Sections

ചെമ്മീന്‍ കൃഷി ആദായം നേടാന്‍ അറിയേണ്ടതെല്ലാം

Friday, Sep 02, 2022
Reported By admin
agri news

കേരളത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള ചെമ്മീൻ കൃഷി ചെയ്യുന്നുണ്ട്. നാടൻ ഇനമായ “ടൈഗർ ചെമ്മീനും”, ലാറ്റിൻ അമേരിക്കൻ ഇനമായ “വനാമി ചെമ്മീനും

 

കേരളത്തിന്റെ കാലാവസ്ഥയില്‍ ലാഭകരമായി ചെയ്യാന്‍ കഴിയുന്ന ഒരു കൃഷിയാണ് ചെമ്മീന്‍ കൃഷി.ആവശ്യക്കാരേറെയുള്ളതു കൊണ്ട് വളരെ ഉയര്‍ന്ന വിപണന മൂല്യമാണ് ഇതിനുള്ളത്.വരുമാനം ലഭിക്കും എന്നത് പലരെയും ചെമ്മീൻ കൃഷിയിലേക്ക് ആകർഷിക്കുന്നു. എന്നാൽ മറ്റു മത്സ്യ കൃഷികളെക്കാളും കൂടുതൽ ശ്രദ്ധയോടെയും, ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയും ഒക്കെ നടത്തുന്ന ഒരു കൃഷി രീതിയാണ് ചെമ്മീൻ കൃഷിക്ക് ഉള്ളത്. കേരളത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള ചെമ്മീൻ കൃഷി ചെയ്യുന്നുണ്ട്. നാടൻ ഇനമായ “ടൈഗർ ചെമ്മീനും”, ലാറ്റിൻ അമേരിക്കൻ ഇനമായ “വനാമി ചെമ്മീനും”. സാധാരണയായി വലിയ കുളങ്ങളിലാണ് ചെമ്മീൻ കൃഷി ചെയ്യാറുള്ളത്. ഉപ്പിന്റെ അംശം കുറവുള്ള ജലത്തിൽ ‘വനാമി കൃഷി’ നടത്താൻ സാധിക്കാറുണ്ട്. കുളം ഒരുക്കി വിത്ത് ഇടുന്നത് മുതൽ, വിളവെടുക്കുന്നത് വരെ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കൃഷിയാണ് ചെമ്മീൻ കൃഷി.

കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന കുളത്തിലെ ജലം മുഴുവൻ നീക്കം ചെയ്തതിനു ശേഷം, അതിനുള്ളിലെ ചെളിയും, മറ്റു അവശിഷ്ടങ്ങളും എല്ലാം മാറ്റി നല്ലതുപോലെ വൃത്തിയാക്കുക. കുറച്ചു ദിവസം ആ പ്രതലം നന്നായി ഉണക്കുക. ശേഷം കുമ്മായം ഉപയോഗിച്ച്  വൃത്തിയാക്കുക. ഒരു സെന്റിന് ഒരു കിലോഗ്രാം എന്ന കണക്കിൽ  കുമ്മായം വിതറി വൃത്തിയാക്കാം. ഇതിന് ശേഷം നന്നായി അരിച്ച ജലം കുളത്തിൽ നിറയ്ക്കാം. ഒന്ന് മുതൽ, ഒന്നര മീറ്ററോളം പൊക്കത്തിൽ കുളത്തിൽ ജലം നിറയ്ക്കാവുന്നതാണ്. ജലം നിറച്ചതിനു ശേഷം പി.എച്ച് ലായനി ഉപയോഗിച്ച്, പി.എച്ച് പരിശോധിക്കുക. 7 മുതൽ 8.5 വരെയാണ് ചെമ്മീൻ കൃഷിക്ക് അനുയോജ്യമായ പി.എച്ച്. അതിനു ശേഷം കുഞ്ഞുങ്ങളെ നിക്ഷേപിക്കാവുന്നതാണ്. 18 മുതൽ 22 ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് നിക്ഷേപിക്കാൻ അനുയോജ്യം. നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ കാര്യം സൂര്യൻ ഉദിക്കുന്നതിനു മുൻപോ, സൂര്യൻ അസ്തമിച്ചതിനു ശേഷമോ നിക്ഷേപിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. കുഞ്ഞുങ്ങളെ നിക്ഷേപിച്ചത് രാവിലെ ആണെങ്കിൽ തീറ്റ അന്ന് വൈകുന്നേരം കൊടുത്താൽ മതിയാകും.

