- Trending Now:
വളരെ ആഗ്രഹത്തോടെയും പദ്ധതികളൊരുക്കിയും ഒരു സംരംഭം തുടങ്ങിയതിനുശേഷം സംരംഭകന്‍ ഏറ്റവും ആദ്യം ശ്രദ്ധകൊടുക്കേണ്ട മേഖല എന്നുപറയുന്നത് ഉപഭോക്താക്കളാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന രീതിയില്‍ എങ്ങനെയെല്ലാം സേവനങ്ങള്‍ ലഭ്യമാക്കാം എന്നതിനായിരിക്കണം ആദ്യ മുന്‍ഗണന നല്‍കേണ്ടത്. ഉപഭോക്താക്കളെ സേവിക്കുമ്പോള്‍ അവരില്‍ നിന്നും ലഭിക്കുന്ന ഓരോ പരാതികളും തന്റെ സ്ഥാപനത്തിന് ലഭിച്ചേക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഫീഡ്ബാക്ക് ആയി കാണുവാന്‍ പഠിക്കണം. പരാതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും, അവരുടെ യഥാര്‍ഥ പ്രശനം മനസ്സിലാക്കുകയും, അതിനുവേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുമ്പോളാണ് ഉപഭോക്താക്കള്‍ക്ക് സ്ഥാപനത്തിനോടുള്ള താല്പര്യം വര്‍ധിക്കുകയുള്ളു.
പരിഗണന നല്‍കി ഉപഭോക്താവിനെ കൂടെ നിര്‍ത്തുക
ഉപഭോക്താവിന്റെ പക്കല്‍നിന്നും ഒരു പരാതി ലഭിച്ചു കഴിഞ്ഞാല്‍, അടുത്തക്ഷണം പരാതി ലഭിച്ചു എന്ന വിവരം ആ വ്യക്തിയെ അറിയിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ആ വ്യക്തിക്ക് ഒരു ഉപഭോക്താവ് എന്ന പരിഗണനയാണ് ഇപ്പോള്‍ നമ്മള്‍ കൊടുത്തത്. പിന്നീട് പരാതി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും, എത്ര ദിവസത്തിനുള്ളില്‍ പരാതിക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ നല്‍കാം എന്നും കൂടി അറിയിക്കേണ്ടത് അത്യാവശ്യമാണ്.
റെക്കോര്‍ഡ് ചെയ്ത് പരിഹരിക്കുക
ലഭിച്ച പരാതികളെ ശരിയായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് റെക്കോര്‍ഡ് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. കാരണം റെക്കോര്‍ഡ് ചെയ്തുവയ്ക്കുന്ന ഏതൊരു കാര്യത്തിനും ആധികാരികത വര്‍ധിക്കും എന്നതിലപ്പുറം ഭാവിയിലേക്ക് ഇത് വളരെയധികം പ്രയോജനപ്പെടും. അതുപോലെ തന്നെ പരാതി ലഭിച്ചുകഴിഞ്ഞാല്‍ അവ വേണ്ടരീതിയില്‍ തരം തിരിച്ചു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സ്ഥാപനത്തില്‍ നിന്നും ലഭിച്ച സേവനത്തിന്റെ ഏതെല്ലാം ഘടകങ്ങളെ സംബന്ധിച്ചാണ് പരാതി ലഭിച്ചത് എന്നും, ഇതിനു മുമ്പായി ഇതേ രീതിയിലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്നും, എന്തെല്ലാം പരിഹാരമാര്‍ഗ്ഗങ്ങളാണ് അന്ന് ഉപയോഗിച്ചത് എന്നെല്ലാമുള്ള കാര്യങ്ങള്‍ പരാതി പരിഹരിക്കുന്നത് എളുപ്പമാകും.
സംരംഭത്തിന്റെ പോളിസികള്‍ക്ക് അനുസൃതമായി പരിഹാരം കാണാം
ലഭിച്ച പരാതികള്‍ സ്ഥാപനത്തിന്റെ പോളിസികള്‍ മുന്‍നിര്‍ത്തി പരിഹരിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഉപഭോക്താവിന്റെ പരാതിക്ക് ഏറ്റവും അനുയോജ്യമായ പരിഹാരം തന്നെയായിരിക്കണം സ്ഥാപനം നല്‍കേണ്ടത്.
ഫോളോ അപ്പ്
നിങ്ങളുടെ സ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന ഉപഭോക്താവിന്റെ പരാതികള്‍ക്ക് പരിഹാരം കണ്ടുകഴിഞ്ഞാല്‍, ആ ഉപഭോക്താവിനെ ഫോള്ളോ അപ്പ് ചെയ്യുകയാണ് ചെയ്യേണ്ടത്. സ്ഥാപനം നല്‍കിയ പരിഹാരമാര്‍ഗങ്ങള്‍ അദ്ദേഹത്തിന് ഉപകാരപ്രദമായോ എന്നും, അദ്ദേഹം സ്ഥാപനത്തിന്റെ സേവനങ്ങളില്‍ സംതൃപ്തനാണോ എന്നും ചോദിച്ചറിയുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സ്ഥാപനത്തിനോടുള്ള താല്പര്യം ഉപഭോക്താവില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഉപഭോക്താവിന്റെ സപ്പോര്‍ട്ടും സഹകരണവും ഉണ്ടെങ്കില്‍ മാത്രമെ സംരംഭകര്‍ക്ക് നിലനില്‍്പ്പുണ്ടാകു എന്നകാര്യം ഒരിക്കലും വിസ്മരിക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.