- Trending Now:
പ്രായം വര്‍ദ്ധിക്കുമ്പോള്‍ പണിയെടുത്ത് വരുമാനം കണ്ടെത്താന്‍ സാധിക്കാതെ ആകുന്ന സാഹചര്യത്തില്‍ മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ആരെയും ആശ്രയിക്കാതെ ഒരു നിശ്ചിത തുക കണ്ടെത്താന്‍ പെന്‍ഷനോ,നിക്ഷേപങ്ങളോ ഇല്ലാത്ത വയോധികര്‍ കഷ്ടപ്പെടും.വീടോ,സ്വത്ത് വകകളോ ഉണ്ടെങ്കില്‍ പോലും പ്രായം കൂടുതലായതിനാല്‍ വായ്പകള്‍ പോലും നല്‍കാന്‍ ബാങ്കുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ മടിക്കുന്നു.ജീവിത സായ്ഹ്നത്തില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ നിരവധി അനുഭവകഥകള്‍ നിങ്ങളൊക്കെ കേട്ടിട്ടുണ്ടാകും.എന്നാല്‍ ഇത്തരം വയോധികര്‍ക്ക് ബാങ്ക് റിവേഴ്‌സ് മോഗിജ് എന്നൊരു വായ്പ അനുവദിക്കുന്നുണ്ട്.അധികം പേര്‍ക്കും പരിചയമില്ലാത്ത ഈ വായ്പ നമുക്ക് ഒന്ന് എന്താണെന്ന് നോക്കിയാലോ ?
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തലതിരിഞ്ഞ വായ്പകളാണ് റിവേഴ്‌സ് മോഗിജ്.അതായത് ഭവന വായ്പ നമ്മള്‍ ബാങ്കില്‍ നിന്ന് അപേക്ഷിച്ച് അത് ലഭിച്ചു കഴിഞ്ഞാല്‍ നിശ്ചിത കാലാവധിക്കുള്ളില്‍ തുല്യ മാസഗഡുക്കളായി തിരിച്ചടയ്ക്കുന്നതാണല്ലോ രീതി.ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായി ഇപ്പോഴുള്ള വീടോ,ഫ്‌ളാറ്റോ ജാമ്യമാക്കി റിവേഴ്‌സ് മോഗിജ് വായ്പ നല്‍കുന്നു.വായ്പാതുക മാസംതോറും അല്ലെങ്കില്‍ ആവശ്യമുള്ള ഇടവേളകളില്‍ ഗഡുക്കളായി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.ചികിത്സ ചെലവിനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ ഒരു നിശ്ചിത ആദ്യമേ നല്‍കിയ ശേഷം ബാക്കി ഗഡുക്കളായി നല്‍കുന്ന രീതിയും റിവേഴ്‌സ് മോഗിജിനുണ്ട്.
സാധാരണ വായ്പകളില്‍ കാലാവധി എന്നാല്‍ തിരിച്ചടവ് ആണെങ്കില്‍ റിവേഴ് മോഗിജില്‍ വായ്പ വിതരണം ചെയ്യുന്ന കാലയളവ് തന്നെയാണ് കാലാവധി കൊണ്ട് ഉദ്ദേശിക്കുന്നത്.വായ്പാ കാലാവധിയുടെ അവസാനം ജാമ്യമായി നല്‍കിയ വീട് വിറ്റ് പലിശയും മുതലും ചേര്‍ന്ന തുക ബാങ്ക് ഈടാക്കുകയും ചെയ്യും.പണം തിരിച്ചടച്ചാല്‍ ജാമ്യവസ്തു തിരികെ നല്‍കുകയും ചെയ്യും.
60 വയസ് കഴിഞ്ഞവര്‍ക്കാണ് റിവേഴ്‌സ് മോഗിജിന് അര്‍ഹതയുള്ളത്.ദമ്പതികളായവര്‍ക്കു കൂട്ടായ പേരിലാകും വായ്പ അനുവദിക്കുക.ദമ്പതികളില്‍ ഒരാള്‍ക്കെങ്കിലും 60 വയസ് കഴിഞ്ഞിരിക്കണം.മറ്റെയാള്‍ക്ക് 55 വയസില്‍ കുറയാത്ത പ്രായവും ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.
സ്വന്തം പേരില്‍ മറ്റ് ബാധ്യതകളൊന്നുമില്ലാത്ത വീടോ,ഫ്‌ളാറ്റോ ഒക്കെ ഉണ്ടെങ്കില്‍ അത് ജാമ്യമാക്കി കൊണ്ട് ഈ വായ്പ ലഭിക്കും.ഈ ജാമ്യവസ്തു അപേക്ഷകന്റെ പ്രധാന താമസസ്ഥലം തന്നെയായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
ജാമ്യവസ്തുവിന്റെ വിലയുടെ 70 ശതമാനമാണ് പൊതുവെ വായ്പയായി അനുവദിക്കുന്നത്.പരമാവധി 1 കോടി രൂപ വരെ വായ്പയായി ലഭിക്കും.ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ജാമ്യവസ്തുവിന്റെ അപ്പോഴത്തെ വിപണിവില മൂല്യനിര്‍ണയം നടത്തി അനുവദിച്ച വായ്പ തുക വ്യത്യാസപ്പെടുത്താന്‍ ബാങ്കിന് അധികാരം ഉണ്ടായിരിക്കും.
