- Trending Now:
റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് വില്പനയ്ക്കായി പരസ്യപ്പെടുത്തുമ്പോൾ പ്രൊജക്റ്റിന്റെ വിശദാംശങ്ങളിലേക്കുള്ള ക്യൂ ആർ കോഡ് ഇനി മുതൽ നിർബന്ധമായും പ്രദർശിപ്പിക്കണം. സെപ്തംബർ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പുറത്തിറക്കി.
പരസ്യത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെ-റെറ രജിസ്ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം തന്നെ വ്യക്തമായി കാണത്തക്ക വിധം വേണം ക്യൂ ആർ കോഡ് പ്രദർശിപ്പിക്കാൻ. പത്രമാധ്യമങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ, ബ്രോഷറുകൾ, പ്രൊജക്റ്റ് സൈറ്റിൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ഹോർഡിങ്ങുകൾ, സമൂഹമാധ്യമങ്ങൾ, ഡെവലപർമാരുടെ വെബ്സൈറ്റ്, അവരുടെ ഓഫീസ് തുടങ്ങി എവിടെയെല്ലാം പരസ്യം പ്രദർശിപ്പിച്ചാലും ക്യൂ ആർ കോഡ് നിർബന്ധമാണ്. പ്രൊമോട്ടർമാർക്ക് തങ്ങളുടെ പ്രൊജക്റ്റിന്റെ ക്യൂ ആർ കോഡ് കെ-റെറ പോർട്ടലിലുള്ള പ്രൊമോട്ടേഴ്സ് ഡാഷ്ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ കെ-റെറയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ചേർത്ത റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ഉപഭോക്താവിന് കാണാൻ സാധിക്കും. രജിസ്ട്രേഷൻ നമ്പർ, സാമ്പത്തിക പുരോഗതി, പൊതുസൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിർമാണ പുരോഗതി, ത്രൈമാസ പുരോഗതി റിപ്പോർട്ട്, അംഗീകൃത പ്ലാനുകൾ തുടങ്ങി പ്രൊജക്റ്റിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വരെ ഇതിൽപ്പെടും. റിയൽ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയിലേക്കുള്ള ഒരുവലിയ ചുവടുവയ്പായിരിക്കും ഈ നീക്കമെന്ന് കെ-റെറ ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. ഉത്തരവ് rera.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരവിന്റെ PDF ഫയൽ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.