Sections

കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Wednesday, Jul 24, 2024
Reported By Admin
Narendra Modi appreciated the Union Budget

ലോക്സഭയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനിൻ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

2024-25 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ വർഷത്തെ ബജറ്റിന് എല്ലാ പൗരന്മാരെയും അഭിനന്ദിച്ചു. കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമനും അവരുടെ മുഴുവൻ സംഘവും അഭിനന്ദനം അർഹിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.

'2024-25 ലെ കേന്ദ്ര ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കും', 'ഇത് ഗ്രാമങ്ങളിലെ പാവപ്പെട്ട കർഷകരെ അഭിവൃദ്ധിയിലേക്ക് നയിക്കും', പ്രധാനമന്ത്രി പറഞ്ഞു. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതിന് ശേഷം ഒരു നവ മധ്യവർഗത്തിന്റെ ആവിർഭാവം ചൂണ്ടിക്കാട്ടി, ഈ ബജറ്റ് അവരുടെ ശാക്തീകരണത്തിന് തുടർച്ച നൽകുകയും എണ്ണമറ്റ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഈ ബജറ്റ് വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഒരു പുതിയ അളവുകോൽ കൊണ്ടുവന്നു'' അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികളുമൊത്തുള്ള ബജറ്റ് ഇടത്തരം, ആദിവാസി വിഭാഗം, ദളിതർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ജീവിതം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. ഈ വർഷത്തെ ബജറ്റ് സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുമെന്നും ചെറുകിട ബിസിനസുകൾക്കും എംഎസ്എംഇകൾക്കും പുതിയ പാതയൊരുക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''യൂണിയൻ ബജറ്റ് ഉൽപ്പാദനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ഒരു നിറവ് നൽകുന്നു,'' തുടർച്ച നിലനിർത്തി, ഇത് സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ശക്തി നൽകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

തൊഴിലിനും സ്വയം തൊഴിലിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചുപറഞ്ഞ പ്രധാനമന്ത്രി, പിഎൽഐ പദ്ധതിയുടെ വിജയം ശ്രദ്ധിക്കുകയും കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിനെ ഉയർത്തിക്കാട്ടുകയും ചെയ്തു. പദ്ധതി പ്രകാരം യുവാക്കളുടെ ആദ്യ ജോലിയുടെ ആദ്യ ശമ്പളം സർക്കാർ വഹിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥകളും ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പിനുള്ള പദ്ധതിയും അദ്ദേഹം പരാമർശിച്ചു. 'സ്കീമിന് കീഴിലുള്ള മുൻനിര കമ്പനികളിൽ ജോലി ചെയ്യുന്നതിലൂടെ, യുവ ഇന്റേണുകൾ സാധ്യതകളുടെ പുതിയ വഴികൾ കണ്ടെത്തും', പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും എല്ലാ വീടുകളിലും സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ചെറുകിട വ്യവസായികൾ, സ്ത്രീകൾ, ദളിതർ, പിന്നാക്ക വിഭാഗക്കാർ, നിരാലംബർ എന്നിവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന മുദ്രാ ലോണിന് കീഴിലുള്ള ഈടില്ലാത്ത വായ്പയുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തുന്നതിനെക്കുറിച്ചും സംസാരിച്ചു.

ഇന്ത്യയെ ലോകത്തിന്റെ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ ഇടത്തരക്കാരുമായുള്ള എംഎസ്എംഇയുടെ ബന്ധത്തെയും ദരിദ്ര വിഭാഗത്തിനുള്ള തൊഴിൽ സാധ്യതകളെപ്പറ്റിയും ഊന്നിപ്പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്ക് വലിയ ശക്തി സൃഷ്ടിക്കുന്നതിന്, എംഎസ്എംഇകൾക്ക് വായ്പാ സൗകര്യം വർദ്ധിപ്പിക്കുന്ന ബജറ്റിൽ പ്രഖ്യാപിച്ച പുതിയ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു. ''ബജറ്റിലെ പ്രഖ്യാപനങ്ങൾ എല്ലാ ജില്ലകളിലേക്കും ഉൽപ്പാദനവും കയറ്റുമതിയും കൊണ്ടുപോകും,'' അദ്ദേഹം പറഞ്ഞു, ''ഇ-കൊമേഴ്സ്, കയറ്റുമതി കേന്ദ്രങ്ങൾ, ഭക്ഷ്യ ഗുണനിലവാര പരിശോധന എന്നിവ ഒരു ജില്ല-ഒരു ഉൽപ്പന്ന പരിപാടിക്ക് പുതിയ ആക്കം നൽകും.''

2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സ്റ്റാർട്ടപ്പിനും നവീന ജൈവ ആവാസവ്യവസ്ഥക്കും നിരവധി അവസരങ്ങൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ബഹിരാകാശ സമ്പദ്വ്യവസ്ഥയെ സജീവമാക്കുന്നതിനുളള ആയിരം കോടി രൂപയുടെ കോർപ്പസ് ഫണ്ടിനെക്കുറിച്ചും ഏഞ്ചൽ ടാക്സ് നിർത്തലാക്കുന്നതിനെക്കുറിച്ചുമുള്ള ഉദാഹരണങ്ങൾ അദ്ദേഹം നൽകി.

