Sections

ഗസ്റ്റ് അധ്യാപക, മെഡിക്കൽ ഓഫീസർ, ടൗൺ പ്ലാനർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അറ്റൻഡർ, സ്റ്റാഫ് നേഴ്സ്, അങ്കണവാടി ഹെൽപ്പർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jul 31, 2024
Reported By Admin
Job Offer

വാക്സിനേറ്റർമാർ, സഹായികൾ അപേക്ഷ ക്ഷണിക്കുന്നു

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കൾക്ക് 2024 ഓഗസ്റ്റ് 1-ാം തീയതി മുതൽ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചർമമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും നടത്തുന്നു. പ്രസ്തുത വാക്സിനേഷനുകൾക്ക് വാക്സിനേറ്റർമാർ, സഹായികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാക്സിനേറ്റർ -ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പരിചയസമ്പന്നരും സർവ്വീസിൽ നിന്നും വിരമിച്ചവരുമായ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഫീൽഡ് ഓഫീസർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവരുടെ പക്കൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 30 ദിവസത്തെ ക്യാമ്പെയ്നിൽ പങ്കെടുത്ത് ടാർജറ്റ് തികച്ച് വാക്സിനേഷൻ നടത്തുന്നതിന് പരമാവധി 15000/- രൂപ (പതിനയ്യായിരം രൂപ മാത്രം) ഹോണറേറിയമായി നൽകുന്നതും, കൂടാതെ കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്സിനേഷൻ ചാർജ്ജും നൽകുന്നതാണ്. സഹായികൾ - ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂർണകായിക ആരോഗ്യമുളള, മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള വി.എച്ച്.എസ്.സി പാസ്സായവർ, കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള സ്ഥലപരിചയമുളളതും, കായികക്ഷമതയുളളതും, ജനസമ്മതിയുളളവരുമായ യുവതീ- യുവാക്കൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പശുക്കളെ കൈകാര്യം ചെയ്ത് മുൻപരിചയമുളളവർക്ക് മുൻഗണന നൽകുന്നതായിരിക്കും. 30 ദിവസത്തെ ക്യാമ്പെയിൻ കാലയളവിലേക്ക് പരമാവധി 10,000/- രൂപ (പതിനായിരം രൂപ മാത്രം) ഹോണറേറിയം നൽകുന്നതാണ്. അപേക്ഷകൾ വെള്ളകടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയിൽ മാത്രം സ്ഥാപനമേധാവി (ചീഫ് വെറ്ററിനറി ഓഫീസർ/സീനിയർ വെറ്ററിനറി സർജൻ/ വെറ്ററിനറി സർജൻ) മുൻപാകെ ആശുപത്രി പ്രവർത്തന സമയത്ത് 2024 ആഗസ്റ്റ് 1-ാം തീയതി രാവിലെ 10 മണിക്ക് മുൻപായി അപേക്ഷ നേരിട്ട് തന്നെ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ കോപ്പി സമർപ്പിക്കേണ്ടതും മേൽവിലാസവും, മൊബൈൽ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതുമാണ്. അപേക്ഷ പരിഗണിക്കുന്നത് ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.

അധ്യാപക നിയമനം

കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂളിൽ (സി ബി എസ് ഇ സിലബസ്,) 2024-25 അധ്യായന വർഷത്തിൽ 6 മുതൽ 8 വരെയുള്ള (ടി ജി ടി) ക്ലാസിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഹിന്ദി എം എ, ബി എഡ് (പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യത) ഉള്ളവരും സ്ക്കൂളിൽ താമസിച്ചു പഠിപ്പിക്കാൻ തയ്യാറുള്ളവരുമായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം ഹിന്ദി ബി എ, ബി എഡ് ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച്ച ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് സ്ക്കൂൾ ഓഫീസിൽ നടക്കും. ഫോൺ 8301006295 8304932165.

അഭിമുഖം ആഗസ്റ്റ് രണ്ടിന്

തിരുവനന്തപുരം, വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി വിഭാഗത്തിലെ അധ്യാപക തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 2 ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്.

