- Trending Now:
ലോകത്ത് ആരോട് ചോദിച്ചാലും സ്വന്തമായി ഒരു ബിസിനസ് തുടങ്ങി നാല് കാശ് സമ്പാദിക്കാന്‍ ഉള്ളിന്റെയുള്ളില്‍ എങ്കിലും ആഗ്രഹമുണ്ടെന്ന് പറയും.പക്ഷെ എല്ലാവര്‍ക്കും ബിസിനസ് മേഖലയിലേക്ക് ഇറങ്ങാനും സാധിക്കില്ല അതിന് പലവിധങ്ങളായ കാരണങ്ങളുണ്ടാകാം. നേരിട്ട് മറ്റൊരു കരിയര്‍ മേഖലയിലേക്കും പോകാതെ സംരംഭം തുടങ്ങുന്നവരുണ്ട്.അതുപോലെ വര്‍ഷങ്ങളായി ജോലി ചെയ്ത പരിചയവുമായി ബിസിനസ് ചെയ്യാനിറങ്ങുന്നവരുണ്ട്.ഒരു ജോലിയില്‍ നിന്നും സംഭരംഭകനിലേക്ക് മാറുന്ന ഘട്ടത്തില്‍ ഒരു വ്യക്തി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു നമുക്ക് നോക്കാം.
എന്താണ് ബിസിനസ് എന്ന് ഒരു കൊച്ച് കുഞ്ഞിനോട് ചോദിച്ചാല്‍ പോലും ഉത്തരം കിട്ടും.പണമുണ്ടാക്കാനായി സാധനങ്ങള്‍ വാങ്ങുകയോ, നിര്‍മ്മിക്കുകയോ,വില്‍ക്കുകയോ,സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്ന പ്രവൃത്തിയാണ് ബിസിനസ്.അടിസ്ഥാനപരമായി ബിസിനസ് എന്താണെന്ന് ചോദിച്ചാല്‍ പക്ഷെ പലര്‍ക്കും ഉത്തരമറിയുന്നുണ്ടാകില്ല. ബിസിനസ് എന്നത് പ്രതിഫലം പറ്റിക്കൊണ്ട് നല്‍കുന്ന സേവനമാണ് ഈ അടിസ്ഥാന തത്വം അറിയാതെയാണ് മിക്കവരും ബിസിനസ്സിന് ഇറങ്ങിപ്പുറപ്പെടുന്നത്.ഒരു ജോലിയില്‍ നിന്ന് ബിസിനസിലേക്ക് പോകുമ്പോഴും എന്താണ് ബിസിനസ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
ജോലി താത്പര്യമില്ല അതുകൊണ്ട് സംരംഭം
ചെയ്തുകൊണ്ടിരിക്കുന്ന ജോലി മടുപ്പുളവാകുന്നതുകൊണ്ടാണോ, അല്ലെങ്കില്‍ ജോലിയില്‍ നിന്നും രക്ഷനേടാനുള്ള ഒരു ഉപാധി മാത്രായിട്ടാണോ നിങ്ങള്‍ ബിസിനസ്സിനെ കാണുന്നത് എന്ന് ആദ്യം മനസിലാക്കണം. കാരണം ബിസിനസ്സ് ചെയ്യാനുള്ള ആഗ്രഹവും, അത്രമേല്‍ അഭിനിവേശവും ഉണ്ടെങ്കില്‍ മാത്രമേ ബിസിനസ്സ് എന്ന മേഖലയിലേക്ക് വന്നിട്ട് കാര്യമുള്ളൂ. എന്തില്‍ നിന്നെങ്കിലും ഒളിച്ചോടാന്‍ മാത്രമായി ബിസിനസ്സ് ചെയ്താല്‍ അത് പരാജയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍.
പരിചയ സമ്പത്തുണ്ട് അതുകൊണ്ട് ബിസിനസ്
ഏത് മേഖലയിലാണോ ജോലി ചെയ്തിരുന്നത്, ആ ജോലിയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച അറിവിനെയും നിങ്ങളുടെ പ്രവര്‍ത്തിപരിചയത്തെയും ബിസിനസ്സില്‍ മുതല്‍കൂട്ടാക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ ചെയ്തിരുന്ന ജോലി എപ്പോഴും നിങ്ങളുടെ ബിസിനസ്സിന് താങ്ങായി നില്‍ക്കണം.
അഭിനിവേശം ആത്മാര്‍ത്ഥ
ബിസിനസ്സ് ചെയ്യാനുള്ള അടങ്ങാത്ത പാഷനും ത്മാര്‍ത്ഥതയും നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടായിരിക്കണം. ബിസിനസ്സിനെ നിങ്ങളുടെ ജീവവായുവായി കണ്ടുകൊണ്ട് മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുമ്പോള്‍ മാത്രമേ ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകുകയുള്ളു.
വളരെ ചെറിയ രീതിയില്‍ തുടങ്ങാം
ഒരു ജോലിയില്‍ നിന്നും ബിസിനസ്സിലേക്ക് കടക്കുമ്പോള്‍ എപ്പോളും ചെറിയ രീതിയില്‍ ബിസിനസ്സ് തുടങ്ങുവാന്‍ ശ്രദ്ധിക്കണം. പടിപടിയായി ബിസിനസ്സിനെ മുന്നോട്ട് കൊണ്ടുകപോകാനാണ് ശ്രമിക്കേണ്ടത്.
ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസവും വളരെ വലുതായിരിക്കും. ഒരു രാത്രികൊണ്ട് ബിസിനസ്സിനെ വളര്‍ത്തിവലുതാക്കിയ ഒരു വ്യക്തിയും നമുക്ക് ചുറ്റുമില്ല. അതുകൊണ്ട് പടിപടിയായി മുന്നോട്ട് പോകാനാണ് പഠിക്കേണ്ടത്.
ഉപഭോക്താക്കളുടെ മനസ്സറിയുക
ബിസിനസ്സില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ഒരു ചെറിയ വിഭാഗം ഉപഭോക്താക്കളുമായി സംവദിക്കാന്‍ ശ്രമിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നത്തിന് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് മനസിലാക്കുവാന്‍ സാധിക്കും. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ ഉത്പന്നങ്ങള്‍ എങ്ങനെ ഉപകാരപ്രദമായി നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് മനസിലാക്കുവാന്‍ സാധിക്കുകയുള്ളു.
രൂപീകരണം ശ്രദ്ധിക്കണം
നിലവില്‍ നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബിസിനസ്സിന് വ്യക്തമായ ഒരു ഘടന നിര്‍മ്മിച്ചെടുക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. എന്തെല്ലാം സേവനങ്ങളാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത് എന്നും, എത്ര വിഭാഗങ്ങളാണ് സ്ഥാപനത്തില്‍ വേണ്ടത് എന്നും, ഇങ്ങനെ ബിസിനസ്സിനെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സ്ഥാപനത്തില്‍ മികച്ച ഒരു ഘടന രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.
വിപണി ചിന്തിക്കണം
ബിസിനസ്സിന് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് വ്യക്തമായ ഒരു മാര്‍ക്കറ്റിംഗ് പ്ലാന്‍. നമ്മുടെ ഉത്പന്നങ്ങളെ കൃത്യമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുവാന്‍ പാകത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ക്കറ്റിംഗ് പ്ലാന്‍ ഉണ്ടാക്കുകയാണ് വേണ്ടത്.
ബിസിനസ് ടീം പ്രധാനപ്പെട്ട കാര്യം
ഒരിക്കലും ബിസിനസ്സ് എന്നുപറയുന്നത് ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചുമുന്നോട്ട് പോകുന്ന ഒന്നല്ല. ഒരു നല്ല ടീം പ്ലേ തന്നെയാണ് ബിസിനസ്സ്. നമ്മുടെ ബിസിനസ്സ് സ്വപ്നങ്ങളെ സാക്ഷാത്കരി ക്കുവാന്‍ നമ്മുടെ കൂടെ നില്‍ക്കുന്ന ആത്മാര്‍ത്ഥതയുള്ള മികച്ച ഒരു ടീമിനെ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ബിസിനസ്സില്‍ ശ്രദ്ധ നല്‍കണം
ഒരു നിശ്ചിത സമയത്തിനുശേഷം നിങ്ങളുടെ ബിസിനസ്സ് വളര്‍ന്നുതുടങ്ങി എന്ന് വ്യക്തമായി ബോധ്യപ്പെട്ടാല്‍ അടുത്ത ക്ഷണം ജോലിയില്‍ നിന്നും പിന്മാറി മുഴുവന്‍ സമയവും ബിസിനസ്സിലേക്ക് തിരിയുകയാണ് വേണ്ടത്. പിന്നീടങ്ങോട്ട് പൂര്‍ണമായും ബിസിനസ്സിലേക്ക് ശ്രദ്ധകൊടുക്കുകയാണ് വേണ്ടത്.
പഠനം തുടര്‍ന്നുകൊണ്ടേയിരിക്കുക
തുടര്‍ച്ചയായ പഠനം നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുകയേയുള്ളൂ. ഒരു സംഭരംഭകന്‍ നിരന്തരമായി പഠിച്ചുകൊണ്ടേയിരിക്കണം. പഠിക്കുമ്പോള്‍ മാത്രമേ പുതിയ അവസരങ്ങളും സാധ്യതകളും അറിയുവാന്‍ സാധിക്കുകയുള്ളു.
ബിസിനസ്സിലെ ലാഭവും, വളര്‍ച്ചയും ഒക്കെ എത്രത്തോളം ബിസിനസ്സ് നമ്മള്‍ കൈകാര്യം ചെയ്യുന്നു, എന്നതിന്റെ വ്യാപ്തി അനുസരിച്ചാണ് ഉണ്ടാവുക. അത് തന്നെയാണ് ബിസിനസ്സിന്റെ പ്രധാന ഗുണവും, ആകര്‍ഷണവും.ബിസിനസ് വളരുന്നത് വരെ ഒപ്പം തന്നെ നിന്ന് അധ്വാനിച്ചാല്‍ പിന്നെ ജീവനക്കാരുടെ സഹായത്താല്‍ വരുമാന വര്‍ദ്ധനവ് ഉണ്ടാക്കാന്‍ ബിസിനസില്‍ സാധിക്കും.അതായത് ഒരു സിനിമയ്ക്ക് പോയാലോ,ഉല്ലാസ യാത്ര പോകുമ്പോഴും ഒക്കെ വരുമാനവും ലാഭവും വളര്‍ന്നു കൊണ്ടേയിരിക്കും എന്നതാണ്, ബിസിനസ്സിനെ തൊഴിലില്‍ നിന്നും വ്യത്യസ്തവും, മികച്ചതുമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.