Sections

ഇന്ത്യയുടെ 75 സ്വാതന്ത്ര്യ വര്‍ഷങ്ങള്‍.. അഭിമാനാര്‍ഹമായ ഇന്ത്യന്‍ ബിസിനസ് പാരമ്പര്യങ്ങള്‍

Monday, Aug 15, 2022
Reported By admin

പേര് പറഞ്ഞാല്‍ തീരാത്തത്ര മറ്റ് കമ്പനികളും ഇന്ത്യയുടെ അഭിമാനാര്‍ഹമായ ബിസിനസ് പാരമ്പര്യത്തിന് അടിത്തറ പണിതിട്ടുണ്ടെങ്കിലും അവയില്‍ ചില കമ്പനികളെ കുറിച്ച് മനസിലാക്കാം


ഇന്ത്യ ഇന്ന് 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാജ്യം സ്വന്തം ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടും 75 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അനവധി ബിസിനസുകള്‍ ഈ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഓരോ ദിവസവും പുതിയ പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ് ഇന്ത്യ. സ്വാതന്ത്ര്യത്തിന്റെ ഈ അവസരത്തില്‍, ചില സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഭിമാനമായി നിലക്കൊള്ളുന്നു. പേര് പറഞ്ഞാല്‍ തീരാത്തത്ര മറ്റ് കമ്പനികളും ഇന്ത്യയുടെ അഭിമാനാര്‍ഹമായ ബിസിനസ് പാരമ്പര്യത്തിന് അടിത്തറ പണിതിട്ടുണ്ടെങ്കിലും അവയില്‍ ചില കമ്പനികളെ കുറിച്ച് മനസിലാക്കാം.

ടൈംസ് ഓഫ് ഇന്ത്യ 

ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ നെടുംതൂണായി മാറിയ സ്ഥാപനമാണ് ടൈംസ് ഓഫ് ഇന്ത്യ (ബെനറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ്) ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അഭിമാനമായി 1838 മുതല്‍ ഈ കമ്പനിയുണ്ട്. 1948 ല്‍ സാഹു ജെയിന്‍ കുടുംബം കമ്പനിയുടെ ഉടമസ്ഥരായി. രാജ്യത്തിന്റെ മുഖമായി മാറിയ പത്രം, ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകം കൂടിയായി വര്‍ത്തിക്കുന്നു. 1980 കളോടെ ജേണലിസത്തിന് പുതിയ മുഖം നല്‍കുകയും, പിന്നീട് ടിവി, ഇന്റര്‍നെറ്റ് മുതലായ മേഖലകളിലേക്ക് ചുവടു വെയ്ക്കുകയും ചെയ്ത സ്ഥാപനം ഇന്ന് ലോകത്തിലെ തന്നെ വലിയ മാധ്യമ വ്യവസായങ്ങളില്‍ ഒന്നാണ്. 

എസ്ബിഐ 

രാജ്യത്തിന്റെ ഏത് കോണില്‍ പോയാലും ഒരു എസ്ബിഐ ബ്രാഞ്ച് കാണാം. എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള ബാങ്കര്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാവുന്നത് ഇവിടെ കാണാം. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇംപീരിയല്‍ ബാങ്ക് എന്ന പേരിലാണ് എസ്ബിഐ അറിയപ്പെട്ടിരുന്നത്. അന്ന് 172 ബ്രാഞ്ചുകളും, 11.85 കോടിയുടെ ആസ്തിയുമാണ് ഉണ്ടായിരുന്നത്. ഇന്ന് 24,000 ല്‍ അധികം ബ്രാഞ്ചുകളാണ് ഇന്ത്യയില്‍ എസ്ബിഐക്ക് ഉള്ളത്. 35 രാജ്യങ്ങളിലായി 190 ല്‍ അധികം ഓഫീസുകളും ബാങ്കിനുണ്ട്.

