Sections

റിലയന്‍സിന്റെ കൈകളിലേക്ക് അജ്മല്‍ ബിസ്മി ?

Wednesday, Sep 28, 2022
Reported By admin

800 കോടി രൂപയുടെ വിറ്റുവരവാണ് അജ്മൽ ബിസ്മിയ്ക്കുള്ളത് എന്നാണ് റിപ്പോർട്ടുകൾ

 

മലയാളികളുടെ പരിചിതമായ ബ്രാന്‍ഡാണ് അജ്മല്‍ ബിസ്മി. റീട്ടെയില്‍ ശൃംഖലയായ 'അജ്മല്‍ ബിസ്മി'. ഹോം അപ്ലയന്‍സ് ആന്റ് ഇലക്ട്രോണിക്സ് ഗുഡ്സില്‍ തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തി നില്‍ക്കുന്ന ബിസ്മി ഇന്ന് പ്രമുഖ നഗരങ്ങളിലെല്ലാം ഉണ്ട്. കേരളത്തില്‍ തുടക്കമിട്ട, കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ആയ ബിസ്മി മുകേഷ് അംബാനിയുടെ റിലയന്‍സ് ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എക്കണോമിക് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും വീട്ടുപകരണങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റും എല്ലാം ചേര്‍ന്ന മുപ്പതില്‍പരം വന്‍ സ്റ്റോറുകളാണ് കേരളത്തിലുടനീളം ബിസ്മിയ്ക്കുള്ളത്. ഏറ്റെടുക്കലിന്റെ അവസാന ഘട്ടത്തിലാണ് റിലയന്‍സ് എത്തി നില്‍ക്കുന്നത് എന്നാണ് വാര്‍ത്ത. 

വിഎ അജ്മല്‍ ആണ് ബിസ്മിയുടെ സ്ഥാപകന്‍. പൂര്‍ണമായും കുടുംബ ബിസിനസ് എന്ന് വിളിക്കാവുന്നതാണ് 'അജ്മല്‍ ബിസ്മി'. എന്നാല്‍ 800 കോടി രൂപയില്‍പരമാണ് വരുമാനം. 2003 ല്‍ കൊച്ചിയില്‍ ഹോം അപ്ലയന്‍സുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കുമായി തുടങ്ങിയ 'ബിസ്മി' ആയിരുന്നു തുടക്കം. പിന്നീട് കേരളത്തിലേക്ക് ഹൈപ്പര്‍ മാര്‍ക്കറ്റ് കള്‍ച്ചര്‍ കൊണ്ടുവന്നതിലും ബിസ്മി നിര്‍ണായക പങ്കുവഹിച്ചിരുന്നു.

600 കോടി രൂപയുടെ വാല്യുവേഷന്‍ ആണ് ബിസ്മി പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് കുറയ്ക്കാനുള്ള വിലപേശലാണ് റിലയന്‍സിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത് എന്നാണ് വാര്‍ത്ത. ഊഹാപോഹങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ബിസ്മി ഗ്രൂപ്പിന്റെ നിലപാട് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്തായാലും ഇങ്ങനെ ഒരു നീക്കത്തെ കുറിച്ച് റിലയന്‍സ് ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

റീട്ടെയിൽ മേഖലയിൽ രാജ്യത്ത് തന്നെ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് റിലയൻസ് ഗ്രൂപ്പ്. നേരത്തെ ബിഗ് ബസാർ ഏറ്റെടുക്കാൻ നടത്തിയ ശ്രമങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. ഇത് പിന്നീട് നടക്കാതെ പോയി. അതിന് ശേഷം ദക്ഷിണേന്ത്യയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയാണ് റിലയൻസ് ഗ്രൂപ്പ്. അടുത്തിടെ മൂന്ന് ഏറ്റെടുക്കലുകളാണ് റീട്ടെയിൽ മേഖലയിൽ മാത്രം ദക്ഷിണേന്ത്യയിൽ റിലയൻസ് നടത്തിയത്. 152 കോടി രൂപയ്ക്കാണ് തമിഴ്‌നാട്ടിലെ കണ്ണൻ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർസ് ഏറ്റെടുത്തത്. കലാനികേതൻ എന്ന എത്‌നിക് വെയർ റീട്ടെയ്‌ലറേയും റിലയൻസ് ഏറ്റെടുത്തിരുന്നു. പ്രാദേശിക റീട്ടെയിൽ ശൃംഖലയായ ജയസൂര്യ റീട്ടെയിലും റിലയൻസ് ഏറ്റെടുത്തവയിൽ പെടുന്നു.

കേരളത്തിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു ബിസ്മി ഗ്രൂപ്പ്. അഞ്ച് വർഷം കൊണ്ട് 50 ഹൈപ്പർ മാർക്കറ്റുകൾ തുറക്കാനും 2,500 കോടി രൂപയുടെ വിറ്റുവരവ് നേടാനും ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.