വായ്പ തുകയുടെ 50 ശതമാനമോ അല്ലെങ്കില്‍ 15 ലക്ഷം രൂപയോ ഇതിലേതാണോ കുറവ് അത് അടിസ്ഥാനമാക്കി ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി തുടക്കത്തില്‍ ഒന്നിച്ച് സ്വീകരിക്കാം.ബാക്കി തുക കാലാവധിയില്‍ ഗഡുക്കളായി നല്‍കും.മാസന്തോറും നല്‍കുന്ന തുക 50000 തുകയില്‍ പരിമിതപ്പെടുത്തും.ജാമ്യവസ്തുവായ വീടിനു മുകളിലുള്ള നിലവിലെ വായ്പകള്‍ തിരിച്ചടയ്ക്കാനും വായ്പ തുക ഭാഗീകമായി ഉപയോഗിക്കാന്‍ സാധിക്കും.വായ്പ തവണകള്‍ക്ക് ആദായ നികുതി ബാധകമല്ലെന്ന പ്രത്യേകതയുമുണ്ട്.
ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു സംശയം ഉണ്ടാകും ഇതെത്രകാലം വരെ വായ്പ തുക ഗഡുക്കളായി വിതരണം ചെയ്യും എന്നത്. സാധാരണയായി പരമാവധി 20 വര്‍ഷം വരെയാണ് വായ്പതുക ലഭിക്കുക.സര്‍ക്കാര്‍ നോട്ടിഫിക്കേഷനുകളില്‍ അനുസരിച്ച് അപേക്ഷകരുടെ ശിഷ്ടകാല ജീവിതം മുഴുവന്‍ ഗഡുക്കള്‍ നല്‍കണം എന്നാണ് പക്ഷെ പല ബാങ്കുകളും 10 മുതല്‍ 20 വര്‍ഷം വരെ ചുരുക്കിയാണ് വായ്പ അനുവദിക്കുന്നത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്റ് സ്വാഭിമാന്‍ പ്ലസ് റിവേഴ് മോഗിജ് വായ്പയും ആന്വിറ്റിയും സംയോജിപ്പിച്ചുകൊണ്ടുള്ള സേവനം ആണ് നല്‍കുന്നത്.ഇതനുസരിച്ച് വായ്പ തുക ഒന്നിച്ച് അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികളുടെ ആന്വിറ്റി പെന്‍ഷന്‍ പോളിസിയില്‍ നിക്ഷേപിക്കാം.ഇത്തരത്തില്‍ നിക്ഷേപം നടത്തിയാല്‍ ഉയര്‍ന്ന മാസതവണ ലഭിക്കും എന്ന പ്രത്യേകതയുണ്ട്.റിവേഴ്‌സ് മോഗിജ് വായ്പ ഇത്തരത്തില്‍ ആന്വിറ്റി പോളിസിയിലേക്ക് മാറ്റാന്‍ സാധിക്കുന്ന രീതിയില്‍ ലഭ്യമാണോ എന്ന് വായ്പയ്ക്കായി അപേക്ഷിക്കുന്ന ബാങ്കുകളില്‍ അന്വേഷിച്ച് ഉറപ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് Cent Swabhiman Plus
ജീവിത പങ്കാളി ഉള്‍പ്പെടെ വായ്പയില്‍ കൂട്ടുപേരുള്ളവരുടെ കാലശേഷം മാത്രമെ വായ്പ നല്‍കിയ ബാങ്കുകള്‍ ജാമ്യവസ്തുക്കള്‍ ഏറ്റെടുക്കു.ഇനി അഥവ വൃദ്ധസദനം,ബന്ധുക്കളുടെ വീടുകള്‍ എന്നിവയിലേക്ക് താമസം മാറിയാല്‍ ധനകാര്യസ്ഥാപനങ്ങള്‍ ജാമ്യവസ്തു ഏറ്റെടുക്കും.ആസ്തി വിറ്റുകിട്ടുന്ന തുകയില്‍ തിരിച്ചടവ് കഴിഞ്ഞുള്ള തുക ഉണ്ടെങ്കില്‍ അനന്തരാവകാശികള്‍ക്ക് നല്‍കും.ബാധ്യത തീര്‍ന്ന് ജാമ്യവസ്തു അനന്തരാവകാശികള്‍ക്ക് വേണമെങ്കിലും തിരിച്ചെടുക്കാന്‍ റിവേഴ്‌സ് മോഗിജില്‍ സാധിക്കും.വീടു വിറ്റുകിട്ടുന്ന പണം കൊണ്ട് വായ്പതുക പൂര്‍ണമായും തിരിച്ചടയ്ക്കാന്‍ സാധിക്കില്ലെങ്കിലും ബാങ്കുകള്‍ക്ക് മറ്റ് നടപടികളെടുക്കാന്‍ റിവേഴ്‌സ് മോഗിജ് വായ്പയില്‍ അനുവാദമില്ല.
ഇത്തരം ചില കുരുക്കുകള്‍ നിലനില്‍ക്കുന്നതുകൊണ്ട് തന്നെ ബാങ്കുകള്‍ സാധാരണ ഭവന വായ്പകളെക്കാളും ഉയര്‍ന്ന പലിശ നിരക്കാണ് റിവേഴ്‌സ് മോഗിജുകള്‍ക്ക് ഈടാക്കുന്നത്.ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് മറ്റ് ഭവനവായ്പ സ്ഥാപനങ്ങളും ബാങ്കിംഗ് ഇതരധനകാര്യസ്ഥാപനങ്ങളും ഈടാക്കുന്നത്.
മക്കളോ മറ്റ് അനന്തരാവകാശികളോ ഇല്ലാത്തവര്‍ക്ക് ജീവിതസായാഹ്നത്തില്‍ റിവേഴ്‌സ് മോഗിജ് വായ്പ ഗുണകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.