- Trending Now:
കൃഷി, ആരോഗ്യം, മറ്റു മേഖലകൾ തുടങ്ങി നാടിന്റെ വിവിധ മേഖലയിലെ പ്രശ്ന പരിഹാരത്തിന് ഗവേഷണത്തിന്റെ ഫലമെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോളജ് ട്രാൻസ്ലേഷൻ റിസർച്ചുമായി ബന്ധപ്പെട്ട് നടക്കുന്ന ദ്വിദിന ദേശീയ ക്രോസ് ഡിസിപ്ലിനറി കോൺഫറൻസിന്റെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക പ്രതിബദ്ധതയുള്ള ഗവേഷണങ്ങളും ഉണ്ടാകണം. ഇതിനാവശ്യമായ പ്രോത്സാഹനം സർക്കാർ നൽകും. സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തം ആരോഗ്യ രംഗത്തും വികസനകാര്യങ്ങളിലും വലിയ പുരോഗതി നേടാൻ സംസ്ഥാനത്തിനു കഴിഞ്ഞു. ആരോഗ്യ രംഗത്തെ പുരോഗതി കോവിഡ് വ്യാപന ഘട്ടത്തിൽ ബോധ്യമായതാണ്. പല വികസിത രാഷ്ട്രങ്ങളും കോവിഡിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ ഒരു ഘട്ടത്തിലും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾക്കപ്പുറം കോവിഡ് കടന്നില്ല. കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതയാണിത്. മുൻ വർഷങ്ങളിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയെ സമ്പുഷ്ടമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ഗുണകരമായി.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനവും പ്രത്യേകതയുള്ളതാണ്. തദ്ദേശീയ സർക്കാരുകളായി പ്രവർത്തിക്കാനുള്ള സമ്പത്തും അധികാരവും പകർന്നു കിട്ടിയ നാടാണിത്. സുസ്ഥിര വികസനത്തിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. സർവതല സ്പർശിയും സാമൂഹിക നീതിയിൽ അധിഷ്ഠിതവുമായ വികസനം എന്ന കാഴ്ചപ്പാടോടെ നടത്തിയ പ്രവർത്തനങ്ങളും നവകേരള സൃഷ്ടിക്കായി നടത്തിയ ശ്രമങ്ങളും നേട്ടമായി. സമൂഹത്തിന്റെയാകെ ഇടപെടലിലൂടെ, വലിയ ശ്രമത്തിലൂടെ സമ്പൂർണ്ണ സാക്ഷരത നേടാനും നമുക്ക് കഴിഞ്ഞു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾ ഭയത്തോടെ ജീവിക്കുമ്പോൾ ഭയമില്ലാതെ മതനിരപേക്ഷത നിലനിൽക്കുന്ന നാടാണിത്. അതിന്റെ ഭാഗമായി ശാസ്ത്രീയാഭിമുഖ്യം വളർത്തിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നത് മതനിരപേക്ഷതയിൽ ഊന്നിയും ശാസ്ത്രീയാഭിമുഖ്യം വിപുലമാക്കിയുമാണ്.
വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിച്ചെങ്കിലും കാലാനുസൃതമായ മാറ്റങ്ങൾ ആർജിക്കാനായില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത്. കൂടുതൽ പുരോഗതി കൈവരിക്കാനാകുമെന്ന പൂർണ്ണ ബോധ്യമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും നല്ല പുരോഗതി നേടാനായി. കാലാനുസൃതമായ പുരോഗതി നേടേണ്ടതുണ്ട്. പഠിക്കാനായി വിദ്യാർഥികൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. കൂടുതൽ മെച്ചപ്പെട്ട നിലവാരം ലക്ഷ്യമിട്ടാണിത്. അത്തരം മികച്ച നിലവാരം ഉന്നത വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഫലം കണ്ടു തുടങ്ങിയതായാണ് സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നാക് അക്രഡിറ്റേഷൻ നിലയിലെ പുരോഗതി സൂചിപ്പിക്കുന്നത്.
ഗവേഷണ രംഗം കൂടുതൽ മെച്ചപ്പെടണം. പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് 500 പേർക്ക് നൽകാനാകുമെന്നാണ് കരുതിയത്. എന്നാൽ ഈ വർഷം 150 പേർക്ക് ഫെല്ലോഷിപ്പ് നൽകാൻ തീരുമാനിച്ചപ്പോൾ 70 പേർക്ക് മാത്രമേ അർഹത ലഭിച്ചുള്ളൂ. ഗവേഷണ രംഗം കൂടുതൽ വിപുലമാകണമെന്ന സൂചനയാണിത്. ഈ രംഗത്തെ കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയണം. ഗവേഷണങ്ങൾ നാടിന് ആവശ്യമാണ്. വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകൾ വികസിപ്പിക്കണം. തൊഴിൽ നൈപുണ്യം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.