- Trending Now:
ക്രിപ്റ്റോകറൻസി ഇടപാടുകൾ ഇനി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് (Money Laundering Act) കീഴിൽ വരുമെന്ന് നിക്ഷേപകർക്ക് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പ് നൽകി. വെർച്വൽ ഡിജിറ്റൽ ആസ്തികൾ ഉൾപ്പെടുന്ന ഇടപാടുകളിലെ പങ്കാളിത്തം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് കീഴിലായിരിക്കുമെന്ന് സർക്കാർ ഒരു വിജ്ഞാപനത്തിൽ അറിയിച്ചു. ഡിജിറ്റൽ ആസ്തികളുടെ മേൽനോട്ടം കർശനമാക്കാൻ സർക്കാർ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം തന്നെ കോയിൻസ്വിച്ച് കുബേ, വസീർഎക്സ് എക്സ്ചേഞ്ചുകൾ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കമ്പനികളെ പരിശോധിച്ചുവരികയാണ്. കള്ളപ്പണം വെളുപ്പിക്കൽ, ഫോറെക്സ് ലംഘന കേസുകൾ എന്നിവയിലാണ് ഇഡിയുടെ അന്വേഷണം.
വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ കൈമാറ്റവും PMLA നിയമത്തിന് (Prevention of Money Laundering Act) കീഴിൽ വരുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ആദായനികുതി നിയമം അനുസരിച്ച്, 'വെർച്വൽ ഡിജിറ്റൽ അസറ്റ്' എന്നത് ക്രിപ്റ്റോഗ്രാഫിക് മാർഗങ്ങളിലൂടെയോ മറ്റെന്തെങ്കിലും വഴിയോ ജനറേറ്റുചെയ്ത ഏതെങ്കിലും വിവരങ്ങൾ, കോഡ്, നമ്പർ അല്ലെങ്കിൽ ടോക്കൺ (ഇന്ത്യൻ കറൻസിയോ വിദേശ കറൻസിയോ അല്ല) എന്നിവയെ സൂചിപ്പിക്കുന്നു.
വിർച്വൽ ഡിജിറ്റൽ ഇടപാടുകൾ PMLA നിയമത്തിന് കീഴിൽ കൊണ്ടുവരാനുള്ള വിജ്ഞാപനം ഈ മേഖലയെ അംഗീകരിക്കുന്നതിനുള്ള നല്ല ചുവടുവെപ്പാണെന്ന് കോയിൻസ്വിച്ച് കോഫൗണ്ടർ ആശിഷ് സിംഗാൾ ട്വീറ്റ് ചെയ്തു.
ക്രിപ്റ്റോ ആസ്തികൾ നിയന്ത്രിക്കുന്നതിന് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ ആവശ്യമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ക്രിപ്റ്റോകറൻസികൾ സംബന്ധിച്ച നിയമനിർമ്മാണത്തിനും നിയന്ത്രണങ്ങൾക്കും കേന്ദ്ര സർക്കാർ ഇതുവരെ അന്തിമരൂപം നൽകിയിട്ടില്ല. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മറ്റ് G 20 അംഗരാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് ധനമന്ത്രി അറിയിച്ചിരുന്നു. ക്രിപ്റ്റോകറൻസികളും എൻഎഫ്ടികളും ഉൾപ്പെടെയുള്ള വിർച്വൽ ഡിജിറ്റൽ അസറ്റിന്റെ വിൽപ്പനയുടെ ലാഭത്തിന്റെ 30 ശതമാനം ആദായനികുതി നൽകണമെന്ന് 2022-23 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ആദായനികുതി നിയമത്തിന്റെ 194 S വകുപ്പിന് കീഴിലുള്ള 1 ശതമാനം നികുതി TDS (ax Deducted at Source ) ആയി വിർച്വൽ ഡിജിറ്റൽ അസറ്റ് കൈമാറ്റം ചെയ്യുന്നതിനും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.