- Trending Now:
കാസർഗോഡ്: കേരള സ്റ്റാർട്ടപ് മിഷൻ, സി.പി.സി.ആർ.ഐ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവിൻറെ (ആർഐബിസി) മൂന്നാം എഡിഷൻ ഡിസംബർ 14, 15 തിയതികളിൽ കാസർഗോഡ് സി.പി.സി.ആർ.ഐ യിൽ വെച്ച് നടക്കും. ആർഐബിസിയുടെ ആദ്യ രണ്ട് എഡിഷനുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സാമ്പത്തിക വിദഗ്ദ്ധർ, സ്റ്റാർട്ടപ് സ്ഥാപകർ, വ്യവസായ പ്രമുഖർ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഗ്രാമീണ ഇന്ത്യയുടെ വളർച്ചയ്ക്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗ്രാമീണ-കാർഷിക മേഖലകളിലെ സ്റ്റാർട്ടപ് സ്ഥാപകർ, കാർഷിക- ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളർച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകൾ, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകൾ ചർച്ച ചെയ്യുന്ന പാനലുകൾ, കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രമുൾപ്പടെ കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ കീഴിലെ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത വാണിജ്യ സാധ്യതയുള്ള സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തൽ തുടങ്ങി നിരവധി പരിപാടികളാണ് നടക്കുന്നത്.
കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ, കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റിയാസ് പിഎം, കേന്ദ്രസർവകലാശാല വൈസ് ചാൻസിലർ വിൻസൻറ് മാത്യു, ഐസിഎആർ എഡിജി നീരു ഭൂഷൺ, ഐസിഎആർ-സിപിസിആർഐ ഡയറക്ടർ കെ ബാലചന്ദ്ര ഹെബ്ബാർ, വിവിധ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർമാർ, ഫ്രഷ് ടു ഹോം സ്ഥാപകൻ മാത്യു ജോസഫ്, മറ്റു നിരവധി സ്റ്റാർട്ടപ് സ്ഥാപകർ, സോഷ്യൽ സ്റ്റാർട്ടപ് നിക്ഷേപകരിൽ പ്രമുഖരായ നാഗരാജ പ്രകാശം, സുരേഷ് കെ കൃഷ്ണ, ഹരി കൃഷ്ണൻ എന്നിവർ വ്യത്യസ്ത നിക്ഷേപക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
കോൺക്ലേവിൻറെ ഭാഗമായി റൂറൽ-അഗ്രിടെക് ഹാക്കത്തോണും സംഘടിപ്പിക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി അപേക്ഷിച്ച 160 ടീമുകളിൽ നിന്ന് 20 ടീമുകൾ ഹാക്കത്തോണിൽ പങ്കെടുക്കും.
കാർഷിക മേഖലകൾക്കു ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും, ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകൾ പരിപോഷിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് കാസർകോട്ടെ കേന്ദ്ര സർവകലാശാല ക്യാമ്പസിൽ വെച്ച് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.
സാങ്കേതിക സഹായം ആവശ്യമായവർക്ക് അതാത് മേഖലയിലെ വിദഗ്ധർ മാർഗനിർദേശം നൽകും. മികച്ച പരിഹാരം നിർദേശിക്കുകയും പ്രവർത്തന മാതൃക വികസിപ്പിക്കുകയും ചെയ്യുന്നവർക്ക് ധനസഹായം ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരള സ്റ്റാർട്ടപ് മിഷനിലോ സി.പി.സി.ആർ.ഐ ഇൻക്യൂബറ്ററിലോ പ്രവേശനവും ലഭിക്കും. കൂടാതെ കാർഷിക- ഭക്ഷ്യോത്പാദന മേഖലകളിലെ പരിഹാരം നിർദേശിക്കുന്നവർക്ക് സി.പി.സി.ആർ.ഐ യുമായി ചേർന്ന് കൂടുതൽ ഗവേഷണങ്ങൾക്കും വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പന്നം നിർമ്മിക്കുന്നതിനും അവസരവും ഉണ്ടാകും.
വനിത സംരംഭകത്വ വികസന പരിപാടി, സാമൂഹിക പ്രതിബദ്ധതയുള്ള സ്റ്റാർട്ടപ്പുകൾക്ക് വേണ്ടിയുള്ള വെഞ്ച്വർ ക്യാപിറ്റൽ ബൂട്ട്ക്യാമ്പ്, സ്റ്റാർട്ടപ് സ്ഥാപകർക്കുള്ള പ്രത്യേക മെൻറർഷിപ് സെഷനുകൾ എന്നിവ കോൺഫെറെൻസിൻറെ ഭാഗമായി നടക്കും.
രജിസ്റ്റർ ചെയ്യുന്നതിന് https://ribc.startupmission.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: ഡോ. കെ മുരളീധരൻ - +919562911181.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.