- Trending Now:
കൊച്ചി: ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും എയു സ്മോൾ ഫിനാൻസ് ബാങ്കും തമ്മിലുള്ള ലയനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. സ്റ്റോക്ക് മേർജറിന് ശേഷം ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൻറെ ഓഹരി ഉടമകൾക്ക് കൈവശമുള്ള ഓരോ 2000 ഓഹരികൾക്കും എയു സ്മോൾ ഫിനാൻസ് ബാങ്കിൻറെ 579 ഓഹരികൾ വീതം ലഭിക്കും. വിവിധ പ്രദേശങ്ങളിലുള്ള സാന്നിധ്യം, അവതരിപ്പിക്കുന്ന പദ്ധതികൾ എന്നിവ പ്രയോജനപ്പെടുത്തി രാജ്യ വ്യാപകമായുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ലയനം സഹായകമാകും.
ഇന്ത്യൻ ബാങ്കിങ് മേഖലയിലെ ഒരു നാഴികക്കല്ലാവുന്ന ഈ ലയനം വഴി സംയുക്തമായി ഒരു കോടിയിലേറെ ഉപഭോക്താക്കൾ, 43,500-ൽ ഏറെ ജീവനക്കാർ, 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2350 ടച്ച് പോയിൻറുകൾ എന്നിവയാകും ഉണ്ടാകുക. 2023 ഡിസംബർ 31-ലെ കണക്കുകൾ പ്രകാരം 89,854 കോടി രൂപയുടെ നിക്ഷേപവും 1,16,695 കോടി രൂപയുടെ ബാലൻസ് ഷീറ്റുമാണുള്ളത്.
2023 ഒക്ടോബർ 29-ന് ഇരു ബാങ്കുകളുടേയും ഡയറക്ടർ ബോർഡുകളും നവംബർ 24-നും നവംബർ 27-നും ഓഹരി ഉടമകളും ലയനത്തിന് അംഗീകാരം നൽകിയിരുന്നു. റിസർവ് ബാങ്ക് അംഗീകാരത്തോടെ 2024 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തോടെ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് എയു സ്മോൾ ഫിനാൻസ് ബാങ്കിൽ ലയിക്കും.
തങ്ങളുടെ ഉപഭോക്താക്കൾക്കും എല്ലാ പങ്കാളികൾക്കും മെച്ചപ്പെട്ട മൂല്യവും സേവനവും നൽകുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് എയു സ്മോൾ ഫിനാൻസ് ബാങ്കിൻറെ സ്ഥാപകനും എംഡിയും സിഇഒയുമായ സഞ്ജയ് അഗർവാൾ പറഞ്ഞു.
എയു സ്മോൾ ഫിനാൻസ് ബാങ്കുയുമായുള്ള ലയനം തങ്ങളുടെ സ്ഥാപനത്തിന് ഒരു പുതിയ അധ്യായമാണ്. വ്യവസായത്തിൽ മുൻനിരയിലുള്ള വളർച്ചയ്ക്കും ലാഭത്തിനും പേരുകേട്ട രണ്ട് ബാങ്കുകൾ തമ്മിലുള്ള മികച്ച മാറ്റത്തിനുള്ള ലയനമാണിതെന്ന് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൻറെ എംഡിയും സിഇഒയും രാജീവ് യാദവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.