Sections

സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച് അരിക്കും പലവ്യഞ്ജനത്തിനും പച്ചക്കറിക്കും വില കുതിക്കുന്നു

Wednesday, Oct 26, 2022
Reported By MANU KILIMANOOR

പച്ചക്കറികളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രതിഫലനം വിപണിയിലില്ല

സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച് അരിക്കും പലവ്യഞ്ജനത്തിനും പച്ചക്കറിക്കും വില കുതിക്കുന്നു. രണ്ടുമാസത്തിനിടെ അരി വില കിലോക്ക് 20-25 രൂപ വരെയാണ് വര്‍ദ്ധിച്ചത്.ഏറെ ആവശ്യക്കാരുള്ള ജയ, മട്ട അരിക്ക് തിരുവനന്തപുരത്തെ ചില്ലറ വില 57 - 60 രൂപ വരെയാണ്. ഉപ്പ് തൊട്ടു കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്രമാതീതമായി വില വര്‍ദ്ധിച്ചെങ്കിലും വിപണി ഇടപെടലുകളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്കെത്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉത്പാദനം കുറഞ്ഞതും ദസറ- ദീപാവലി ആഘോഷങ്ങളുമാണ് സാധന വില വര്‍ദ്ധനയ്ക്ക് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ജി.എസ് .ടി യിലുണ്ടായ വര്‍ദ്ധനയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.ജയ അരി ആന്ധ്രാപ്രദേശില്‍ നിന്നാണ് എത്തുന്നത്. കര്‍ണ്ണാടകയില്‍ നിന്നാണ് മട്ട അരിയുടെ വരവ്. സപ്ലൈകോ മാര്‍ക്കറ്റുകളില്‍ 25 രൂപയ്ക്ക് സബ്‌സിഡി അരി വില്‍ക്കുന്നുണ്ടെങ്കിലും ഒരു റേഷന്‍ കാര്‍ഡിന് 10 കിലോ മാത്രമേ ലഭിക്കൂ. മാവേലി സ്റ്റോറുകളില്‍ പലപ്പോഴും സബ്‌സിഡി അരി ലഭിക്കാറില്ലെന്നും പരാതിയുണ്ട്.റേഷന്‍ കടകള്‍ വഴി ലഭിക്കുന്ന അരിയാണ് ഇപ്പോള്‍ സാധാരണക്കാരന്റെ ആശ്രയം. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന അരിയുടെ അളവാകട്ടെ ഉപഭോഗത്തിന്റെ പത്തു ശതമാനം പോലും വരില്ല. പലവ്യഞ്ജനത്തിന്റെ വിലയും റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്.

ഉപ്പ്, മുളക്, പയര്‍, ഉഴുന്ന് എന്നിവയ്‌ക്കെല്ലാം വില വര്‍ദ്ധിച്ചിട്ടുണ്ട്. രണ്ടുമാസം മുന്‍പ് 96 ആയിരുന്ന ചെറുപയറിന് ഇപ്പോള്‍ 110 രൂപയാണ് വില. വറ്റല്‍ മുളകിന് വില കിലോയ്ക്ക് 320 ന് മുകളിലാണ്. ഉപ്പിന് കിലോയ്ക്ക് 5 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. സോപ്പുകളുടെ വിലയും കുതിച്ചുയരുകയാണ്.ഓണവും വിവാഹ സീസണുമൊക്കെയായി ചിങ്ങത്തില്‍ കുതിച്ചുയര്‍ന്ന പച്ചക്കറിവില തുലാമായിട്ടും കുറഞ്ഞിട്ടില്ല. ചില ഇനങ്ങള്‍ക്ക് വിലയില്‍ നേരിയ ആശ്വാസം ഉണ്ടെങ്കിലും മറ്റു പലതിനും വന്‍കുതിപ്പാണ്. ചെറിയ ഉള്ളിക്ക് രണ്ടാഴ്ച മുന്‍പ് കിലോയ്ക്ക് 60 രൂപയായിരുന്നത് ഇപ്പോള്‍ 100-110 രൂപയായി കൂടി.സവാളയ്ക്ക് 15 രൂപ വരെ കൂടി. രണ്ടാഴ്ചയ്ക്കിടെ ഹോര്‍ട്ടികോര്‍പ്പില്‍ വഴുതനയ്ക്ക് വില 54ല്‍ നിന്നും 64 ആയി വര്‍ദ്ധിച്ചു. പൊതുവിപണിയില്‍ ഇതിന് 70-75 രൂപയാണ്. വലിയ മുളകിന് പൊതുവിപണിയില്‍ 135 ഉം ഹോര്‍ട്ടികോര്‍പ്പില്‍ 124 രൂപയുമാണ്.പച്ചക്കറികളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിച്ചുവെന്ന് കൃഷിവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനം പൊതുവിപണിയിലില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.