Sections

വനിതാ സംരംഭക ലോണുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്‌ | women business loan

Wednesday, Aug 17, 2022
Reported By admin
business

വനിതാ വികസന കോർപറേഷന്റെ മെഗാ സംരംഭക കൂട്ടായ്മ ഉദ്ഘാടനവും വായ്പാ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

 

വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സമീപ കാലത്ത് വനിതാ വികസന കോർപറേഷൻ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഈ സർക്കാർ അധികാരമേറ്റതിന്റെ ആദ്യ വർഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വാർഷിക വായ്പ വിതരണം 165.05 കോടി രൂപ, 11866 പേർക്ക് നൽകിക്കൊണ്ട് കൈവരിച്ചു. വായ്പാ തിരിച്ചടവിലും റെക്കോഡ് ഉണ്ടായതായും മന്ത്രി വ്യക്തമാക്കി. വനിതാ വികസന കോർപറേഷന്റെ മെഗാ സംരംഭക കൂട്ടായ്മ ഉദ്ഘാടനവും വായ്പാ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വനിത വികസന കോർപറേഷൻ മുഖേന 2600 ഓളം വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള വായ്പാ ധനസഹായം നൽകണമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വായ്പകളിലൂടെ 7000 ത്തോളം വനിതകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രതിവർഷം ശരാശരി 30,000 വനിതകൾക്ക് പ്രയോജനം ലഭിച്ചു വരുന്നു.

ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ വനിതകളിലേക്ക് സഹായമെത്തിക്കാനാണ് ശ്രമിക്കുന്നത്. 12 ജില്ലകളിൽ ജില്ലാ ഓഫീസുകളും, രണ്ടിടത്ത് ഉപജില്ലാ ഓഫീസുകളും തുറന്നു. പ്രവാസി വനിതകൾക്ക് വേണ്ടി നോർക്ക വനിതാ മിത്ര എന്ന പേരിൽ, മൂന്ന് ശതമാനം പലിശയിളവും 20 ശതമാനം വരെ മൂലധന ഇളവുമുള്ള വായ്പ പദ്ധതി നോർകയുടെ സഹകരണത്തോടെ തുടക്കമിട്ടു.

നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഹോസ്റ്റലുകളും വൺ ഡേ ഹോമുകളും കോർപറേഷൻ നടപ്പിലാക്കി വരുന്നു. ഇതോടൊപ്പം അവരുടെ യാത്ര സുഗമമാക്കാൻ വനിതകളുടെ ടാക്സിയും ലഭ്യമാക്കും. കോവിഡ് മരണം മൂലം ഗൃഹനാഥൻ അല്ലെങ്കിൽ ഗൃഹനാഥ മരിച്ച കുടുംബങ്ങൾക്ക് വേണ്ടി ഇളവുകളുള്ള സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് തുടക്കമിട്ടു. അത്യാധുനിക സൗകര്യങ്ങളോടെ മാതൃക വനിതാ ഹോസ്റ്റൽ വനിത മിത്രകേന്ദ്രം പെരിന്തൽമണ്ണയിൽ പ്രവർത്തനം തുടങ്ങി.

തൊഴിലിടങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന സ്ത്രീകൾക്ക് വനിത വികസന കോർപറേഷൻ റീ സ്‌കില്ലിംഗ് പ്രോഗ്രാമും സംഘടിപ്പിച്ച് വരുന്നു. നഴ്സുമാർക്ക് വിദേശത്ത് മികച്ച തൊഴിലവസരം ലഭിക്കുന്നതിന് അനുബന്ധ കോഴ്സുകളും ലഭ്യമാക്കുന്നു. സ്ത്രീ സുരക്ഷ മുൻ നിർത്തി മിത്ര 181 ഹെൽപ്പ് ലൈൻ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. പോലീസ് സ്റ്റേഷനിലെത്താതെ ഈ ഹെൽപ് ലൈൻവഴി വനിതകൾക്ക് പോലീസ് സഹായവും നിയമ സഹായവും ഉറപ്പ് വരുത്തുന്നതായും മന്ത്രി വ്യക്തമാക്കി.

നോർക്ക വനിതാമിത്രാ പദ്ധതി ഉദ്ഘാടനവും വായ്പാ വിതരണവും നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ആർത്തവ ശുചീത്വ പരിപാലന പദ്ധതിയുടെ പരസ്യ ചിത്രത്തിന്റെ ആദ്യ പ്രദർശന ഉദ്ഘാടനം വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചറും, വനിതാ സംരംഭകത്വ പരിശീലന ഉദ്ഘാടനം നോർക്ക സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരിയും നിർവഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് 60 പേർക്ക് വായ്പ വിതരണം ചെയ്തു. മികച്ച സംരംഭം നടത്തിയ കുടുംബശ്രീ യൂണിറ്റുകൾക്ക് ഉപഹാരം നൽകി. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.