- Trending Now:
റഷ്യ-യുക്രൈന്‍ സംഘര്‍ഷം ശക്തമാകവെ ആടിയുലഞ്ഞ് സാമ്പത്തിക മേഖല.ഇരു രാജ്യങ്ങളെയും പ്രത്യേകിച്ച് റഷ്യയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശക്തമായിരുന്നു. യു.എന്‍. അടിയന്തരയോഗങ്ങള്‍ തുടര്‍ന്നിട്ടും പിന്നോട്ടില്ലെന്ന റഷ്യയുടെ തീരുമാനം ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുകയാണ്.
റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ദൃശ്യമായി തുടങ്ങിയെന്ന് വേണമെങ്കില്‍ പറയാം.പ്രാദേശിക ഓഹരി വിപണികള്‍ തുടക്കം മുതല്‍ തകര്‍ച്ചയുടെ പാതയിലാണ്. ഒരോ നിമിഷവും നഷ്ടം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കടുത്ത വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും പ്രകടമാണ്. എല്ലാ മേഖലാ സൂചികകളും പ്രതിരോധത്തിലാണ്. നിലവില്‍ (3.30 പി.എം) സെന്‍സെക്സ് 2,702 പോയിന്റും നിഫ്റ്റി 839 പോയിന്റും നഷ്ടത്തിലാണ്. അടുത്തിടെ വിപണികള്‍ നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. രാജ്യാന്തര വിപണികളുടെ തകര്‍ച്ച വിദേശനിക്ഷേപകരെയും അകറ്റുന്നു.
യുദ്ധഭീതി ആദ്യ മണിക്കുറുകളില്‍ തന്നെ ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനത്തില്‍ വന്‍ വിള്ളല്‍ വരുത്തി. ഏകദേശം 10 ലക്ഷം കോടി രൂപയ്ക്കുമേല്‍ മൂലധനം ഇടിഞ്ഞു. നിലവില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂലധനം 246 കോടിക്ക് അടുത്താണ്.
സമ്മര്‍ദത്തിലായിരുന്ന രാജ്യാന്തര എണ്ണവില ഏഴു വര്‍ഷത്തിനു ശേഷം സെഞ്ചറി തികച്ചു. ഇന്നു വെളുപ്പിന് ബാരലിന് 97 ഡോളറിലായിരുന്ന എണ്ണവില മണിക്കൂറുകള്‍ക്കുള്ളില്‍ 103 പിന്നിട്ടു. നിലവില്‍ ബാരല്‍ വില 103.40ലാണ്. ഇന്നത്തെ വിലമാറ്റം 6.77 ശതമാനം. പ്രതിസന്ധി തുടര്‍ന്നാല്‍ പ്രാദേശിക എണ്ണവിലയും കുതിക്കും. യുറോപ്പ് മേഖലയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന പ്രധാന പങ്കാളിയാണ് റഷ്യ.ബിറ്റ്കോയിനടക്കമുള്ള ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.