മഴ വർധിച്ചതോടെ മഴക്കാല രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കുറയുന്നതാണ് പലപ്പോഴും അസുഖങ്ങൾ വരാൻ പ്രധാന കാരണങ്ങളിലൊന്ന്. അതിനാൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് മഴക്കാലം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, വൈറൽ പനി, കോളറ, മലമ്പനി, മന്ത്, വയറിളക്ക രോഗങ്ങൾ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പലതരം രോഗങ്ങൾ മഴക്കാലത്ത് പിടിപെടാം. കൊതുകുകളെ അകറ്റുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താൽ മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാം.
- മഴക്കാലം പൊതുവേ കൊതുകിന്റെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന ജലം വ്യാപകമാകുന്നതോടെ കൊതുകുകൾ പെരുകുന്നു. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ മാരക രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കൊതുകുകടിയേൽക്കാതെ നോക്കേണ്ടതാണ്. വീടും പരിസരവും വൃത്തിയാക്കുകയാണ് കൊതുകിനെ അകറ്റാൻ ഏറ്റവും പ്രധാനം. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുക.
- മഴക്കാലമാകുന്നതോടെ മലിനജലത്തിലൂടെ പലപ്പോഴും സഞ്ചരിക്കേണ്ടി വരും. ഇത് പലപ്പോഴും എലിപ്പനി പകരുന്നതിന് കാരണമാകും. ഡയേറിയ, കോളറ, തുടങ്ങിയവയും മലിന ജലത്തിലൂടെയാണ് പകരുന്നത്. അതിനാൽ മലിനജലവുമായി സമ്പർക്കം പുലർത്തേണ്ടി വന്നാൽ അതിനുശേഷം ഉടൻ തന്നെ പാദങ്ങളും കൈകളും ചെരുപ്പുകളും വൃത്തിയാക്കേണ്ടതാണ്. മുറിവുള്ളവർ മലിന ജലവുമായി സമ്പർക്കത്തിലേർപ്പെടരുത്. മലിനജലവുമായി ഇടപെടേണ്ടി വരുന്നവർക്ക് സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യ പ്രതിരോധ മരുന്ന് ലഭ്യമാണ്.
- കൈകളിലൂടെ പലതരം രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ കൈകൾ വൃത്തിയായി കഴുകുന്നതോടെ ഭൂരിഭാഗം രോഗങ്ങളിൽ നിന്നു രക്ഷനേടാം. യാത്രാമധ്യേയും പല സാഹചര്യങ്ങളിലും അസുഖമുള്ളവർ സ്പർശിച്ചിടത്ത് സ്പർശിക്കുമ്പോഴാണ് രോഗാണുക്കൾ പലപ്പോഴും കൈകളിലേക്കെത്തുന്നത്. കൈകൾ സോപ്പിട്ട് കഴുകുക എന്നതാണ് ഈ അവസ്ഥയ്ക്കുള്ള പ്രതിവിധി. ഭക്ഷണത്തിന് മുമ്പും ശേഷവും ശൗചാലയത്തിൽ പോയതിന് ശേഷവും ഉറപ്പായും കൈ സോപ്പുപയോഗിച്ച് കഴുകുക.
- മൂക്ക്, വായ, എന്നിവയിലൂടെയാണ് ശ്വാസകോശ അണുബാധകൾ, എച്ച്1, എൻ1, വൈറൽ ഫീവർ മുതലായ രോഗങ്ങൾ പകരുന്നത്. വൃത്തിഹീനമായ കൈകളുപയോഗിച്ച് ഈ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ നിർബന്ധമായും വൃത്തിയുള്ള തൂവാല ഉപയോഗിച്ച് വായും മുഖവും മൂടേണ്ടതാണ്. തുറസായ സ്ഥലത്ത് തുപ്പാതിരിക്കുക.
- ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടകാരികളാണ് മഴക്കാല രോഗങ്ങൾ. വൃത്തിഹീനമായ വെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. കഴിക്കുന്നതിന് മുമ്പ് കൈ നന്നായി കഴുകണം. ഭക്ഷണങ്ങൾ ഒരിക്കലും തുറന്നു വയ്ക്കരുത്. ഈച്ചയുടെ സാന്നിധ്യം പെരുകാനുള്ള മലിനമായ സാഹചര്യങ്ങളും ഒഴിവാക്കുക. തെരുവോരങ്ങളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് ഏറെ സൂക്ഷിക്കേണ്ടതാണ്. രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. മഴക്കാല രോഗങ്ങളെല്ലാം തന്നെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാൽ തന്നെ പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാൽ ഉടനടി ചികിത്സ തേടുകയാണ് ഏറ്റവും പ്രധാനം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
എന്താണ് സെൻസറിന്യൂറൽ? രോഗകാരണങ്ങളും ലക്ഷണങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.