Sections

പച്ചക്കറികൾ വില കൈപൊള്ളിക്കും, നട്ടം തിരിഞ്ഞ് ജനങ്ങൾ; പരിശോധന നടത്തും

Wednesday, Jul 12, 2023
Reported By admin
kerala

വിലക്കയറ്റ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് തീരുമാനം


തക്കാളിയടക്കം പച്ചക്കറികളുടെ വില റോക്കറ്റ് പോലെ കേറിയതോടെ നട്ടം തിരിഞ്ഞ് ജനങ്ങൾ. തക്കളിയും പച്ചമുളകും ഇഞ്ചിയുമെല്ലാം തൊട്ടാൽ പൊള്ളുമെന്ന നിലയിലാണ്. വിലക്കയറ്റം പിടിച്ച് കെട്ടാനാകാതെ സർക്കാർ നട്ടം തിരിയുമ്പോൾ പൊറുതി മുട്ടുകയാണ് ജനം. 

ഏറ്റവുമൊടുവിൽ സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് സർക്കാർ നിർദ്ദേശം. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിലക്കയറ്റ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് തീരുമാനം. 

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന്  വിവിധ വകുപ്പുകൾ പരിശോധന നടത്തുമ്പോൾ പൊലീസ് സംരക്ഷണവും സഹായവും നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.