Sections

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല ആരോപണവുമായി രമേശ് ചെന്നിത്തല 

Thursday, Oct 20, 2022
Reported By MANU KILIMANOOR

നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തരമായി സംഭരണം ആരംഭിക്കണം

നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വന്‍വിലക്കയറ്റം സാധാരണക്കാരുടെ കുടംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാര്‍ ഇടപെടാതെ മാറി നില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്. അരിക്ക് മാത്രം പത്ത് മുതല്‍ പതിനഞ്ച് രൂപ വരെയാണ് കൂടിയത്.പിണറായി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ സാധനങ്ങളുടെ വില മാവേലി സ്റ്റോറുകളില്‍ വര്‍ധിക്കില്ലെന്നായിരുന്നു വാഗ്ദാനം.എന്നാല്‍ രണ്ടാമൂഴത്തിലും വന്‍വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ കൂടിയാകുമ്പോള്‍ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിയുകയാണ്.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വിലക്കയറ്റത്തെ രൂക്ഷമാക്കുകയാണ് ഉണ്ടായത്.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമുണ്ടാവുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിദേശയാത്ര സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് ചെയ്യാവുന്ന കാര്യങ്ങളാണ്.ഈ കൊച്ചുകാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ പോകേണ്ട കാര്യമില്ല. ഈ യാത്ര രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഉല്ലാസയാത്രയാണ്. സര്‍ക്കാര്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ഉറപ്പ് വരുത്തണം.

നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തരമായി സംഭരണം ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭരണ സീസണ്‍ ആരംഭിച്ചിട്ടും കൃഷിവകുപ്പിന് ഇതുവരെ വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കാത്തത് കര്‍ഷകരോടുള്ള കടുത്ത വഞ്ചനയാണ് .പാലക്കാടും കുട്ടനാട്ടിലും കൊയ്തു കഴിഞ്ഞ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പാടത്തും നെല്ലു കൂട്ടിയിട്ടിരിക്കുന്നത് നശിച്ചു പോകുന്ന അവസ്ഥയിലാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴ കൃഷിക്കാരുടെ മനസ്സില്‍ വലിയ ആശങ്കയാണ് ഉളവാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ കൃഷി, സിവില്‍ സപ്ലൈസ് സഹകരണവകുപ്പുകള്‍ ചേര്‍ന്ന് അടിയന്തരമായി തീരുമാനമെടുത്ത് സംഭരണം ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.