- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിലൊന്നായ പ്യുവർ ഇവി, അർവ ഇലക്ട്രിക് വെഹിക്കിൾസ് മാനുഫാക്ചറിങ് എൽഎൽസിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ക്ലാരിയോൺ ഇൻവെസ്റ്റ്മെൻറ് എൽഎൽസിയുടെ അനുബന്ധ സ്ഥാപനമാണ് അർവ ഇലക്ട്രിക്. മിഡിൽ ഈസ്റ്റ്, ആഫ്രിക്കയിലുള്ള ഉപഭോക്താക്കൾക്ക് സുസ്ഥിര മൊബിലിറ്റി ഓപ്ഷനുകൾ ലഭ്യമാക്കാനും, ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വിതരണവും വിൽപനയും വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സഹകരണം.
പ്യുവർ ഇവിയുടെ മുൻനിര മോഡലുകളായ ഇക്കോഡ്രിഫ്റ്റ്, ഇട്രിസ്റ്റ് എക്സ് എന്നിവയുടെ 50,000 യൂണിറ്റുകൾ പ്രാരംഭഘട്ടമെന്ന നിലയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ അർവ ഇവിക്ക് വിതരണം ചെയ്യും. തുടർന്ന് പ്രതിവർഷം 60,000 യൂണിറ്റായി വിതരണം വർധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ വളർന്നുവരുന്ന വിപണികളിൽ പ്യുവർ ഇവിയുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്യും.
പുതുമയോടും ഉപയോക്തൃ അനുഭവത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത, മാർക്കറ്റ്-റെഡി ഓഫറിങ്സ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയും ചെയ്യുന്നുണ്ടെന്ന് പ്യുവർ ഇവി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. നിശാന്ത് ഡോഗാരി പറഞ്ഞു. വിൽപന വർധിപ്പിക്കുക മാത്രമല്ല മിഡിൽ ഈസ്റ്റിലും ആഫ്രിക്കൻ വിപണികളിലും തങ്ങളുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ അതിവേഗം സ്വീകാര്യത ലഭിക്കുന്ന പ്രദേശങ്ങളിൽ സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. അർവ ഇലക്ട്രിക്കുമായി ചേർന്ന് തങ്ങളുടെ സാമർഥ്യവും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ ആഗോളതലത്തിൽ ഇവി മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്താനും തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ ആൻഡ് ഡിയിലെയും അത്യാധുനിക സാങ്കേതികവിദ്യയിലെയും അവരുടെ വൈദഗ്ധ്യം കാര്യക്ഷമവും വിശ്വസനീയവുമായ ഇരുചക്ര വാഹനങ്ങൾ നിർമിക്കാൻ സഹായിക്കുന്നതിനാൽ പ്യുവർ ഇവിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അർവ ഇലക്ട്രിക് വെഹിക്കിൾസ് മാനുഫാക്ചറിങ് എൽഎൽസി മാനേജിങ് ഡയറക്ടർ അനിയൻ കുട്ടി പറഞ്ഞു. കാർബൺ നിർഗമനം കുറയ്ക്കുന്നതിനും ഈ മേഖലകളിലെ പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ പരിസ്ഥിതി സൗഹൃദ മൊബിലിറ്റി പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് കമ്പനികളും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-2031 കാലയളവിൽ യുഎഇയിലെ ഇലക്ട്രിക് ടൂവീലർ വിപണി 9.11 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് വിദഗ്ധ വിലയിരുത്തൽ. ഇത് 2023ലെ 29.97 മില്യൺ ഡോളറിൽ നിന്ന് 2031ൽ 60.19 മില്യൺ ഡോളറായി ഉയരുകയും ചെയ്യും. ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ലഭ്യത, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം, പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് ഇവി വാഹനങ്ങളുടെ വർധിച്ച കാര്യക്ഷമത എന്നിവ കാരണം യുഎഇയിൽ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയുടെ ആവശ്യം ഉയരുമെന്നാണ് പ്രതീക്ഷ.
വിപണി സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനനുസരിച്ച് മോട്ടോർസൈക്കിളുകളുമായി ബന്ധപ്പെട്ട എല്ലാ ഇൻറലക്ച്വൽ പ്രോപ്പർട്ടി അവകാശവങ്ങളും കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യകളുടെ സംരക്ഷണവും പ്യുവർ ഇവി തന്നെ പരിപാലിക്കും. പ്രവർത്തനത്തിനുള്ള അനുമതികൾക്ക് ശേഷം മിഡിൽ ഈസ്റ്റ് വിപണിയിൽ വിൽക്കാൻ അംഗീകാരം ലഭിക്കുന്ന ഒരേയൊരു ഇന്ത്യൻ ഇലക്ട്രിക് മോട്ടോർസൈക്കിൾസാണ് പ്യുവർ ഇവി മോട്ടോർസൈക്കിളുകൾ. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വിവിധ ആനുകൂല്യങ്ങളും സബ്സിഡിയും നൽകാനും യുഎഇ സർക്കാർ പദ്ധതിയിടുന്നുണ്ട്.
മോട്ടോർ സൈക്കിളുകൾ വിതരണം ചെയ്യുന്നതിനു പുറമേ വിതരണ പ്രക്രിയയിലുടനീളം വൈദഗ്ധ്യവും പിന്തുണയും നൽകുന്ന അർവ ഇലക്ട്രിക്കിൻറെ സ്ട്രാറ്റജിക് ടെക്നോളജി പാർട്ണറായും പ്യുവർ ഇവി പ്രവർത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.