Sections

സാധാരണക്കാരുടെ നെഞ്ചത്ത് തീകോരിയിട്ട് എല്‍പിജിയും

Thursday, Jun 16, 2022
Reported By admin
lpg

ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഇപ്പോള്‍ തന്നെ ജനങ്ങളെ വലച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് എല്‍ പി ജിയുടെ കൂടെ ഈ വില വര്‍ധന

 

പുതിയ എല്‍പിജി ഗ്യാസ് കണക്ഷന്റെ വില വര്‍ധിപ്പിച്ചു. സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണിത്. എണ്ണ വിപണന കമ്പനികള്‍ (OMCs) പുതിയ സിലിണ്ടറുകളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതാണ് വില കൂടുന്നതിനുള്ള കാരണം. പുതിയ നിരക്കുകള്‍ 2022 ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും. ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഇപ്പോള്‍ തന്നെ ജനങ്ങളെ വലച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് എല്‍ പി ജിയുടെ കൂടെ ഈ വില വര്‍ധന.

നിരക്ക് വര്‍ധിപ്പിച്ചതോടെ പുതിയ കണക്ഷന് ഉപഭോക്താക്കള്‍ 750 രൂപ അധികം നല്‍കേണ്ടിവരും. ഒരു കണക്ഷന് 1450 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പുതിയ ഗ്യാസ് കണക്ഷന് 2200 രൂപയാകും. കൂടാതെ, 14.2 കിലോ വീതം ഭാരമുള്ള രണ്ട് സിലിണ്ടറുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ കണക്ഷന്‍ എടുക്കുന്ന സമയത്ത് 1500 രൂപ കണക്ഷന്‍ ഫീസിന് പുറമെ നല്‍കണം. അതായത്, പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ രണ്ട് സിലിണ്ടറുകള്‍ എടുക്കുന്നതിന് ഉപഭോക്താക്കള്‍ ഇപ്പോള്‍ സെക്യൂരിറ്റിയായി 4,400 രൂപ നല്‍കണമെന്ന് ചുരുക്കം.

എല്‍പിജി ഗ്യാസ് റെഗുലേറ്റര്‍ വാങ്ങാനും ഉപഭോക്താക്കള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. ഒഎംസികള്‍ പങ്കിടുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് റെഗുലേറ്ററിന് ഇനി 250 രൂപയാണ് നല്‍കേണ്ടി വരിക. 150 രൂപയായിരുന്നു മുമ്പ് റെഗുലേറ്ററിന്റെ വില. 5 കിലോ സിലിണ്ടറുകള്‍ക്കുള്ള സെക്യൂരിറ്റി തുകയും കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ 5 കിലോ സിലിണ്ടറുകള്‍ക്ക് ഇനി മുതല്‍ 800 രൂപയ്ക്ക് പകരം 1150 രൂപ നല്‍കേണ്ടി വരും.

അതേസമയം പുതിയ ഗ്യാസ് കണക്ഷന്‍ പാസ്ബുക്കിന് 25 രൂപയും പൈപ്പിന് 150 രൂപയും ഉപഭോക്താക്കള്‍ നല്‍കണം. പുതിയ കണക്ഷന്റെ വിലയില്‍ ഇതെല്ലാം ബാധകമാണ്. ഇതെല്ലാം കഴിഞ്ഞ് ഗ്യാസ് സ്റ്റൗ കൂടി വാങ്ങിക്കുമ്പാള്‍ സാധാരണക്കാരന് അത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.