- Trending Now:
സംസ്ഥാനത്ത് അരി വില വർദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തതായി ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ ജില്ലാ കളക്ടർമാരുടേയും, ജില്ലാ സപ്ലൈ ഓഫീസർമാരുടേയും, ലീഗൽ മെട്രോളജി കൺട്രോളറുടേയും യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്. കേരളത്തിൽ മാത്രമായി വില വർദ്ധനവിന് പ്രത്യേക കാരണങ്ങളൊന്നും സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
റേഷൻ കടകളിലൂടെയും സപ്ലൈകോ മാവേലി സ്റ്റോറുകളിലൂടെയും സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലൂടെയും കൂടുതൽ അരി റേഷൻ കാർഡുടമകൾക്ക് എത്തിക്കുന്നതിനു നടപടികൾ സ്വീകരിച്ചു. വില നിലവാരം കൃത്യമായി പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ ശക്തമായ നടപടികളെടുക്കും. കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കും. എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തണമെന്നും താലൂക്ക് തലങ്ങളിൽ കൃത്യമായ അവലോകന യോഗം നടത്തി സ്ഥിതി വിലയിരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ പി. ബിജു, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ സെക്രട്ടറി അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡി. സജിത് ബാബു, ലീഗൽ മെട്രോളജി കൺട്രോളർ ജോൺ സാമുവൽ, ജില്ലാ കളക്ടർമാർ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസഥർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.