കുഞ്ഞുങ്ങളെ നിക്ഷേപിച്ചതിനു ശേഷം ദിവസവും രാവിലെയും, വൈകുന്നേരവും ജലത്തിന്റെ പി.എച്ച് പരിശോധിക്കേണ്ടതാണ്. അതുപോലെ തന്നെ ഓരോ പത്തു ദിവസം കൂടുമ്പോഴും കൃത്യമായ ‘മോണിറ്റർ’ ചെയ്യേണ്ടതാണ്. വല വീശാൻ അറിയാവുന്ന ഒരാളുടെ സഹായത്താൽ വല വീശി, ഒരു വലയിൽ എത്ര ചെമ്മീൻ കൊള്ളുന്നു എന്ന നിരക്കിൽ ചെമ്മീനിന്റെ എണ്ണം തിട്ടപ്പെടുത്തേണ്ടതാണ്. ഇതിനോടൊപ്പം തന്നെ ഇവയ്ക്ക് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും.  സാധാരണയായി ചെമ്മീനുകളിൽ കാണപ്പെടുന്ന ഒരു അസുഖം ആണ് “വൈറ്റ് സ്പോട്ട്” എന്ന വൈറസ് രോഗം. നിർഭാഗ്യവശാൽ ഇത് ബാധിക്കുകയാണെകിൽ ഏകദേശം 90% ഓളം കൃഷി നഷ്ടം ഒന്നിച്ചു സംഭവിക്കുന്നതാണ്. മത്സ്യ കൃഷിയ്ക്ക് ഇൻഷുറൻസ് ഉണ്ടെങ്കിലും പൊതുവെ നമ്മുടെ നാട്ടിലെ ചെറുകിട കർഷകർ അത് എടുക്കാറും ഇല്ല.  അതിനാൽ ഇവയ്ക്ക് വ്യക്തമായ ശ്രദ്ധയും, പരിപാലനവും നൽകേണ്ടത് അത്യാവശ്യമാണ്. ചെമ്മീനുകൾക്ക് മറ്റു വൈറസ് രോഗങ്ങൾ വരാതിരിക്കുവാനായി “പ്രോ ബയോട്ടിക് വിറ്റാമിൻ” ഒക്കെ നൽകാവുന്നതാണ്.  മറ്റൊരു പ്രധാനപ്പെട്ട കാര്യം കൃത്യമായ ‘എയറേഷൻ’ നൽകി ജലത്തിലെ ഓക്സിജന്റെ അളവ് ഇടയ്ക്കിടയ്ക്ക് പരിശോധിക്കേണ്ടതാണ്. 

കൃത്യമായ തീറ്റ നൽകുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സാധാരണ ഗതിയിൽ പെല്ലറ്റ് തീറ്റകൾ നൽകാവുന്നതാണ്. ദിവസേന 4 നേരം എന്ന രീതിയിലാണ് തീറ്റ നൽകേണ്ടത്. രാവിലെ 6 മണി, 11 മണി, വൈകിട്ട് 5 മണി, സന്ധ്യക്ക് 7-8 മണി എന്ന സമയ ക്രമത്തിൽ തീറ്റ നൽകുന്നതാണ് ഉചിതം. എന്നാൽ കുഞ്ഞുങ്ങൾ വളർന്നു 90 ദിവസം പിന്നിടുമ്പോൾ 4 നേരം എന്നത് മാറ്റി തീറ്റ 5 നേരം ആക്കിയാൽ വളർച്ച കൂടാറുണ്ട്.  തീറ്റ നൽകുമ്പോൾ കുളത്തിന്റെ എല്ലാ വശത്തും തീറ്റ എത്തിക്കുക.

വളരെ ശ്രദ്ധയോടെ ചെയ്താൽ വളരെ വലിയ നേട്ടം കൈവരിക്കാൻ കഴിയുന്ന ഒരു സംരംഭമാണ് ചെമ്മീൻ കൃഷി. നമ്മുടെ നാട്ടിൽ ഒരുപാട് പേർ ഇത് വിജയകരമായി നടത്തി വരുന്നുണ്ട്. എന്നാൽ ഇതിനെ പറ്റി വളരെ വ്യക്തമായൊരു ധാരണ ഉണ്ടാക്കിയതിന് ശേഷം മാത്രം തുടങ്ങുന്നതായിരിക്കും കൂടുതൽ നല്ലത്. അതിനായി വർഷങ്ങളായി കൃഷി നടത്തി പരിചയം ഉള്ളവരുടെ സഹായം തേടുന്നതോ, അല്ലെങ്കിൽ ഫിഷറീസ് വകുപ്പ് ഇതിനോടനുബന്ധിച്ച് നടത്തുന്ന സെമിനാറുകളിൽ പങ്കെടുത്തു കൂടുതൽ അറിവ് നേടുന്നതോ നന്നായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.