- Trending Now:
സാഹസിക വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് പരമാവധി സാധ്യതകൾ യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫറോക്ക് ചാലിയാറിൽ ആരംഭിച്ച റിവർ വേൾഡ് അഡ്വെഞ്ചർ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹസിക വിനോദസഞ്ചാരം ആഗോളതലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന ഘട്ടമാണിത്. മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് യോജിച്ച മുന്നേറ്റം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ കാണുന്ന വിവിധ സാഹസിക വിനോദങ്ങൾ സംസ്ഥാനത്ത് സാധ്യമാക്കുന്ന ഇടപെടലുകൾ ടൂറിസം വകുപ്പിന്റെ കീഴിൽ നടത്തിവരികയാണ്. ടൂറിസം വികസിക്കുന്നത് പ്രാദേശിക വാണിജ്യ മേഖലകൾക്കും പൊതുജനങ്ങൾക്കും വലിയ നിലയിൽ ഗുണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം പുതുമരാമത്ത് വകുപ്പുകൾ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന ആദ്യ സാഹസിക ടൂറിസം സംരംഭമാണ് ചാലിയാർ തീരത്തുള്ള റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക്. സംസ്ഥാനത്ത് ആദ്യമായി പുഴക്ക് പുറകെയുള്ള ഏറ്റവും ദൈർഘ്യമേറിയ സിപ്പ് ലൈൻ, റോപ്പ് കാർ, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, ശിക്കാര ബോട്ടിംഗ്, കിഡ്സ് പാർക്ക്, 180 അടി ഉയരത്തിലുള്ള റസ്റ്റോറന്റ്, ശീതീകരിച്ച കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. നൂറിൽ പരം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും സജ്ജമാണ്.
ഫറോക്ക് പുതിയ ഗവൺമെന്റ് റസ്റ്റ് ഹൗസിന് സമീപത്താണ് സാഹസിക വിനോദ കേന്ദ്രം. 310 മീറ്റർ നീളത്തിൽ പുഴയുടെ മുകളിലൂടെ ഈ സാഹസിക ഉപാധികൾ ഉപയോഗിക്കാം. ചാലിയാറിൽ നിന്ന് ഊർക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിലുള്ള ഹൗസ് ബോട്ടിംഗ് സൗകര്യവുമുണ്ട്.
ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി റസാക്ക്, വി കെ സി മമ്മദ് കോയ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, ഫാറൂക്ക് മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ റീജ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുനീർ, ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ കൺവീനർ എം ഗിരീഷ്, നമ്മൾ ബേപ്പൂർ സാരഥി ടി രാധാഗോപി തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.