Sections

ഉൽപന്നവൽക്കരണം കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തും

Wednesday, Mar 15, 2023
Reported By admin
kerala

ഉപയോഗപ്രദമായ ധാരാളം ഉല്പന്നങ്ങൾ എൻ ഐ ഐ എസ് ടി പോലുള്ള സ്ഥാപനങ്ങൾ കണ്ടെത്തുന്നുണ്ട്


ഉയർന്ന നിലവാരമുള്ള സ്റ്റാർട്ടപ്പായി വളരാൻ സാധ്യതയുള്ള സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധർ. സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻ.ഐ.ഐ.എസ്.ടി) സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവിലാണ് വിദഗ്ധർ അഭിപ്രായപ്രകടനം നടത്തിയത്.

അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യം) വർഷത്തോടനുബന്ധിച്ച് കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൻറെ (സി.എസ്.ഐ.ആർ) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളിൽ ഒരാഴ്ച നീണ്ടു നില്ക്കുന്ന വൺ വീക്ക് വൺ ലാബ് പ്രോഗ്രാമിൻറെ ഭാഗമായാണ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് സ്റ്റാർട്ടപ്പ് സമ്മേളനം സംഘടിപ്പിച്ചത്.

എൻ ഐ ഐ എസ് ടി പോലുള്ള സ്ഥാപനങ്ങളിലെ നൂതന ഗവേഷണ ആശയങ്ങളും ഉല്പന്നങ്ങളും വാണിജ്യപരമായി നിർമ്മിക്കാനും വിപണിയിലെത്തിക്കാനുമുള്ള സാധ്യതകളെ കുറിച്ച് സമ്മേളനത്തിൽ ചർച്ച ചെയ്തു.

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. എണ്ണത്തിൻറെ കാര്യത്തിൽ മുന്നിലാണെങ്കിലും ഗുണമേൻമയുള്ള 'ഇംപാക്ട് സ്റ്റാർട്ടപ്പുകൾ' വളരെ കുറവാണ്. സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ ധാരാളം ഉല്പന്നങ്ങൾ എൻ ഐ ഐ എസ് ടി പോലുള്ള സ്ഥാപനങ്ങൾ കണ്ടെത്തുന്നുണ്ട്. എന്നാൽ എൺപത് ശതമാനം ഉല്പന്നങ്ങളും വിപണിയിലെത്തുമ്പോൾ സാമ്പത്തികമായി പരാജയപ്പെടുന്നു. വാണിജ്യപരമായി ഇത്തരം നൂതന ഉല്പന്നങ്ങൾ വിജയിക്കുമെന്ന് ഉറപ്പാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ടാറ്റ കോഫി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. ദേവേന്ദ്ര റെഡ്ഡി കൽവ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. എൻ ഐ ഐ എസ് ടി യിലെ ഗവേഷണങ്ങളിലൂടെ വികസിപ്പിക്കുന്ന ഉല്പന്നങ്ങളെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനുള്ള പിന്തുണ നല്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.

പുതിയ ഉല്പന്നങ്ങൾ വികസിപ്പിക്കുന്നതിനാണ് ഏറ്റവും മൂല്യമുള്ളതെങ്കിലും ഉപഭോക്താക്കളാണ് നിലവിൽ കൂടുതൽ. ഇതിനൊരു മാറ്റമുണ്ടാകണമെന്നും നിർമ്മാതാക്കളുടെ എണ്ണം വർധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യപരമായി ഒരു ഗവേഷകന് നേരിട്ട് ഗവേഷണ കണ്ടെത്തലുകളെ പുതിയൊരു ഉല്പന്നമായി വികസിപ്പിക്കാൻ കഴിയും. ഗവേഷകനും സംരംഭകനും ചേർന്നു ഒരു കമ്പനി രൂപീകരിച്ച് മുന്നോട്ട് പോകാൻ സാധിക്കും. ഗവേഷകൻ സ്വയം സംരംഭകൻ ആകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.