Sections

ഡിജിറ്റല്‍ രൂപ പുറത്തിറക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്; വിശദാംശങ്ങള്‍ ഇതാ

Sunday, Oct 09, 2022
Reported By admin
rbi

ഡിജിറ്റല്‍ രൂപയെ കുറിച്ച് പൗരന്മാരില്‍ അവബോധം സൃഷ്ടിക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്


ഡിജിറ്റല്‍ രൂപ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. രാജ്യത്ത്, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (CBDC) സാധ്യത പഠിക്കാന്‍ 2020 ല്‍  ഒരു ഗ്രൂപ്പിനെ ആര്‍ബിഐ നിയമിച്ചിരുന്നു. ഇന്നലെ ആര്‍ബിഐ ഡിജിറ്റല്‍ രൂപയെ കുറിച്ചുള്ള ഒരു കണ്‍സെപ്റ്റ് നോട്ട് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ രൂപ ആര്‍ബിഐ പുറത്തിറക്കും. 2022 ലെ യൂണിയന്‍ ബജറ്റില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കും എന്ന്  ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു ഡിജിറ്റല്‍ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല.

പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക. ഡിജിറ്റല്‍ രൂപയെ കുറിച്ച് പൗരന്മാരില്‍ അവബോധം സൃഷ്ടിക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്. അതിന് ആദ്യം ഡിജിറ്റല്‍ കറന്‌സിയെ കുറിച്ച് അറിയണം. 

എന്താണ് ഇ-രൂപ /ഡിജിറ്റല്‍ രൂപ?

ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പാണ് ഇ-രൂപ അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപ.  ഡിജിറ്റല്‍ രൂപയുടെ  ഇന്റര്‍ബാങ്ക് ഇടപാടുകളിലെ മൊത്ത വ്യാപാരത്തിനായി ഒരു പതിപ്പും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ചില്ലറ വ്യാപാരത്തിനായി മറ്റൊരു പതിപ്പും ആര്‍ബിഐ തയ്യാറാക്കും. 

ഇതൊരു ക്രിപ്റ്റോകറന്‍സിയാണോ?

ഒരു രാജ്യത്തിന്റെയും നിയന്ത്രണത്തില്‍ വരുന്നതല്ല ക്രിപ്റ്റോകറന്‍സികള്‍. അതേസമയം ഡിജിറ്റല്‍ രൂപ  ആര്‍ബിഐയുടെ നിയന്ത്രണത്തിലായിരിക്കും. ക്രിപ്റ്റോകറന്‍സിയുടെ അപകട സാധ്യതകള്‍ ഡിജിറ്റല്‍ രൂപയില്‍ ഉണ്ടാവുകയില്ല എന്നാണ് ആര്‍ബിഐയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. ബിറ്റ്കോയിന്‍ അല്ലെങ്കില്‍ എതെറിയം പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ ഒരു വശത്തും ഡിജിറ്റല്‍ രൂപ മറുവശത്തും ആയിരിക്കും. 

ഖനനം ചെയ്യാന്‍ കഴിയുമോ?

ക്രിപ്റ്റോകറന്‍സി പോലെ ഡിജിറ്റല്‍ രൂപ ഖനനം ചെയ്യാന്‍ സാധിക്കില്ല. രാജ്യം നോട്ടടിക്കുന്നതു പോലെ അടിച്ചു വിതരണം ചെയ്യുന്നതല്ല ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍. ഇവ കംപ്യൂട്ടറുകളിലൂടെ ഖനനം ചെയ്തെടുക്കുകയാണ്. എന്നാല്‍ ഡിജിറ്റല്‍ രൂപ ആര്‍ബിഐ ഇഷ്യൂ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യും. 

നിര്‍മ്മാണം ആരാണ്? 
 
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഡിജിറ്റല്‍ രൂപ നിര്‍മ്മിക്കുക. ഇവ പുറത്തിറക്കാന്‍ ഒരു മാതൃകയും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍ അത് വിതരണം ചെയ്യുന്നു.

എങ്ങനെയാണ് ഇ-രൂപ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്?

ഡിജിറ്റല്‍ രൂപയുടെ റീട്ടെയില്‍ പതിപ്പ് ടോക്കണ്‍ അടിസ്ഥാനമാക്കിയുള്ളതാണ്. ഇ മെയില്‍ പോലെ ഒരു കീ ഐഡി ഉണ്ടാകും. സ്വകാര്യമായി ലഭിക്കുന്ന ഒരു പാസ്വേഡ് ഉപയോഗിച്ച് പണം കൈമാറുകയും ചെയ്യാം. 

പലിശ ലഭിക്കുമോ?

ആര്‍ബിഐ ഇന്നലെ പുറത്തിറക്കിയ കണ്‍സെപ്റ്റ് നോട്ട് അനുസരിച്ച് ഇല്ല എന്നാണ് ഉത്തരം. ഡിജിറ്റല്‍ രൂപയ്ക്ക് പലിശ ലഭിക്കില്ല. കാരണം ആളുകള്‍ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയും അത് ഡിജിറ്റല്‍ രൂപയിലേക്ക് മാറ്റുകയും ചെയ്‌തേക്കാം. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയേക്കും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.