Sections

ബിസിനസ് പ്ലാന്‍ തയാറാക്കുകയാണോ? പണി പാളേണ്ടെങ്കില്‍ ഇവ മനസിലാക്കൂ...

Friday, Dec 17, 2021
Reported By Admin
business plan

കാട്ടി കൂട്ടിയുള്ള ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കിയാല്‍ പണി പാളുമെന്ന് ഉറപ്പാണ്

 

ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും തയ്യാറാക്കേണ്ട ഒന്നാണ് ബിസിനസ് പ്ലാന്‍. പലപ്പോഴും ബിസിനസ് പ്ലാന്‍ നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടാകും. ആശയം എന്താണ്, ഉത്പന്നം എന്താണ്, വിപണി എന്താണ്, ടീം എങ്ങനെയാണ്, പണം എവിടെ നിന്നും വരും ഇത്രയും കാര്യങ്ങള്‍ വിശദീകരിക്കാനായില്ലെങ്കില്‍ ബിസിനസ് പ്ലാന്‍ ഒന്നുമായിട്ടില്ല എന്നോര്‍ക്കുക. അതുകൊണ്ട് ബിസിനസ് പ്ലാന്‍ തയാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കേണ്ടതുണ്ട്.

ആരൊക്കെ വാങ്ങും?

ഒരു ഉത്പന്നം, സേവനം വിപണിയില്‍ എത്തിക്കുന്നതിനു മുമ്പ് അത് ആര്‍ക്കുവേണ്ടിയാണ് ലഭ്യമാക്കുന്നത് എന്നാലോചിക്കണം. ചിലപ്പോള്‍ ആശയം മികച്ചതാകാം. പക്ഷേ, വിപണിയുടെ ആവശ്യത്തിനു യോജിച്ചതായിരിക്കുകയില്ല.

അപ്പോള്‍ ആദ്യമായി ഉത്പന്നം വാങ്ങി ഉപയോഗിക്കുന്നത് ആരാണെന്നു നിര്‍വചിക്കണം. ഇത്തരത്തില്‍ നിര്‍വചിച്ചു കഴിഞ്ഞാല്‍ ഇവരെ നിരീക്ഷിക്കുകയും കേള്‍ക്കുകയും ചെയ്യുക. ഏത് ഉത്പന്നമാണോ ചെയ്യുന്നത് ആ വ്യവസായത്തെ സംബന്ധിച്ച് കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കുക. ഇപ്പോഴത്തെ ട്രെന്‍ഡ് മനസിലാക്കുക. ഈ മേഖലയിലെ വിദഗ്ധരുടെ ബ്ലോഗുകള്‍ നോക്കുക. ഏതൊരു ഉത്പന്നവും ആ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതായിരിക്കണം.

പഠിക്കാനുള്ള ശ്രമം

ഒരു ആശയം കിട്ടിയാല്‍ അതില്‍ മുന്നോട്ടു പോകുന്നതിനു മുമ്പ് ആ ആശയത്തെക്കുറിച്ച് വിവിധ കോണുകളില്‍നിന്നു വിശകലനം ചെയ്യുക. ഭാവി ഉപഭോക്താക്കളെക്കുറിച്ച് ആലോചിക്കുക. ഈ ഉത്പന്നവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നവരുടെ മാത്രമല്ല, ഈ ഉത്പന്നത്തെ വിപണിയില്‍ സ്വാധീനിക്കുവാന്‍ കഴിയുന്നവരുടെ കാഴ്ചപ്പാടില്‍നിന്നും നോക്കിക്കാണുക. ഉപഭോക്താവിന് ഈ ഉത്പന്നം വഴി എന്താണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഉത്പന്നം കൊണ്ട് ഉപഭോക്താവിനുണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തുക.

അടുത്തത് മത്സരത്തിലുള്ള ഉത്പന്നങ്ങളെയാണ്. എത്ര അനന്യ ആശയമാണെങ്കിലും അതിന് ഒരു ബദല്‍ ഉണ്ടാകാനിടയുണ്ട്. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായത്തിലെ ഒന്നാം നിരയിലും രണ്ടാം നിരയിലുമൊക്കെയുള്ള എതിരാളികള്‍ ആരൊക്കെയാണെന്നു മനസിലാക്കുക. അവരുമായി എത്രത്തോളമായിരിക്കും മത്സരമെന്നു വിലയിരുത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്പന്നത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ കണക്കാക്കുക. വില, ഉത്പന്ന മേന്മ, ഭാവി ഭീഷണികള്‍ തുടങ്ങിയവയെല്ലാം കണക്കിലെടുത്തുവേണം ഇതു കണക്കാക്കാന്‍.

