Sections

ഈ അഞ്ചു കാര്യങ്ങള്‍ പഠിച്ചാല്‍ ആര്‍ക്കും ഒരു സംരംഭകനാവാം

Monday, Jun 28, 2021
Reported By Ambu Senan


നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു സംരഭകനും വ്യവസായിയും ഒക്കെ ആകാന്‍ അതിയായ ആഗ്രഹമുണ്ട്, ഇല്ലേ ? എന്നാല്‍ അതിനായി നമ്മള്‍ ശ്രമിക്കുന്നുണ്ടോ? യൂസഫ് അലിയുടെയും കൊച്ചസേപ്പ് ചിറ്റിലപ്പള്ളിയുടെയും ഒക്കെ പ്രചോദിപ്പിക്കുന്ന കഥകള്‍ കേട്ട് നമ്മള്‍ പുളകം കൊള്ളാറുണ്ട്. ആ കഥ കേള്‍ക്കുമ്പോള്‍ അവരുടെ സ്ഥാനത്ത് അത് ഞാനായിരുന്നെങ്കിലെന്ന് നമ്മള്‍ ഒരു നിമിഷം ആലോചിക്കും. പിന്നെ കഥ കേട്ട് കഴിഞ്ഞു നമ്മള്‍ അതങ്ങു വിടും. എന്നാല്‍ നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യം ഉണ്ട്. ഒരുപാട് വര്‍ഷത്തെ പ്രയത്‌നവും ത്യാഗവും തോല്‍വിയും കഷ്ടപ്പാടും ഒക്കെ സഹിച്ചാണ് അവര്‍ ഇന്ന് കാണുന്ന യൂസഫലിയും ചിറ്റിലപ്പളിയുമൊക്കെയായത്.

ബിസിനസ് ഒക്കെ റിസ്‌ക് ആണ്, എത്ര പേരാണ് ബിസിനസ് ഒക്കെ ചെയ്ത് പൊളിഞ്ഞു പോയിരിക്കുന്നത്, ബിസിനസ് ഒക്കെ തുടങ്ങാന്‍ ഒത്തിരി കാശ് ആകില്ലേ, ഇതിലേക്ക് ഇറങ്ങണോ? ഇപ്പോള്‍ ഒരു ജോലിയുണ്ട്, കൃത്യമായി ശമ്പളം അക്കൗണ്ടില്‍ വീഴുന്നുമുണ്ട്..അതൊക്കെ വാങ്ങി അങ്ങ് ജീവിക്കുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവര്‍ക്ക് മരണം വരെ യൂസഫലിയുടെയും ചിറ്റിലപ്പളിയുടെയും ജാക്ക് മായുടെയുമൊക്കെ പ്രചോദന കഥകള്‍ കേട്ട് ഒരു വഴിക്ക് അങ്ങ് പോകാം..അതല്ല ഇപ്പോഴുള്ള കംഫോര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടന്ന് എന്റെ കഥയും ലോകം പറയണം എന്ന് ആഗ്രഹിക്കുന്ന മൈന്‍ഡ് സെറ്റുള്ളവര്‍ക്ക് വിജയിക്കാനുള്ള നിരവധി കാര്യങ്ങള്‍ ലോക പ്രശസ്ത വ്യവസായിയും എഴുത്തുകാരനും മോട്ടിവേഷണല്‍ പ്രാസംഗികനുമായ റോബര്‍ട്ട് കിയോസാക്കി പറഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍ നമുക്ക് ഒന്ന് നോക്കിയാലോ

