Sections

ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ ആയി രജത് വർമ്മ മാർച്ചിൽ ചുമതലയേൽക്കും

Wednesday, Jan 01, 2025
Reported By Admin
Rajat Verma to Succeed Surojit Shome as DBS Bank India CEO on March 1, 2025

കൊച്ചി: 2025 മാർച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രജത് വർമ്മ ചുമതലയേൽക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ ഇൻസ്റ്റിറ്റിയൂഷണൽ ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായ രജത് വർമ്മ സിഇഒ ആയി ചുമതലയേൽക്കുക. ഇതോടെ ഡിബിഎസ് ഗ്രൂപ്പ് മാനേജ്മെന്റ് കമ്മിറ്റിയിലും വർമ അംഗമാകും.

2015ൽ സിഇഒ ആയതിന് ശേഷം 2016ൽ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ബാങ്കായ ഡിജി ബാങ്കിന്റെ അവതരണം പോലുള്ള നിരവധി പദ്ധതികളിലൂടെ ഷോം ഇന്ത്യയിൽ ഡിബിഎസ് ബാങ്കിന്റെ സാന്നിധ്യം വർധിപ്പിച്ചു. 2019ൽ ഇന്ത്യയിൽ ഡിബിഎസ് ബാങ്കിന്റെ അനുബന്ധവത്ക്കരണത്തിനും 2020ൽ ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയനത്തിനും അദ്ദേഹം നേതൃത്വം നൽകി. ഇന്ന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 350 നഗരങ്ങളിൽ ഡിബിഎസ് ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ബാങ്കുകളുടെ ഫോർബ്സിന്റെ പട്ടികയിൽ 2020 - 2022 കാലയളവിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഡിബിഎസ് ബാങ്ക് ഇടംപിടിച്ചിട്ടുണ്ട്.

രജത് വർമ്മയ്ക്ക് ബാങ്കിംഗ് രംഗത്ത് 27 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. 2023 ജൂണിലാണ് ഡിബിഎസിൽ ഐബിജി മേധാവിയായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2024ൽ ഗ്ലോബൽ ഫിനാൻസ് ഇന്ത്യയിലെ സുസ്ഥിര ധനകാര്യത്തിനുള്ള ഏറ്റവും മികച്ച ബാങ്കായി ഡിബിഎസിനെ തിരഞ്ഞെടുത്തു.

ഡിബിഎസ് ബാങ്കിനെ സംബന്ധിച്ചടത്തോളം കഴിഞ്ഞ മുപ്പത് വർഷക്കാലമായി ഇന്ത്യയൊരു സുപ്രധാന മാർക്കറ്റ് ആണെന്നും സുരോജിത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷം കൊണ്ട് ഡിബിഎസ് ഇന്ത്യ മികച്ച രീതിയിൽ വളരുകയും ഇൻസ്റ്റിറ്റിയൂഷണൽ ബാങ്കിംഗ്, വെൽത്ത്, റീട്ടെയിൽ വിഭാഗങ്ങളിൽ സമ്പൂർണ സേവന സംവിധാനമായി വളരുകയും ചെയ്തെന്ന് ഡിബിഎസ് സിഇഒ പിയൂഷ് ഗുപ്ത പറഞ്ഞു. ദീർഘ വീക്ഷണവും പ്രതിജ്ഞാബദ്ധതയും കൊണ്ട് ഡിബിഎസ് ഇന്ത്യയെ ഇന്ന് കാണുന്ന നിലയിലേക്ക് വളർത്തിയതിന് സുരോജിത്തിനോട് നന്ദി പറയുന്നു. ബാങ്കിംഗ് വിദഗ്ദനായ രജത് ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് കൂടുതൽ ഉറപ്പിച്ചു. വരും വർഷങ്ങളിലും ഇന്ത്യയുടെ വളർച്ചയിൽ ഒപ്പം നിൽക്കാൻ ഡിബിഎസ് ബാങ്ക് ഉണ്ടാകും. ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് വളർത്താൻ രജിത്തിന് സാധിക്കുമെന്നതിൽ തനിക്ക് ഉറപ്പുണ്ടെന്നും ഗുപ്ത പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.