Sections

റോബോട്ടിക്സ് റൗണ്ട് ടേബിൾ വെള്ളിയാഴ്ച ~ ഒമ്പതര മുതൽ അഞ്ചര വരെ ഗ്രാൻറ് ഹയാത്തിൽ

Tuesday, Aug 20, 2024
Reported By Admin
Robotics Round Table in Kochi on Friday

കൊച്ചി: നൂതനസാങ്കേതിക വിദ്യയിൽ കേരളത്തെ ആഗോള ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിൾ ഏകദിനസമ്മേളനം വെള്ളിയാഴ്ച കൊച്ചിയിൽ നടക്കും. വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചിയിലെ ഗ്രാൻറ് ഹയാത്ത് കൺവെൻഷൻ സെൻററിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ നടക്കുന്ന സമ്മേളനം വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ് ഹരികിഷോർ, കെഎസ്ഐഡിസി ചെയർമാൻ പോൾ ആൻറണി, എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. റോബോട്ടിക്സ് സാങ്കേതികമേഖലയിൽ കേരളത്തിൽ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് പത്തോളം ആഗോളവിദഗ്ധർ റൗണ്ട് ടേബിളിൽ സംസാരിക്കും.

അർമാഡ എഐ യുടെ വൈസ്പ്രസിഡൻറ് പ്രാഗ് മിശ്ര, ഇൻഡസ്ട്രിയൽ എഐ അക്സഞ്ചർ എം ഡി ഡെറിക് ജോസ്, സ്റ്റാർട്ടപ്പ് മെൻററും ഇംപാക്ട് ഇനോവേറ്ററുമായ റോബിൻ ടോമി എന്നിവർ പ്രഭാഷണം നടത്തും.

ഭാവിയിലെ നൂതനത്വവും സർക്കാർ വ്യവസായ കൂട്ടായ്മയിലൂടെയുള്ള വാണിജ്യ വളർച്ചയും എന്ന വിഷയത്തിൽ കേരള ടെക്നിക്കൽ സർവകലാശാല, ഡിജിറ്റൽ സർവകലാശാല എന്നിവയുടെ വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, ഇൻകെർ റോബോട്ടിക്സ് സിഇഒ രാഹുൽ ബാലചന്ദ്രൻ, ഐറ സിഇഒ പല്ലവ് ബജൂരി, കുസാറ്റ് പ്രൊഫ. എം വി ജൂഡി തുടങ്ങിയവർ സംസാരിക്കും.

കേരളത്തിലെ റോബോട്ടിക്സ് സാങ്കേതികവിദ്യയിലെ മുൻനിരക്കാരായ ജെൻ റോബോട്ടിക്സ് സഹസ്ഥാപകൻ നിഖിൽ എൻ പി, അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണൻ ടി, ഗ്രിഡ്ബോട്ട് ടെക്നോളജീസ് സിടിഒ പുൾകിത് ഗൗർ, ഐറോവ് സഹസ്ഥാപകൻ ജോൺസ് ടി മത്തായി തുടങ്ങിയവർ തങ്ങളുടെ അനുഭവം പങ്ക് വയ്ക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക മോഡറേറ്ററാകും.

നാനൂറിലധികം പ്രതിനിധികൾ, 35 എക്സിബിഷനുകൾ, അക്കാദമിക-വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ പ്രാതിനിധ്യം തുടങ്ങിയവ റോബോട്ടിക്സ് റൗണ്ട് ടേബിളിലുണ്ടാകും. 195 സ്റ്റാർട്ടപ്പുകളും റൗണ്ട് ടേബിളിൽ പങ്കെടുക്കും. സ്റ്റാർട്ടപ്പുകൾക്കും ഐഇഡിസികൾക്കും തങ്ങളുടെ നൂതനാശയങ്ങളും പ്രവർത്തനമാതൃകകളും നിർദ്ദിഷ്ട പാനലിനു മുമ്പിൽ അവതരിപ്പിച്ച് നിക്ഷേപം ആകർഷിക്കുന്നിനുള്ള സംവിധാനവും സമ്മേളനത്തിൽ ഒരുക്കിയിട്ടുണ്ട്.

സർക്കാരും നൂതനസാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ പ്രധാന സമ്മേളനമാണ് റോബോട്ടിക്സ് റൗണ്ട് ടേബിൾ. ഐ ബി എമ്മുമായി ചേർന്ന് ജൂലായ് മാസത്തിൽ കൊച്ചിയിൽ നടത്തിയ ജെനറേറ്റീവ് എഐ അന്താരാഷ്ട്ര കോൺഫറൻസ് ഈ പ്രവർത്തന പരമ്പരയുടെ ആദ്യ പടിയായിരുന്നു. ഇതിൻറെ തുടർച്ചയായി സംസ്ഥാനത്ത് 12,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന സംരംഭകരെ ഒന്നിച്ചു ചേർത്ത് നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകർഷിച്ചു. ചെന്നൈയിൽ നടത്തിയ റോഡ് ഷോ നിരവധി സംരംഭകരെയും നിക്ഷേപകരെയും ആകർഷിച്ചു. ഇനി മുംബൈ, ഡൽഹി, ദുബായ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. ഈ സമ്മേളനപരമ്പരയിലെ പ്രവർത്തനങ്ങളുടെ സമഗ്രമായ ഒത്തു ചേരലാകും 2025 ഫെബ്രുവരിയിൽ നടത്താൻ പോകുന്ന ഗ്ലോബൽ ഇൻവസ്റ്റേഴ്സ് മീറ്റ്.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.