പാര്‍ലെ-ജി 

പാര്‍ലെ-ജി ബിസ്‌ക്കറ്റ് കാലങ്ങളായുള്ള മിക്ക ഇന്ത്യക്കാരുടെയും ശീലങ്ങളില്‍ ഒന്നു കൂടിയാണ്. സ്വദേശി സമരകാലത്ത് 1929 ല്‍ മോഹന്‍ലാല്‍ ചൗഹന്‍ സ്ഥാപിച്ചതാണ് കമ്പനി. വില കൂടിയ ബ്രിട്ടീഷ് ബിസ്‌ക്കറ്റുകള്‍ക്കുള്ള ഇന്ത്യയിലെ മറുപടി കൂടിയായിരുന്നു പാര്‍ലെ-ജി. മറ്റ് ഗ്ലൂക്കോസ് ബിസക്കറ്റുകളില്‍ നിന്ന് ഇടക്കാലത്ത് കടുത്ത മത്സരം നേരിട്ടെങ്കിലും 1982-ല്‍ പാര്‍ലെ-ജി എന്ന പേര് സ്വീകരിച്ചതോടെ ബ്രാന്‍ഡിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രസ്‌ന 

ദൂരദര്‍ശനിലെ പരസ്യത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി പറയുന്ന വാചകം ഓര്‍ക്കാത്തവരുണ്ടാവില്ല. 'ഐ ലവ് യൂ രസ്‌ന' എന്ന ആ പരസ്യവാചകം ഇന്ത്യയിലെ വലിയ വിഭാഗം മനസ്സു കൊണ്ട് ഏറ്റു പറയുന്നു. 1980 മാര്‍ക്കറ്റ് കീഴടക്കിയ സ്‌ക്വാഷാണ്. പിന്നീട് പല തരം ഡ്രിങ്കുകള്‍ കന്നി ഉല്പാദിപ്പിച്ചു. വലിയ മത്സരം നേരിട്ടപ്പോഴെല്ലാം കപില്‍ ദേവ്, കരിഷ്മ കപൂര്‍, അക്ഷയ് കുമാര്‍ പോലെയുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ച് കമ്പനി കളം തിരിച്ചു പിടിച്ചിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ്

ഒരുപാട് ബൈക്കുകള്‍ക്കിടയില്‍ റോയല്‍ എന്‍ഫീല്‍ഡിനെ തിരിച്ചറിയാന്‍ ഏതു കുഞ്ഞിനും സാധിക്കും. അത് കാഴ്ച കൊണ്ടാണെങ്കിലും, ശബ്ദം കൊണ്ടാണെങ്കിലും. ആ ശബ്ദം മാത്രം മതി കാഴ്ച പോലും വേണ്ട ബ്രാന്‍ഡിനെ തിരിച്ചറിയാന്‍. ഇതാണ് കമ്പനിയുടെ വിജയവും. 1901 ല്‍ ഇംഗ്ലണ്ടിലാണ് ആദ്യ ബൈക്ക് പുറത്തിറങ്ങിയത്. 1950 ല്‍ ഇന്ത്യന്‍ ആര്‍മിക്ക് ഏറ്റവും അനുയോജ്യമായ ബൈക്കാണ് ഇതെന്ന് കണ്ടെത്തി. 1955 ല്‍ മദ്രാസ് മോട്ടോഴ്‌സ് എന്‍ഫീല്‍ഡ് ഇന്ത്യ സ്ഥാപിച്ചു, ഇതാണ് ഇപ്പോഴത്തെ റോയല്‍ എന്‍ഫീല്‍ഡ്. ഐഷര്‍ മോട്ടോഴ്‌സിന്റെ സബ്‌സിഡിയറിയാണിത്. ഇന്ന് എന്‍ഫീല്‍ഡ്, ഉടമകള്‍ക്ക് വെറും ഒരു ബൈക്ക് മാത്രമല്ല, ഒരു ജീവിത രീതി കൂടിയാണ്.

റെയ്മണ്ട് 

പുരുഷന്‍മാര്‍ ക്ലാസിയായി വസ്ത്രം ധരിക്കണമെന്ന് ഇന്ത്യക്കാരെ ആദ്യമായി ഓര്‍മിപ്പിച്ച, ഇപ്പോഴും ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്ന ബ്രാന്‍ഡാണ് റെയ്മണ്ട്. 1925 ലാണ് കമ്പനി ആരംഭിക്കുന്നത്. 1944 ല്‍ ജെ.കെ ഗ്രൂപ്പ് സ്ഥാപനത്തെ ഏറ്റെടുത്തു. ഈട് നില്‍ക്കുന്ന ലക്ഷ്വറി വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭിച്ചത് ഇന്ത്യന്‍ ഫാഷന്‍ സങ്കല്‍പ്പങ്ങളെ തന്നെ മാറ്റി മറിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.