Sections

രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ട കമ്പനികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

Monday, Jul 05, 2021
Reported By Ambu Senan
company incorporation

ലോക്ക്ഡൗണിലും കമ്പനികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്  

കോവിഡ് കാലത്തും രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ടത് 1.47 ലക്ഷം കമ്പനികള്‍. 2019-20നേക്കാള്‍ 43 ശതമാനം അധികമാണിതെന്ന് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി. 2019-20ല്‍ പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനം ഇടിവ് നേരിട്ടപ്പോഴാണ്, കോവിഡ് കാലത്ത് പുതു കമ്പനികളുടെ എണ്ണം കുതിച്ചുയര്‍ന്നതെന്ന കൗതുകവുമുണ്ട്.

ആരോഗ്യവും സാമൂഹിക സേവനവും, കാര്‍ഷികം, വിദ്യാഭ്യാസം, മൊത്ത വ്യാപാരം, ചില്ലറ വ്യാപാരം, റിക്രിയേഷന്‍, മലിനജല നിവാരണം, പൊതുശുചിത്വ നിലവാരം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ കമ്പനികളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം രൂപീകരിക്കപ്പെട്ടത്. ആരോഗ്യവും സാമൂഹിക സേവനവും മേഖലയില്‍ പുതു കമ്പനികളുടെ എണ്ണം ആറ് മടങ്ങ് വര്‍ദ്ധിച്ചു. കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലയില്‍ പുതുതായി പിറന്നത് 2019-20നേക്കാള്‍ ഇരട്ടി വര്‍ദ്ധിച്ച് 11,037 കമ്പനികളാണ്. വിദ്യാഭ്യാസ രംഗത്തെ പുതിയ കമ്പനികളുടെ എണ്ണം മൂന്നു മടങ്ങ് ഉയര്‍ന്നു. ഫുഡ് ആന്‍ഡ് ബീവറേജസ് മേഖലയിലെ പുതിയ കമ്പനികളുടെ വര്‍ദ്ധന 68 ശതമാനം.

റിക്രിയേഷന്‍, സ്പോര്‍ട്ടിംഗ് മേഖലയില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനയാണ് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനിലുണ്ടായത്. കൊവിഡ് പശ്ചാത്തലത്തില്‍, ഈ മേഖലയില്‍ ഒട്ടേറെ ഓണ്‍ലൈന്‍ ബിസിനസ് മോഡലുകള്‍ പിറന്നതാണ് കരുത്തായത്. മലിനജല നിവാരണം, മാലിന്യസംസ്‌കരണം, പൊതുശുചിത്വ നിലവാര മേഖലയില്‍ കൊവിഡ് കാലത്ത് പുതിയ കമ്പനികളുടെ എണ്ണമുയര്‍ന്നത് 10 മടങ്ങാണെന്ന പ്രത്യേകതയുമുണ്ട്. മൊത്ത, ചില്ലറ വ്യാപാര രംഗത്തെ പുതു കമ്പനികളുടെ എണ്ണവളര്‍ച്ച 30 ശതമാനമാണ്.

കൊവിഡ് കാലം പുതിയ ബിസിനസ് മേഖലകളിലേക്ക് ചുവടുവയ്ക്കാനും മികച്ച വരുമാനം സ്വന്തമാക്കാനുള്ള മികച്ച അവസരമായി ഒട്ടേറെപ്പേര്‍ കണ്ടതാണ്, പുതിയ കമ്പനികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഒഫ് ബിസിനസിലെ ഫിനാന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശാശ്വത് അലോക് പറഞ്ഞു.

അതേസമയം ഗതാഗതം, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടല്‍, റെസ്റ്റോറന്റ്, ധനകാര്യ മേഖലകളില്‍ പുതിയ കമ്പനികളുടെ എണ്ണമിടിഞ്ഞു. കൊവിഡും ലോക്ക്ഡൗണും മൂലം ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഈ മേഖലകളാണെന്നതാണ് ഇതിന് പ്രധാന കാരണം. 2020 ജൂലായ്-ഡിസംബര്‍ കാലയളവിലാണ് കഴിഞ്ഞവര്‍ഷം പുതിയ കമ്പനികളില്‍ മിക്കവയും രജിസ്റ്റര്‍ ചെയ്തത്. പുതിയ കമ്പനികളില്‍ 18 ശതമാനവും മഹാരാഷ്ട്രയിലാണ്. ഉത്തര്‍പ്രദേശ് (10 ശതമാനം), ഡല്‍ഹി (10 ശതമാനം), കര്‍ണാടക (8 ശതമാനം), തമിഴ്‌നാട് (6 ശതമാനം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്. മൊത്തം പുതിയ കമ്പനികളില്‍ പകുതിയും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.