Sections

ചെറുകിട സംരംഭകര്‍ക്ക് ആവശ്യം അനുസരിച്ച് മുദ്ര; മൂന്ന് തരം വായ്പ ഒരുക്കി കേന്ദ്രസര്‍ക്കാര്‍

Wednesday, Nov 10, 2021
Reported By admin
MUDRA Yojana

ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതി മുദ്രയോജന

 

 

രാജ്യത്തെ ചെറുകിട സംരംഭകരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ഇന്ത്യയിലേറ്റവും പ്രശസ്തമായ ഒരു വായ്പ പദ്ധതിയെ കുറിച്ചാണ് ഈ ലേഖനം.ഈടോ ജാമ്യക്കാരുടെ ആവശ്യമോ ഇല്ലാതെ ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി മുദ്രായോജന വായ്പയുടെ ഏറ്റവും വലിയ ആകര്‍ഷണവും ഇതു തന്നെയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ഏപ്രില്‍ 8ന് അവതരിപ്പിച്ച പദ്ധതി 10 ലക്ഷം വരെയുള്ള തുകയാണ് വായ്പയായി അനുവദിക്കുന്നത്.

വായ്പയ്ക്ക് സര്‍ട്ടിഫിക്കറ്റ് (നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമില്ല. കാരണം വായ്പ ക്രഡിറ്റ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.വായ്പ അപേക്ഷ നല്‍കുമ്പോള്‍ ബാങ്കുകളില്‍ കൊളാറ്ററല്‍ ഒന്നും നിര്‍ബന്ധമില്ല. എടുത്ത പണത്തിനുമാത്രം പലിശ നല്‍കുക. വായ്പ ലളിതമായ തവണകളില്‍ ഉചിതമായ കാലയളവില്‍ തിരികെ അടയ്ക്കാം. മുദ്രാ ലോണ്‍ പോലെ തന്നെ മുദ്രാ വായ്പാ കാര്‍ഡും ലഭ്യമാണ്. മുദ്രാ കാര്‍ഡുകൊണ്ട് ഏത് ഏറ്റി.എം.ല്‍ നിന്നും പണം പിന്‍വലിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. മുദ്രാ കാര്‍ഡുകൊണ്ട് പി.ഒ.എസ് മെഷഷീനുകള്‍,ഈ-കോമേഴ്‌സ് മുഖേന സാധനങ്ങള്‍ വാങ്ങുവാന്‍ സൗകര്യമുണ്ട്. 

പ്രധാനമായും മുദ്രാ ലോണ്‍ മൂന്ന് വിധത്തിലാണുള്ളത്.

1. ശിശു ലോണ്‍: 50000 രൂപ വരെ

2. കിഷോര്‍ ലോണ്‍: 50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ

3. തരുണ്‍ ലോണ്‍, 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ

മൂന്ന് തരം സംരംഭകര്‍ക്കാണ് മുദ്ര ലോണ്‍ ലഭ്യമാവുക. ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, വ്യാപാര-വാണിജ്യ മേഖല. കൂടാതെ ഇപ്പോള്‍ ഡയറി ബിസിനസ് മീന്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പട്ട് വ്യവസായം മുതലായവയ്ക്കും മുദ്ര ലോണ്‍ ലഭ്യമാണ്.

എങ്ങനെ മുദ്ര വായ്പ നേടാം

നഗരപരിധിക്കുള്ളില്‍(മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍) മുദ്രാ ലോണ്‍ ലഭിക്കുന്നതിന് അപേക്ഷകന്‍ അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂള്‍ഡ് ബാങ്കിലോ അല്ലെങ്കില്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപമുള്ള പൊതുമേഖലാ ബാങ്കിലോ/ ഷെഡ്യൂള്‍ഡ് ബാങ്കിലോ സമീപിക്കുക.എന്നാല്‍ പഞ്ചായത്തുകളില്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് വാര്‍ഡ് അനുസരിച്ച് നിശ്ചയിച്ച ബാങ്കുകളെ സമീപിക്കാം. നിങ്ങളുടെ വാര്‍ഡ് അനുസരിച്ചുള്ള സര്‍വ്വീസ് ബാങ്ക് അറിയുന്നതിന് അതാത് ജില്ലയിലെ ലീഡ് ബാങ്കിനെ സമീപിക്കുക. മുദ്രാ ലോണ്‍ ലഭിക്കാത്തത് സംബന്ധിച്ച് പരാതികള്‍ക്കും സംശയങ്ങള്‍ക്കും ലീഡ് ബാങ്കിനെയാണ് സംരംഭകര്‍ സമീപിക്കേണ്ടത്. മുന്‍പ് വായ്പ എടുത്ത് കുടിശ്ശിക ഉള്ളവര്‍ക്ക് മുദ്രാ ലോണ്‍ ലഭിക്കുകയില്ല.

നിലവില്‍ സംരംഭം ഉള്ളവര്‍ക്കും മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാം. പുതിയ സംരംഭകര്‍ ജില്ലാ വ്യവസായ ഓഫീസുവഴിയോ, അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ, ഉദ്യോഗ് ആധാര്‍ അല്ലെങ്കില്‍ MSME ലൈസന്‍സോ എടുത്തിരിക്കണം. പഞ്ചായത്ത് ലൈസന്‍സ്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ലൈസന്‍സ് നിര്‍ബന്ധമാണ് ഓട്ടോ-ടാക്‌സി അപേക്ഷകര്‍ക്ക് ലൈസന്‍സും ബാഡ്ജും നിര്‍ബന്ധമാണ്. പദ്ധതിയുടെ 70% മുതല്‍ 80% വരെ തുക ബാങ്കില്‍ നിന്നും വായ്പയായി ലഭിക്കും. ബാക്കിവരുന്ന തുക സംരംഭകര്‍ മുടക്കേണ്ടതാണ്. മുദ്രാ വായ്പയുടെ പലിശ പൊതുമേഖലാ ബാങ്കുകളില്‍ 9.95% മുതല്‍ 12% വരേയും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ 12% മുതല്‍ 17 % വരെയുമാണ്.

വനിതാ സംരംഭകര്‍ക്കും പട്ടിക ജാതിക്കാര്‍ക്കും മുദ്രാ വായ്പ പദ്ധതിയില്‍ മുന്‍ഗണനയുണ്ട്.2020-2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം  22772253  പേര്‍ക്ക് മുദ്ര വായ്പ ഇനത്തില്‍  129336.70 കോടി അനുവദിച്ചു നല്‍കിയിട്ടുണ്ട്.അപേക്ഷ www.mudra.org.inലും അടുത്തുള്ള പൊതുമേഖലാ ബാങ്കുകളിലും ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.