1 . ഒരു സംരംഭകന്റെ അല്ലെങ്കില്‍ വ്യവസായിയുടെ മൈന്‍ഡ് സെറ്റ് ഉണ്ടാക്കിയെടുക്കുക

നമ്മള്‍ ഒരു ബിസിനസ് അല്ലെങ്കില്‍ സംരഭത്തിലേക്ക് ഇറങ്ങി തിരിക്കുമ്പോള്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിടാം. പല കാര്യങ്ങളും നമ്മള്‍ വിചാരിച്ച രീതിയില്‍ പോകണമെന്നില്ല. നിരവധി പ്രശ്‌നങ്ങള്‍ നേരിടാം. അതില്‍ തളരാതെ പോംവഴികള്‍ കണ്ടു പിടിക്കുക എന്നുള്ളതാണ് ഒരു സംരംഭകന്റെ മനസ്ഥിതി. മുന്നോട്ട് തന്നെ പോകണം, നിങ്ങള്‍ അത് വരെ പാലിച്ചിരുന്ന നിയമങ്ങള്‍ നിങ്ങളുടെ മുന്നോട്ടുള്ള യാത്രയില്‍ തടസമായെങ്കില്‍ ആ നിയമങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ പൊളിച്ചെഴുതാമെന്നു ചിന്തിക്കുക. ഉദാഹരണത്തിന് ഒരു കഥ പറയാം, ഫ്രാന്‍സിലെ അതി സമ്പന്നനായ ഒരു വ്യവസായി, അദ്ദേഹം പരമ്പരാഗതമായി തന്നെ സമ്പന്നനാണ്. അഞ്ച് തലമുറകളായി ഫ്രാന്‍സില്‍ ജീവിക്കുന്ന അദ്ദേഹം നാപ്പാ, സൊനോമ തുടങ്ങിയ ഫ്രാന്‍സിലെ പ്രദേശങ്ങളില്‍ ഏക്കറു കണക്കിന് മുന്തിരി തോട്ടങ്ങള്‍ വാങ്ങി. അദ്ദേഹത്തിന്റെ ലക്ഷ്യം മുന്തിരിയില്‍ നിന്ന് വൈന്‍ ഉണ്ടാക്കി അമേരിക്കയിലെ കാലിഫോര്‍ണിയയിലേക്ക് കയറ്റി അയയ്ക്കുക എന്നതാണ്. അങ്ങനെ മുന്തിരി അദ്ദേഹം വൈനാക്കി മാറ്റി. എന്നിട്ട് അദ്ദേഹം ഫ്രഞ്ച് സര്‍ക്കാരിനെ സമീപിച്ച് തനിക്ക് മുന്തിരി വൈന്‍ ബാരലുകള്‍ കാലിഫോര്‍ണിയയിലേക്ക് കയറ്റുമതി ചെയ്യണമെന്ന് പറഞ്ഞു. അത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ അദ്ദേഹത്തെ അറിയിച്ചു. അതെന്താണ് എന്ന് തിരക്കിയ അദ്ദേഹത്തോട് ബാരലില്‍ വൈന്‍ കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുവാദം ഇല്ലായെന്ന് അധികാരികള്‍ അദ്ദേഹത്തോട് പറഞ്ഞു. ശരി, ഞാന്‍ ബാരലില്‍ കയറ്റുമതി ചെയ്യുന്നില്ല. ഞാന്‍ എന്റെ വൈന്‍ ചില്ലു കുപ്പികളില്‍ കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ വെട്ടിലായി. സാങ്കേതിക പരമായി അയാള്‍ ചെയ്യുന്നതില്‍ നിയമ ലംഘനം ഇല്ല. അവസാനം സര്‍ക്കാര്‍ അതിന് അനുവാദം നല്‍കി. ഇത് ശരിക്കും നടന്നൊരു സംഭവമാണ്. നോക്കൂ, അദ്ദേഹത്തിന് അത് കുപ്പികളില്‍ നിറച്ച് കയറ്റുമതി ചെയ്യാന്‍ ബാരലിനെകഴിഞ്ഞും ചെലവ് ഉണ്ടായി. എന്നാല്‍ അദ്ദേഹം അത് സാധ്യമാക്കിയെടുത്തു. അതാണ്, നമുക്ക് മുന്നില്‍ ഒരു വഴിയടഞ്ഞാല്‍ വേറെ വഴികള്‍ എങ്ങനെയും കണ്ടുപിടിക്കുക..അതാണ് ഒരു സംരംഭകന് വേണ്ട മൈന്‍ഡ് സെറ്റ്.

