Sections

ഇന്ത്യന്‍ ഓഹരി വിപണിയിലെ വാറന്‍ ബഫെറ്റിന് വിട

Monday, Aug 15, 2022
Reported By MANU KILIMANOOR

നിക്ഷേപകര്‍ പഠിച്ചിരിക്കേണ്ട ജീവിത കഥ

മുതിര്‍ന്ന നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല (62) ഞായറാഴ്ച രാവിലെ അന്തരിച്ചു.മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ആയിരുന്നു മരണം.ജുന്‍ജുന്‍വാലയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് മുംബൈയിലെ മലബാര്‍ ഹില്ലിലെ ബംഗംഗ ശ്മശാനത്തില്‍ നടക്കും.ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ 'വാറന്‍ ബഫെറ്റ്' എന്നും  'ബിഗ് ബുള്‍' എന്നും അദ്ദേഹത്തെ പലപ്പോഴും വിളിക്കാറുണ്ട്.

ഒരു സ്റ്റോക്ക് മാര്‍ക്കറ്റ് വ്യാപാരിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായിരുന്നു ജുന്‍ജുന്‍വാല. ഹംഗാമ മീഡിയ, ആപ്ടെക് എന്നിവയുടെ ചെയര്‍മാനായും വൈസ്രോയ് ഹോട്ടല്‍സ്, കോണ്‍കോര്‍ഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

വെള്ളിയാഴ്ച (ആഗസ്റ്റ് 12) കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ നിന്ന് (സിയാല്‍) ബെംഗളൂരു-കൊച്ചി-ബെംഗളൂരു സെക്ടറില്‍ സര്‍വീസ് ആരംഭിച്ച ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആകാശ എയറിന്റെ സ്ഥാപകനാണ് ജുന്‍ജുന്‍വാല.മുന്‍ ജെറ്റ് എയര്‍വേയ്സ് സിഇഒ വിനോദ് ദുബെ, ഇന്‍ഡിഗോ മുന്‍ മേധാവി ആദിത്യ ഘോഷ് എന്നിവരുമായി ചേര്‍ന്നാണ് അദ്ദേഹം എയര്‍ലൈന്‍ സ്ഥാപിക്കുന്നത്.

 

ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 5.8 ബില്യണ്‍ ഡോളറിലധികം ആയിരുന്നു. 1960 ജൂലൈ 5 നാണ് ജുന്‍ജുന്‍വാല ജനിച്ചത്. മുംബൈയിലെ സിഡെന്‍ഹാം കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ (ICAI) ചേര്‍ന്നു.
അദ്ദേഹം സ്വകാര്യ ഉടമസ്ഥതയിലുള്ള റേര്‍ എന്റര്‍പ്രൈസസ് എന്ന സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനം നടത്തി.

ജുന്‍ജുന്‍വാലയുടെ ഏറ്റവും വലിയ ഹോള്‍ഡിംഗ്‌സ്

ടൈറ്റന്‍, റാലിസ് ഇന്ത്യ, സ്റ്റാര്‍ ഹെല്‍ത്ത്, എസ്‌കോര്‍ട്ട്സ്, കാനറ ബാങ്ക്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, അഗ്രോ ടെക് ഫുഡ്സ്, നസാര ടെക്നോളജീസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്നു. മൊത്തത്തില്‍, ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ (Q1 FY 2022-23) അദ്ദേഹത്തിന് 47 കമ്പനികളില്‍ ഓഹരിയുണ്ടായിരുന്നു.ഏകദേശം 11,000 കോടി രൂപ മൂല്യമുള്ള ടൈറ്റന്‍ കമ്പനിയാണ് ജുന്‍ജുന്‍വാലസിന്റെ ഏറ്റവും വലിയ ഓഹരി. ട്രെന്‍ഡ്ലൈനില്‍ ലഭ്യമായ ഡാറ്റ അനുസരിച്ച്, 'ബിഗ് ബുള്‍' തന്റെ ഭാര്യയ്ക്കൊപ്പം ജൂണ്‍ 30 വരെ കമ്പനിയില്‍ 5 ശതമാനത്തിലധികം ഓഹരി കൈവശം വച്ചിട്ടുണ്ട്.

കാലാവസ്ഥയും മരണവും വിപണിയും സ്ത്രീകളും ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്ന് ജുന്‍ജുന്‍വാല ഒരിക്കല്‍ പറഞ്ഞു. ഇക്വിറ്റി നിക്ഷേപകന്റെ കാര്യത്തില്‍ ഇത് സത്യമാണ്, കാരണം നിക്ഷേപക സമൂഹം മുഴുവന്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയി.

2021-ലെ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു, 'അപകടസാധ്യതയാണ് ജീവിതത്തിന്റെ സത്ത. നിങ്ങള്‍ റിസ്‌ക് എടുക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ഒന്നുമല്ല.'

അദ്ദേഹത്തിന്റെ മികച്ച ആശയവിനിമയ കഴിവുകള്‍ ചെറുകിട നിക്ഷേപകരെ ഓഹരി വിപണി മനസ്സിലാക്കാന്‍ സഹായിച്ചുവെന്ന് 30 വര്‍ഷത്തിലേറെയായി അദ്ദേഹവുമായി ഇടപഴകിയ വ്യവസായികളും ബാങ്കര്‍മാരും പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.