Sections

കൈത്തറി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കും: മന്ത്രി പി രാജീവ്

Thursday, Aug 08, 2024
Reported By Admin
Crisis in handloom sector will be resolved: Minister P Rajeev

പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയെ പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ ചർച്ച ചെയ്ത് അവയിൽ സാധ്യമായവ വൈകാതെ നടപ്പിലാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പള്ളിച്ചലിൽ കൈത്തറി ദിനാഘോഷത്തിന്റെ ഉദ്ഘാടനവും മികച്ച കൈത്തറി സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൈത്തറി മേഖലയ്ക്കായി നിയമിച്ച കമ്മീഷന്റെ റിപ്പോർട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും. ഇത് പരിശോധിച്ച് നടപ്പിലാക്കാൻ കഴിയുന്നവ പ്രഖ്യാപിക്കും. കൈത്തറി സംഘങ്ങൾക്ക് നൂൽ ലഭ്യമാക്കുന്നതിനായി രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 200 സംഘങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 70 കോടി മുതൽ മുടക്കിൽ ഒരു കോട്ടൺ ബാങ്ക് രൂപീകരിക്കാനും സർക്കാർ അനുമതി ആയിട്ടുണ്ട്. ഹാൻടെക്സിലെയും ഹാൻവീവിലെയും ഭരണ ചെലവുകൾ കുറയ്ക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കൈത്തറി ഉൽപ്പന്നങ്ങളുടെ ബ്രാൻഡിംഗ് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഉൽപ്പന്നത്തിന്റെ നിർമ്മാണ പ്രക്രിയ മുഴുവൻ വ്യക്തമാക്കുന്ന വിവരങ്ങൾ അതിന്റെ പാക്കറ്റിൽ ക്യു ആർ കോഡ് ആയി നൽകാമെന്നും മന്ത്രി പറഞ്ഞു.

പള്ളിച്ചൽ സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി സുരേഷ് കുമാർ, വിവിധ തദ്ദേശഭരണ പ്രതിനിധികൾ, കൈത്തറി തൊഴിലാളി സംഘടന നേതാക്കൾ, ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.