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടൗൺ പ്ലാനർ ഒഴിവ്

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒരു ടൗൺ പ്ലാനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ആഗസ്റ്റ് രണ്ടിന് വൈകുന്നേരം 5 മണിക്കു മുമ്പായി വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം - 10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ട്രിഡ വെബ്സൈറ്റ് www.trida.kerala.gov.in സന്ദർശിക്കുക.

കാഞ്ഞിരംകുളം ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കാഞ്ഞിരംകുളം ഗവ. കോളജിൽ 2024-25 അധ്യയന വർഷത്തിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.

ഗസ്റ്റ് ലക്ചറർ നിയമനം

തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എജ്യുക്കേഷൻ വിഷയത്തിൽ ഗസ്റ്റ് ലക്ചറർ അഭിമുഖം ആഗസ്റ്റ് ആറിന് നടത്തും. സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ ഏതെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 11 മണിക്ക് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. പി.എച്ച്.ഡി, എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ: 9847245617. ഇ-മെയിൽ: gctetvm@gmail.com.

മെഡിക്കൽ ഓഫീസർ ഒഴിവ്

മെഡിക്കൽ കോളേജ് ഏറ്റുമാനൂർ ഹെൽത്ത് സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 2025 മാർച്ച് 31 വരെയായിരിക്കും നിയമനം. എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് അസൽ പ്രമാണങ്ങളുമായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ 04812-535573.

അങ്കണവാടി ഹെൽപ്പർ: എൻ.സി.എ. ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഭരണികാവ് ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള എൻ.സി.എ. ഒഴിവിലേക്ക് ഭരണികാവ് പഞ്ചായത്തിൽ സ്ഥിരതാമസമുള്ള ലാറ്റിൻ കാത്തലിക്/അംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 നും 46 നും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായിരിക്കണം. അപേക്ഷയും യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും വിധവ ആണെങ്കിൽ വിധവ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ഭരണികാവ് ഐ.സി.ഡി.എസ്. ഓഫീസിൽ നൽകണം. അവസാന തീയതി ഓഗസ്റ്റ് 17.

പ്രൊജക്ട് അസിസ്റ്റന്റ്

തകഴി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായവർക്കും കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ/പോസ് ഗ്രാജുവേഷൻ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായവർക്കും അപേക്ഷിക്കാം. ഓഗസ്റ്റ് ഒമ്പത് വൈകീട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ 0477 2274253.

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പി.ജി.ഡി.സി.എ. പ്രായപരിധി : 01.01.2024ന് 35 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ ഓഗസ്റ്റ് 13ന് രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം. അപേക്ഷ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് നാലിന് മുമ്പ് കാര്യാലയത്തിൽ ലഭിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അറ്റൻഡർ ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സിയിൽ ഉൾപ്പെടുത്തി അറ്റൻഡറെ നിയമിക്കുന്നതിന് ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന് ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: എസ്.എസ്.എൽ.സി പാസ്. മൂന്ന് വർഷത്തിൽ കുറയാതെ ഹോമിയോ മരുന്ന് കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അല്ലെങ്കിൽ എ-ക്ലാസ് രജിസ്റ്റേർഡ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷ്യനറിൽ നിന്നോ ഗവ ഡിസ്പെൻസറികളിൽ/ഹോസ്പിറ്റലുകളിൽ നിന്നോ ഉള്ള സർട്ടിഫിക്കറ്റ്. പ്രായപരിധി: 45 കവിയരുത്. ഫോൺ: 0491 2578115.

സ്റ്റാഫ് നേഴ്സ് ഒഴിവ്

കൊടുവായൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 വയസ്സ് കവിയാത്തവരാകണം. അപേക്ഷയും ഫോൺനമ്പർ ഉൾപ്പെടെയുള്ള ബയോഡാറ്റയും തപാൽ മുഖേനയോ നേരിട്ടോ ഇമെയിൽ മുഖാന്തിരമോ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫീസിൽ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.