Sections

2 ലക്ഷം മുതല്‍ 2 കോടി വരെ; പ്രവാസികളെ സഹായിക്കാന്‍ നോര്‍ക്ക

Sunday, Jan 31, 2021
Reported By admin
nri loan

പ്രവാസികള്‍ക്ക് ആശ്വാസമായി വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ച് നോര്‍ക്ക

 

കോവിഡ് കാരണം സാമ്പത്തികമായി ബുദ്ധിമുട്ടിലായ പ്രവാസികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോര്‍ക്ക പ്രഖ്യാപിച്ചത് ആശ്വാസ പദ്ധതി.കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി സംസ്ഥാനത്ത് തിരികെയെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളി പ്രവാസികളുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌ക്കരിച്ച നോര്‍ക്ക- പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന് ആണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്‌.


സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ധനസഹായം നല്‍കുന്ന പദ്ധതികളിലൂടെ സാമ്പത്തിക ബുദ്ധിമുട്ടിലായ പ്രവാസികള്‍ക്ക് വരുമാനം കണ്ടെത്താന്‍ സഹായിക്കുകയാണ് നോര്‍ക്കയുടെ ലക്ഷ്യം.പലിശ ഇല്ലാതെ രണ്ട് ലക്ഷം രൂപയും പലിശ ഇളവോടെ 25 ലക്ഷം മുതല്‍ രണ്ട് കോടി വരെയും ആകും ഈ പദ്ധതികളിലൂടെ പ്രവാസികള്‍ക്ക് ബിസിനസുകള്‍ക്കായി ലഭിക്കുക.

രണ്ട് ലക്ഷം രൂപ വരെ പ്രവാസികള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കുന്ന പദ്ധതിക്ക് പ്രവാസി ഭദ്രതാ പേള്‍ എന്നാണ് പേരിട്ടിരിക്കുന്നത്.രണ്ട് വര്‍ഷമാണ് ഈ വായ്പയുടെ തിരിച്ചടവ് കാലാവധി.തുല്യ തവണകളായി രണ്ട് വര്‍ഷം കൊണ്ട് ഇഎംഐ തിരിച്ചടച്ച് തീര്‍ക്കാവുന്നതാണ്.കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ കുടുംബശ്രീയുടെ ഭാഗമായി പുതുതായി രൂപം കൊള്ളുന്ന യുവതീ ഗ്രൂപ്പിലെ അംഗങ്ങള്‍, അവരോ അവരുടെ കുടുംബാംഗങ്ങളോ തൊഴില്‍രഹിതരായ പ്രവാസികളാണെങ്കില്‍ ഈ പദ്ധതിയിലൂടെ സംരംഭങ്ങള്‍ ആരംഭിക്കാനുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും

. കോവിഡ് കാരണം വിദേശത്ത് നിന്ന് നാട്ടിലെത്തിയവര്‍ക്കും തിരിച്ച് പോകാനാകാതെ നാട്ടില്‍പ്പെട്ടു പോയവര്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ട്.രണ്ട് വര്‍ഷം എങ്കിലും ചുരുങ്ങിയ വിദേശത്ത് താമസിച്ചവരാകണം അപേക്ഷകര്‍.തൊഴില്‍ നഷ്ടമായി നാട്ടിലെത്തിയ പ്രവാസികളില്‍ നല്ലൊരു വിഭാഗം വിദേശത്ത് അവിദഗ്ധ മേഖലകളില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. അവര്‍ക്ക് കുടുംബശ്രീ വഴി നല്‍കുന്ന വായ്പാ പദ്ധതി ഏറെ ഗുണകരമാകും


കെഎസ്‌ഐഡിസിയുമായി സഹകരിച്ചു നോര്‍ക്ക നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത മെഗാ പദ്ധതി.ഈ പദ്ധതി അനുസരിച്ച് 25 ലക്ഷം രൂപ മുതല്‍ 2 കോടി വരെ വായ്പ ലഭിക്കും.
8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ നിരക്കിലാണ് ലോണ്‍ ലഭിക്കുക. 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ സബ്‌സിഡി നോര്‍ക്ക റൂട്ട്‌സ് നല്‍കും എന്നതാണ് പ്രത്യേകത. കെഎസ്‌ഐഡിസി മുഖേനയാണ് പദ്ധതിക്കായുള്ള അപേക്ഷ നല്‍കേണ്ടത്.വായ്പ അപേക്ഷകള്‍ കെഎസ്‌ഐഡിസി സ്വീകരിച്ച് ലോണ്‍ അനുവദിക്കുന്ന സമയം പലിശ സബ്‌സിഡികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിലേക്ക് സമര്‍പ്പിക്കണം.കൃത്യമായ തിരിച്ചടവുകള്‍ക്ക് ത്രൈമാസക്കാലയളവില്‍ പലിശ സബ്‌സിഡി അനുവദിക്കപ്പെടും.കൂടുതല്‍ വിവരങ്ങള്‍ക്കായി 9400795951, 9895996782

 തൊഴില്‍രഹിതരായ പ്രവാസികളുടെ അരക്ഷിതാവസ്ഥ ലഘൂകരിക്കുക, തൊഴില്‍രഹിതരായി നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് വരുമാനദായക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പലിശരഹിത വായ്പ ലഭ്യമാക്കുക. സംരംഭം തുടങ്ങുന്നതിനാവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക. തൊഴില്‍രഹിതരായ പ്രവാസികള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നോര്‍ക്കയുടെ ഈ രണ്ട് പദ്ധതികള്‍ക്കുമുള്ളത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.