ഭാവി ഉപഭോക്താവ്

ആശയത്തെക്കുറിച്ച് വ്യക്തത വന്നാല്‍ അത് ഉത്പന്നമായി മാറ്റുകയാണ് അടുത്തപടി. അതിന്റെ പ്രോട്ടോടൈപ്പുകള്‍ തയാറാക്കി ഭാവി ഉപഭോക്താക്കളുടെ ഇടയില്‍ വിതരണം നടത്തി അഭിപ്രായം തേടാം. ഇതുവഴി വിപണിയെക്കുറിച്ചുള്ള സര്‍വേയും നടക്കും. സമൂഹത്തിലെ വിവിധ ശ്രേണിയില്‍നിന്നുള്ളവരിലൂടെ ഇതു നിര്‍വഹിക്കണം.

ചെറിയ തോതില്‍ കേക്ക്, മിഠായി തുടങ്ങിയവയുണ്ടാക്കി ബേക്കിംഗ് ബിസിനസില്‍ വിജയിച്ച ധാരാളം പേരുണ്ട്. ലേസിനും മറ്റും ബദലായി കേരളത്തില്‍നിന്നു പുറത്തിറങ്ങുന്ന പ്ലിംഗ് ഇപ്പോഴും ടെസ്റ്റ് മാര്‍ക്കറ്റിംഗിലാണ്. ആശയം മുതല്‍ ടെസ്റ്റ് മാര്‍ക്കറ്റിംഗ് വരെയുള്ള കാര്യങ്ങള്‍ എല്ലാം നടത്തേണ്ടത് 'ഭാവി ഉപഭോക്താവിനെ' മനസില്‍ കണ്ടുകൊണ്ടായിരിക്കണം. വൈവിധ്യമാര്‍ന്ന ഈ ഉപഭോക്തൃനിരയെ മനസില്‍ കാണണം.

വിജയസാധ്യത

ഉത്പന്നം, അതിന്റെ സവിശേഷതകള്‍, ധനകാര്യം സംബന്ധിച്ച വിശദാംശങ്ങള്‍, വിപണനം, മാനേജ്‌മെന്റ്, നഷ്ട സാധ്യതാ ഘടകങ്ങള്‍ തുടങ്ങിയവ സഹിതം വിശദമായ ബിസിനസ് പ്ലാന്‍ തയാറാക്കണം. ഇതോടൊപ്പം ബിസിനസ് മോഡലും ഇതില്‍ വിശദീകരിക്കണം. അതായത് ഈ പദ്ധതിയുടെ വിജയസാധ്യതയെക്കുറിച്ചുള്ള വിശദീകരണമാണ്.

നിര്‍ണായക ഘടകം

ഏതു സ്ഥാപനത്തിന്റെയും, അത് എത്ര ചെറുതോ വലുതോ ആയാലും, ശരിയായ ധനകാര്യ മാനേജ്‌മെന്റ് ആണ് ആ സ്ഥാപനത്തെ നിലനിര്‍ത്തുന്ന ഏറ്റവും നിര്‍ണായക ഘടകം. അതുകൊണ്ടുതന്നെ ചെറു സംരംഭങ്ങള്‍ തുടക്കം മുതല്‍ തന്നെ ഇക്കാര്യത്തില്‍ വളരെ ജാഗരൂകരായിരിക്കണം. വളരെ ശ്രദ്ധയോടെ വേണം ഓരോ ധനകാര്യ തീരുമാനങ്ങളും എടുക്കാന്‍.

ഒരു നല്ല ആശയംകൊണ്ടു മാത്രം ബിസിനസ് നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുകയില്ല. എത്ര ചെറിയ ബിസിനസ് ആണെങ്കിലും അതിനു ലാഭമുണ്ടാക്കാന്‍ കഴിയുന്ന വ്യക്തമായൊരു ധനകാര്യ ഘടനയുണ്ടാകണം. ഒരു സംരംഭത്തെ വിജയിപ്പിക്കുവാന്‍ സംരംഭകര്‍ മണി മാനേജ്‌മെന്റില്‍ കഴിയുന്നത്ര നൈപുണ്യം നേടേണ്ടത് അവശ്യമാണ്.

ഏതൊരു ബിസിനസിന്റേയും വിജയത്തിന്റെ പകുതി അതിന്റെ ബിസിനസ് പ്ലാനിലാണെന്നാണ് വിലയിരുത്തുന്നത്. ആകര്‍ഷകമായ ബിസിനസ് പ്ലാന്‍ ബാങ്കില്‍നിന്നു വായ്പ നേടാനും നിക്ഷേപകരെ ആകര്‍ഷിക്കുവാനും ആവശ്യമാണ്. കാട്ടി കൂട്ടിയുള്ള ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കിയാല്‍ പണി പാളുമെന്ന് ഉറപ്പാണ്. ഇവിടെ പറഞ്ഞ കാര്യങ്ങളൊക്കെ മനസില്‍ വച്ച് വേണം ബിസിനസ് പ്ലാന്‍ തയ്യാറാക്കാന്‍.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.