Sections

കോവിഡില്‍ കരുത്തനായി ക്വിക്ക് കൊമേഴ്‌സ്; അനന്ത സാധ്യതകള്‍

Monday, Feb 28, 2022
Reported By admin
quick commerce

ക്വി്ക്ക് കൊമേഴ്‌സ് മേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ അനന്ത സാധ്യതകളാണുള്ളത്


കോവിഡ് കാലത്ത് രാജ്യത്ത് വ്യാപകമായ ഓണ്‍ലൈന്‍ ഗ്രോസറി ഇന്ന് സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. രാജ്യത്തെ നാല് കുടുംബങ്ങളില്‍ ഒരാള്‍ എന്ന നിലയ്ക്ക് ഓണ്‍ലൈനായി പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ക്വിക്ക് സര്‍വീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്ന് സര്‍വ്വേ കണ്ടെത്തി. 2020 മാര്‍ച്ചില്‍ പാന്‍ഡമികിന്റെ ആദ്യ ഘട്ടം മുതല്‍, നിരവധി കുടുംബങ്ങള്‍ എല്ലാത്തരം ഷോപ്പിംഗ് ആവശ്യങ്ങള്‍ക്കുമായി ഇ-കൊമേഴ്സ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും ആകൃഷ്ടരായിരുന്നു. 

അവര്‍ക്ക് ആവശ്യമുള്ളത് വീട്ടുപടിക്കല്‍ എത്തുകയും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ ക്വിക്ക് കൊമേഴ്‌സ് ആപ്പുകള്‍ക്ക് വളരെ വേഗം പ്രചാരം നേടാനായി. ക്വിക്ക് കൊമേഴ്‌സിന്റെ ആവിര്‍ഭാവം ഡെലിവറി സമയം 12-24 മണിക്കൂറില്‍ നിന്ന് 10-60 മിനിറ്റായി കുറച്ചു കൊണ്ട് ഡെലിവറി ലാന്‍ഡ്സ്‌കേപ്പിനെ മാറ്റിയെന്ന് ലോക്കല്‍ സര്‍ക്കിള്‍സ് റിപ്പോര്‍ട്ട് പറയുന്നു.

2025 ഓടെ 5 ബില്യണ്‍ ഡോളര്‍ വിപണി

പലചരക്ക് സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നവരില്‍ 8 ശതമാനം പേരും അതിവേഗ ഡെലിവറിക്കാണ് മുന്‍ഗണന നല്‍കുന്നത്. അതേസമയം 86 ശതമാനം ഷോപ്പര്‍മാരുടെയും പ്രധാന മാനദണ്ഡം സെലക്ഷന്‍, ലഭ്യത, മൂല്യം എന്നിവയാണ്.10 വീടുകളില്‍ ഒരാള്‍ ക്വിക്ക് കൊമേഴ്സ് ആപ്പുകള്‍ വഴി പ്രതിമാസം 10 ഓര്‍ഡറുകള്‍ നല്‍കുന്നുണ്ട്. 

ഫാസ്റ്റ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്ന കുടുംബങ്ങളില്‍ 71 ശതമാനം പേരും അവശ്യസാധനങ്ങള്‍ അല്ലെങ്കില്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നു. 29 ശതമാനം പേര്‍ അവരുടെ ദൈനംദിന പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നു. പൈലറ്റ് പ്രോഗ്രാമില്‍ ഇന്‍സ്റ്റമാര്‍ട്ട്, ബ്ലിങ്കിറ്റ്, ഫ്‌ലിപ്കാര്‍ട്ട് എന്നിവ ഡെലിവറിയില്‍ മുന്നിലെത്തിയപ്പോള്‍ ബിഗ് ബാസ്‌കറ്റ്, സെലക്ഷനിലും സര്‍വീസിലും ഒന്നാമതായെന്ന് സര്‍വ്വെ സൂചിപ്പിക്കുന്നു. 

ആമസോണ്‍ ഫ്രഷ്, സര്‍വീസിലാണ് മുന്നിലെത്തിയതെങ്കില്‍ ജിയോമാര്‍ട്ട് വാല്യുവിലും സെലക്ഷനിലും റേറ്റിംഗ് നേടി. പുതിയ പ്ലാറ്റ്ഫോമായ സെപ്റ്റോ, ഓല ഡാഷ് എന്നിവയും ഫാസ്റ്റ് ഗ്രോസറി ഡെലിവറിയില്‍ ഇപ്പോള്‍ രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റെഡ്സീര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ ക്വിക്ക് കൊമേഴ്‌സ് മേഖല അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10-15 മടങ്ങ് വളര്‍ച്ച നേടി 2025 ഓടെ 5 ബില്യണ്‍ ഡോളര്‍ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തെ 272 ജില്ലകളിലെ വീടുകളില്‍ നിന്ന് 30,000-ത്തിലധികം പ്രതികരണങ്ങള്‍ സര്‍വേയ്ക്ക് ലഭിച്ചു. പ്രതികരിച്ചവരില്‍ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ്. ലോക്കല്‍ സര്‍ക്കിള്‍സ് പ്ലാറ്റ്ഫോം വഴിയാണ് സര്‍വേ നടത്തിയത്. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ക്വി്ക്ക് കൊമേഴ്‌സ് മേഖലയ്ക്ക് വരും വര്‍ഷങ്ങളില്‍ അനന്ത സാധ്യതകളാണുള്ളത്. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.