''റെക്കോഡ് ഉയർച്ച നേടിയ മൂലധനനിക്ഷേപം സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയായി മാറും'', 12 പുതിയ വ്യാവസായിക നോഡുകൾ, പുതിയ ഉപഗ്രഹ നഗരങ്ങൾ, 14 വൻ നഗരങ്ങൾക്കുള്ള ട്രാൻസിറ്റ് പ്ലാനുകൾ എന്നിവയുടെ വികസന പദ്ധതികളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പുതിയ സാമ്പത്തിക കേന്ദ്രങ്ങൾ വികസിപ്പിക്കാനും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റെക്കോഡ് പ്രതിരോധ കയറ്റുമതി ഉയർത്തിക്കാട്ടി, ഈ വർഷത്തെ ബജറ്റിൽ സ്വയം പര്യാപ്തമായ പ്രതിരോധ മേഖല സൃഷ്ടിക്കുന്നതിനുള്ള നിരവധി വ്യവസ്ഥകൾ അടങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയിലേക്കുള്ള ലോകത്തിന്റെ ആകർഷണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതുവഴി ടൂറിസം വ്യവസായത്തിന് പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ വിനോദസഞ്ചാരത്തിന് ഊന്നൽ നൽകുന്നുണ്ടെന്നും പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ടൂറിസം വ്യവസായം നിരവധി അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആദായനികുതി കുറയ്ക്കാനും സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർധിപ്പിക്കാനും ടിഡിഎസ് നിയമങ്ങൾ ലഘൂകരിക്കാനും ഈ വർഷത്തെ ബജറ്റിൽ തീരുമാനമെടുത്തപ്പോൾ കഴിഞ്ഞ 10 വർഷത്തിനിടെ ദരിദ്രർക്കും ഇടത്തരക്കാർക്കും സർക്കാർ നികുതി ഇളവ് ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നികുതിദായകർക്ക് കൂടുതൽ പണം ലാഭിക്കാൻ ഈ പരിഷ്കാരങ്ങൾ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കിഴക്കൻ മേഖലയുടെ മൊത്തത്തിലുള്ള വികസനത്തിന് 'പൂർവോദയ' വീക്ഷണത്തിലൂടെ പുതിയ ഊർജവും ഊർജവും ലഭിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. കിഴക്കൻ ഇന്ത്യയിലെ ഹൈവേകൾ, ജല പദ്ധതികൾ, വൈദ്യുത പദ്ധതികൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഇത് പുതിയ പ്രചോദനം നൽകും,' അദ്ദേഹം കൂട്ടിച്ചേർത്തു.

''ഈ ബജറ്റിന്റെ വലിയ ശ്രദ്ധ രാജ്യത്തിന്റെ കർഷകരാണ്''പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് ശേഷം ഇപ്പോൾ കർഷകരെയും ഇടത്തരക്കാരെയും സഹായിക്കുന്ന പച്ചക്കറി ഉൽപാദന ക്ലസ്റ്ററുകൾ അവതരിപ്പിക്കുന്നു. കാർഷിക മേഖലയിൽ ഇന്ത്യ സ്വയം പര്യാപ്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, പയറുവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനം വർദ്ധിപ്പിക്കാൻ കർഷകരെ സഹായിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ദാരിദ്ര്യ നിർമ്മാർജ്ജനം, ദരിദ്രരുടെ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളെ സ്പർശിച്ചുകൊണ്ട്, പാവപ്പെട്ടവർക്കായി 3 കോടി വീടുകളെക്കുറിച്ചും 5 കോടി ആദിവാസി കുടുംബങ്ങളെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്ന ജൻജാതിയ ഉന്നത് ഗ്രാമ അഭിയാനെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ, ഗ്രാമസഡക് യോജന 25,000 പുതിയ ഗ്രാമീണ മേഖലകളെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകളുമായി ബന്ധിപ്പിക്കും, ഇത് എല്ലാ സംസ്ഥാനങ്ങൾക്കും പ്രയോജനം ചെയ്യും.

ഇന്നത്തെ ബജറ്റിലൂടെ പുതിയ അവസരങ്ങൾ, പുതിയ ഊർജ്ജം, പുതിയ തൊഴിലവസരങ്ങൾ, സ്വയം തൊഴിൽ അവസരങ്ങൾ എന്നിവ കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു. അത് മികച്ച വളർച്ചയും ശോഭനമായ ഭാവിയും കൊണ്ടുവന്നു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനും വികസിത ഭാരതത്തിന് ശക്തമായ അടിത്തറ പാകുന്നതിനും ഉത്തേജകമാകാനുള്ള ബജറ്റിന്റെ സാധ്യതകൾ അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.