര്‍ഥങ്ങള്‍ കര്‍ശനമായി തടയുന്നതിന് വനമേഖലയിലും മറ്റിടങ്ങളിലും എക്‌സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.

തീര്‍ഥാടകര്‍ക്കായി ദക്ഷിണ റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേക ടോയ്‌ലെറ്റ്, വെയിറ്റിങ് സംവിധാനങ്ങള്‍ സജ്ജമാക്കും. തീര്‍ഥാടകരുടെ ആവശ്യാനുസരണം താത്കാലിക സ്റ്റോപ്പുകള്‍ അനുവദിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തും. പരിശോധനയ്ക്കായി താത്കാലിക ലാബുകള്‍ തുറക്കും. എല്ലാ കച്ചവട സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഉറപ്പാക്കും. കച്ചവടക്കാര്‍ക്കും അന്നദാനം നടത്തുന്ന ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും.പത്തനംതിട്ടയിലും സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക ശുചിമുറികള്‍ ഒരുക്കും. അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക വേസ്റ്റ് കളക്ഷന്‍ ബിന്നുകള്‍ സ്ഥാപിക്കും. പമ്പയിലും ശബരിമലയിലും ഓരോ മണിക്കൂറിലും മാലിന്യ നീക്കത്തിനുള്ള സംവിധാനം സജ്ജമാക്കും. ഇന്‍ഫര്‍മേഷന്‍ - പബ്ലിക റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക മീഡിയ സെന്റര്‍ മണ്ഡല, മകരവിളക്കു കാലത്ത് സന്നിധാനത്തു പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ക്കായി മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അറിപ്പുകളും ബോധവത്കരണവും ലഘു വീഡിയോകള്‍ തയാറാക്കും.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. വിവിധ വകുപ്പുകളുമായുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്യം ബോര്‍ഡ് ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും മറ്റ് ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, എംപി, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.