Sections

സമുദ്രോത്പ്പന്ന കയറ്റുമതിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 160 കോടി ഡോളറിന്റെ വര്‍ദ്ധനവ്

Saturday, Feb 05, 2022
Reported By Admin

 മുന്‍വര്‍ഷത്തെ സമാനകാലത്ത് 450 കോടി ഡോളറായിരുന്നു

 

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം (2021-22) ഏപ്രില്‍-സെപ്തംബറില്‍ 35 ശതമാനം വര്‍ദ്ധിച്ച് 610 കോടി ഡോളറിലെത്തി. മുന്‍വര്‍ഷത്തെ സമാനകാലത്ത് 450 കോടി ഡോളറായിരുന്നു. 160 കോടി ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ മാത്രം 28 ശതമാനം ഉയര്‍ന്ന് 72.05 കോടി ഡോളറാണ് വരുമാനം. അമേരിക്ക, ചൈന, ജപ്പാന്‍, വിയറ്റ്നാം, തായ്ലന്‍ഡ് എന്നിവയാണ് ഏറ്റവും വലിയ അഞ്ചു വിപണികളെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

മൊത്തം കയറ്റുമതി മൂല്യത്തില്‍ 74 ശതമാനവും ലഭിച്ചത് ശീതീകരിച്ച ചെമ്മീനില്‍ നിന്നാണ്. ശീതീകരിച്ച മത്സ്യം ഏഴ് ശതമാനവും കൂന്തല്‍ അഞ്ചു ശതമാനവും പങ്കുവഹിച്ചു. സമുദ്രോത്പന്ന മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് 2020 മേയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന അവതരിപ്പിച്ചിരുന്നു. സമീപവര്‍ഷങ്ങളില്‍ തന്നെ ഒരുലക്ഷം കോടി രൂപ കയറ്റുമതി വരുമാനം നേടുക, അധികമായി 70 ലക്ഷം ടണ്‍ മത്സ്യം ഉത്പാദിപ്പിക്കുക, 55 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് മുഖ്യലക്ഷ്യങ്ങള്‍.


റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, റെഡി ടു സെര്‍വ് വിഭാഗങ്ങളിലായി ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യോത്പന്ന കയറ്റുമതി 2020-21ല്‍ 214 കോടി ഡോളര്‍ വരുമാനം നേടിയെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബറില്‍ വരുമാനം 100 കോടി ഡോളറാണ്. 2020-21ലെ സമാനകാലത്ത് വരുമാനം 82.3 കോടി ഡോളറായിരുന്നു.

ബിസ്‌കറ്റ്, ശര്‍ക്കര, പ്രാതല്‍വിഭവങ്ങള്‍, പാന്‍ മസാല, വെറ്റില എന്നിവയാണ് റെഡി ടു ഈറ്റ് ഇനത്തിലുള്ളത്. അമേരിക്ക, മലേഷ്യ, യു.എ.ഇ., ശ്രീലങ്ക, ഓസ്ട്രേലിയ, സുഡാന്‍, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നിവയാണ് റെഡി ടു ഈറ്റ് ഉത്പന്നങ്ങളുടെ പ്രധാന വിപണികള്‍.മലേഷ്യ, യു.എ.ഇ., ഇന്‍ഡോനേഷ്യ, ബ്രിട്ടന്‍ എന്നിവയാണ് റെഡി ടു കുക്ക് ഉത്പന്നങ്ങള്‍ ഏറെ വാങ്ങുന്നത്. മലേഷ്യ, നേപ്പാള്‍ എന്നിവയാണ് ഏറ്റവും വലിയ ശര്‍ക്കര പ്രിയര്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.