Sections

പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പേവിഷ പ്രതിരോധ നടപടികള്‍ സംഘടിപ്പിക്കും: ആരോഗ്യ മന്ത്രി

Wednesday, Sep 28, 2022
Reported By admin
minister

2025ഓടെ പേവിഷ ബാധയേറ്റുള്ള മരണം സംസ്ഥാനത്തില്ലാതാക്കുക എന്നതാണ് ലക്ഷ്യം


പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പേവിഷ പ്രതിരോധ നടപടികള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ലോക പേവിഷബാധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നായകളുടെയും പൂച്ചകളുടെയും കടിയേല്‍ക്കുന്ന സാഹചര്യം വര്‍ധിക്കുകയാണ്. ഈ വര്‍ഷം 1,97,000 പട്ടി കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

എത്ര ചെറിയ മുറിവാണെങ്കിലും പട്ടി കടിയേറ്റാല്‍ 15 മിനിറ്റ് ഒഴുകുന്ന വെളളത്തില്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. വൈറസിനെ ഇല്ലാതാക്കാനുള്ള ആദ്യ പ്രതിരോധ മാര്‍ഗമാണിത്. തുടര്‍ന്ന് എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയുടെ സേവനം തേടണം. സംസ്ഥാനത്തെ 537 ആശുപത്രികളില്‍ വാക്സിനേഷനുളള IDRV സംവിധാനം നിലവിലുണ്ട്. മറ്റൊരു ചികില്‍സയായ ഇമ്മ്യൂണോ ഗ്ലോബലിന്‍ കാറ്റഗറി അനുസരിച്ച് മുറിവുള്ള ഭാഗത്ത് കുത്തിവെക്കുന്ന ആന്റിബോഡിയാണ്.

ഏകാരോഗ്യം പേവിഷബാധ മരണങ്ങള്‍ ഒഴിവാക്കാം എന്നതാണ് ഈ വര്‍ഷത്തെ പേവിഷബാധ ദിനാചരണത്തിന്റെ പ്രമേയം. ഇതിന്റെ ഭാഗമായി മുഴുവന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്സിനേഷന്‍ ലൈസന്‍സും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പേവിഷം ബാധിച്ച മൃഗങ്ങളെ കൊല്ലുന്നതിന് സുപ്രീം കോടതിയോട് അനുവാദം ചോദിച്ചിട്ടുണ്ട്.

2025ഓടെ പേവിഷ ബാധയേറ്റുള്ള മരണം സംസ്ഥാനത്തില്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ജില്ല ആശുപത്രികള്‍ മോഡല്‍ ക്ലിനിക്കുകളാക്കും. പേവിഷബാധ പ്രതിരോധ ചികില്‍സ സൗകര്യങ്ങളെല്ലാം കേന്ദ്രീകൃതമായി ലഭ്യമാക്കുക അതോടൊപ്പം രോഗികള്‍ക്കാവശ്യമായ ആത്മവിശ്വാസം നല്‍കുക എന്നതുമാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.