Sections

രാജ്യത്തെ 44,000 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരോധിച്ചു; കാരണമിതാണ് 

Friday, Dec 02, 2022
Reported By admin
twitter

മസ്‌ക് ഇതിനോടകം തന്നെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്

ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലിന് ശേഷം നയ ലംഘനങ്ങളുടെ പേരില്‍ രാജ്യത്തെ 44,000 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. 2022 സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 25 വരെയുള്ള കാലയളവിലാണ് ഏറ്റവും കൂടുതല്‍ അക്കൗണ്ടുകള്‍ റദ്ദാക്കിയത്.

കുട്ടികളുടെ ലൈംഗിക ചൂഷണം, സമ്മതമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടി 44,611 അക്കൗണ്ടുകള്‍ നിരോധിച്ചു. 2022 ഓഗസ്റ്റില്‍ രാജ്യത്തെ 52,141 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മോശം ഉള്ളടക്കത്തെ തുടര്‍ന്ന് നിരോധിച്ചിരുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് 4,014 അക്കൗണ്ടുകള്‍ റദ്ദാക്കി.

ഒരേ സമയപരിധിക്കുള്ളില്‍ രാജ്യത്തെ വിവിധ ഉപയോക്താക്കളില്‍ നിന്നായി 582 പരാതികള്‍ ട്വിറ്ററിനെതിരെ ലഭിച്ചുവെന്നാണ് കണക്ക്. അവയില്‍ 20 URL കളില്‍ മാത്രമാണ് ട്വിറ്റര്‍ ഇതുവരെയായും നടപടി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അക്കൗണ്ട് സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് അപ്പീല്‍ ചെയ്ത 61 പരാതികള്‍ നിലവില്‍ പ്രോസസ്സ് ചെയ്തതായി ട്വിറ്റര്‍ അറിയിച്ചു.

ട്വിറ്ററില്‍ കുട്ടികളുടെ പോണോഗ്രഫിയുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ മസ്‌ക് ഇതിനോടകം തന്നെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പരാതികളില്‍ ട്വിറ്ററില്‍ നിന്ന് ലഭിച്ച മറുപടികള്‍ അപൂര്‍ണ്ണമാണെന്നും കമ്മീഷന് അവയില്‍ തൃപ്തിയില്ലെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഒക്ടോബറില്‍ പറഞ്ഞിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.