- Trending Now:
ഇന്ത്യന്‍ ടൂവീലര്‍ ടാക്‌സി കമ്പനിയായ റാപിഡോയിലേക്ക് നിക്ഷേപം ഒഴുകുന്നു. സ്വിഗ്ഗിയുടെ നേതൃത്വത്തിലുള്ള സീരീസ്-ഡി റൗണ്ട് ഫണ്ടിംഗില്‍ 180 മില്യണ്‍ ഡോളര്‍ (1,370 കോടിയിലധികം രൂപ) സമാഹരിച്ചതായി ബൈക്ക് ടാക്സി പ്ലാറ്റ്‌ഫോമായ റാപിഡോ. നിലവിലെ നിക്ഷേപകരായ വെസ്റ്റ്ബ്രിഡ്ജ്, ഷെല്‍ വെഞ്ചേഴ്‌സ്, നെക്‌സസ് വെഞ്ച്വേഴ്‌സ് എന്നിവയ്‌ക്കൊപ്പം ടിവിഎസ് മോട്ടോര്‍ കമ്പനിയും നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തിരുന്നു.ഇതോടെ സ്റ്റാര്‍ട്ടപ്പായ റാപിഡോയുടെ മൂല്യം 83 കോടി ഡോളറായി ഉയര്‍ന്നു.
ടെക്‌നോളജി വികസിപ്പിക്കാനും, വൈവിധ്യമാര്‍ന്ന കഴിവുകളിലൂടെ ടീമുകളെ ശക്തിപ്പെടുത്താനും, മൊത്തത്തിലുള്ള വിതരണം വര്‍ധിപ്പിക്കാനും, മെട്രോ നഗരങ്ങള്‍ക്കു പുറമേ ടയര്‍-1,2,3 നഗരങ്ങളിലേക്ക് കൂടി ഉപഭോക്തൃ അടിത്തറ വളര്‍ത്താനും ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. രാജ്യത്തുടനീളം ബിസിനസ് വ്യാപിപ്പിക്കുന്നതിനും, ബിസിനസിന്റെ നട്ടെല്ലായ ഡ്രൈവര്‍മാരുടെയും ഉപഭോക്താക്കളുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും സ്വിഗ്ഗിയില്‍ നിന്നും കൂടുതല്‍ പഠിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് റാപിഡോ സഹസ്ഥാപകന്‍ അരവിന്ദ് സങ്ക പറഞ്ഞു.
കൊവിഡ് മൂലം കമ്പനിയുടെ ബിസിനസ് കുറഞ്ഞിരുന്നെങ്കിലും ഇ-ഇന്ത്യയുടെ മൊബിലിറ്റി സ്പെയ്സില്‍ നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതാണ് ഇപ്പോഴത്തെ മാറ്റത്തിനുകാരണം. കഴിഞ്ഞ ഒക്ടോബറില്‍, ലൈറ്റ്ട്രോക്ക് ഇന്ത്യയും ഫില്‍ട്ടര്‍ ക്യാപിറ്റലും നേതൃത്വം നല്‍കുന്ന സീരീസ് സി റൗണ്ട് നിക്ഷേപത്തിലൂടെ പൊതുഗതാഗത ടെക് സ്ഥാപനമായ ചലോ 40 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു.
ഒക്ടോബറില്‍ ബസ് അഗ്രഗേറ്റര്‍ ഷട്ടലിന്റെ ബിസിനസ്സ് ഏറ്റെടുക്കുന്നതിനൊപ്പം ചലോ മാര്‍ച്ചില്‍ സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് വോഗോയും ഏറ്റെടുത്തു. കൂടാതെ, റൈഡ്-ഹെയ്ലിംഗ് കമ്പനിയായ ഒല വിവിധ കമ്പനികളില്‍ നിന്നായി 150 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. ഈ രംഗത്ത് മത്സരം മുറുകുന്നതിനിടയിലാണ് ടൂവീലര്‍ ടാക്‌സി കമ്പനിയായ റാപിഡോയിലേക്ക് നിക്ഷേപം ഒഴുകുന്നത്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബൈക്ക് ടാക്‌സി അഗ്രഗേറ്ററാണ് റാപിഡോ. ലോജിസ്റ്റിക് സേവനങ്ങളും നല്‍കുന്നുണ്ട്. 2015-ല്‍ സ്ഥാപിതമായ കമ്പനി രാജ്യത്തെ 75-ലധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അരവിന്ദ് സങ്ക, പവന്‍ ഗുണ്ടുപള്ളി എന്നീ രണ്ട് ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥികളും എസ്ആര്‍ ഋഷികേശ് എന്ന സുഹൃത്തും ചേര്‍ന്ന് 2015-ല്‍ ആണ് ദ കാരിയര്‍ എന്ന പേരില്‍ കമ്പനി സ്ഥാപിച്ചത്.
2018 സെപ്റ്റംബറില്‍, റാപിഡോയ്ക്ക് 15,000-ത്തിലധികം രജിസ്റ്റര്‍ ചെയ്ത റൈഡര്‍മാരെ ലഭിച്ചു. പിന്നീട് പ്രതിദിനം ശരാശരി 30,000 റൈഡുകള്‍ വരെ വിവിധ നഗരങ്ങളില്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.റാപിഡോയില്‍ ഓഹരി പങ്കാളിത്തമുള്ളവരില്‍ ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജല്‍, ഗൂഗിള്‍ ഇന്ത്യയുടെ മുന്‍ മേധാവി രാജന്‍ ആനന്ദന്‍ എന്നിവരും ഉള്‍പ്പെടുന്നു.കമ്പനി ഇന്ത്യയില്‍ 500,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന്.റാപിഡോ സഹസ്ഥാപകന്‍ അരവിന്ദ് സങ്ക നേരത്തെ അവകാശപ്പെട്ടിരുന്നു. 2019 നവംബര്‍ വരെ ഒരു കോടി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടെന്നാണ് വാദം.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, പ്രാദേശിക ബിസിനസുകള്‍ക്കും ഇ-കൊമേഴ്സ് കമ്പനികള്‍ക്കും ഒക്കെ ഹൈപ്പര്‍ലോക്കല്‍ ഡെലിവറി സേവനങ്ങള്‍ നല്‍കിക്കൊണ്ട് റാപിഡോ ലോജിസ്റ്റിക്സ് രംഗത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിരുന്നു. 2020 ഒക്ടോബറില്‍, റാപിഡോ 14 നഗരങ്ങളില്‍ ഓണ്‍-ഡിമാന്‍ഡ് ഓട്ടോ റിക്ഷ ഷെയറിങ് സേവനങ്ങളും ആരംഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.