2. നിങ്ങളുടെ ഉത്പന്നം അല്ലെങ്കില്‍ സേവനം വില്‍ക്കാന്‍ പഠിക്കുക

നിങ്ങള്‍ ഒരു ഉത്പന്നം അല്ലെങ്കില്‍ സേവനം നിര്‍മിക്കുന്നു. അത് നിര്‍മ്മിച്ചാല്‍ മാത്രം പോര . അതിന് ഒരു വിപണി കണ്ടെത്തണം. അത് ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തി വില്‍ക്കുവാന്‍ കഴിയണം. നിങ്ങള്‍ക്ക് ബിസിനസിനെക്കുറിച്ച് വ്യക്തമായ ഐഡിയ ഉണ്ട്. പക്ഷേ മറ്റുള്ളവരോട് സംസാരിക്കാന്‍ നിങ്ങള്‍ക്ക് ഭയങ്കര മടിയും നാണവുമാണ്. ആ സ്വഭാവം നിങ്ങളെ ഒരു സംരംഭകനാക്കില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ഉത്പനം വില്‍ക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ക്ക് കാശ് സമ്പാദിക്കാന്‍ കഴിയില്ല.അത് വഴി നിങ്ങള്‍ പരാജയപ്പെടും. ആളുകളെ അധികം അഭിമുഖീകരിക്കാന്‍ കഴിയാത്ത നാണക്കാരായ ആളുകളെ ശ്രദ്ധിച്ചിട്ടില്ലേ, അവര്‍ക്ക് റിജെക്ഷന്‍ അല്ലെങ്കില്‍ നോ എന്ന കാര്യം താങ്ങാന്‍ കഴിയില്ല. എനിക്ക് നിങ്ങളുടെ ഉത്പന്നം വേണ്ട എന്ന് ഏതെങ്കിലും ഒരാള്‍ പറയുകയാണെകില്‍ അതില്‍ മനസ് മടുത്ത് തിരികെ പോരാതെ, അയാള്‍ക്ക് എന്ത് കൊണ്ട് അത് വേണ്ട അല്ലെങ്കില്‍ അയാള്‍ നിങ്ങളുടെ ഉത്പന്നത്തില്‍ കണ്ട ന്യൂനത എന്താണ് എന്ന് അയാളോട് ചോദിച്ചു മനസിലാക്കാനും അയാളുമായി ഒരു ഊഷ്മള ബന്ധം ഉണ്ടാക്കാനും നിങ്ങള്‍ക്ക് കഴിയണം. അത് ഒരുപക്ഷെ അയാളെ നമ്മുടെ ഭാവി ഉപഭോക്താവാക്കാം. അത് കൊണ്ട് നിങ്ങളുടെ വളര്‍ച്ചയെ തടഞ്ഞു നിര്‍ത്തുന്ന നിങ്ങളിലെ അന്തര്‍മുഖനെ നിങ്ങള്‍ തന്നെ കീഴ്പ്പെടുത്തുക.

3. ഒരു വിദ്യാര്‍ത്ഥിയായിരിക്കുക, പഠിച്ചു കൊണ്ടേ ഇരിക്കുക

ജീവിതത്തിലെ ഓരോ ദിവസവും നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഒരു കാര്യമെങ്കിലും പഠിക്കുന്നുണ്ട്. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചു നോക്ക്. നിങ്ങള്‍ ഇന്നെന്തെങ്കില്‍ പുതിയത് പഠിച്ചിട്ടുണ്ടാകും.ഇല്ലെങ്കില്‍ എന്തെങ്കിലും പഠിക്കുക. നിങ്ങളുടെ മൊബൈലില്‍ തന്നെ നിങ്ങള്‍ക്ക് അറിയാത്ത നൂറുകണക്കിന് കാര്യങ്ങള്‍ ഉണ്ട്. അതില്‍ എന്തെങ്കിലും നിങ്ങള്‍ക്ക് പഠിക്കാം അല്ലെങ്കില്‍ വേറെ എന്തെങ്കിലും പഠിക്കാം..നിങ്ങളുടെ ഇഷ്ടം. ഒരു സംരംഭകന്‍ നിരന്തരം പഠിച്ചുകൊണ്ടിരിക്കണം. ഒരു ബിസിനസ്സും പൂര്‍ണമായും അറിയുന്ന ഒരാളുമില്ല. നിങ്ങളുടെ ബിസിനസ് വളരണമെങ്കില്‍ നിങ്ങള്‍ നിരന്തരം പഠിച്ചു കൊണ്ടിരിക്കണം. നിങ്ങളുടെ സംരംഭം വളര്‍ത്താനുള്ള ആശയങ്ങള്‍ നിങ്ങള്‍ക്ക് പഠനം വഴി ലഭിക്കും.

4. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുക

തെറ്റുകള്‍ വരുത്തരുത്ത് എന്ന് നമ്മളെ സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട് അല്ലേ? എന്നാല്‍ നിങ്ങള്‍ തെറ്റുകള്‍ വരുത്തുക..അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക. തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്. പ്രത്യേകിച്ച് ബിസിനസ്സില്‍. അതില്‍ തളരാതെ, ആ തെറ്റുകള്‍ പഠിച്ചു വീണ്ടും ആവര്‍ത്തിക്കാതെ മുന്നോട്ട് പോവുക. ഒരു പക്ഷെ നിങ്ങള്‍ ചെയ്യുന്ന എല്ലാ ബിസിനസ്സും വിജയിക്കണമെന്നില്ല. ഒന്നില്‍ പരാജയപ്പെട്ടാല്‍ അത് ലോകാവസാനം എന്നുള്ള ചിന്ത മാറ്റിവെച്ച് ആ തെറ്റില്‍ നിന്ന് പഠിച്ചു കൂടുതല്‍ വളരാന്‍ ശ്രമിക്കുക. ഓര്‍ക്കുക ആലിബാബയുടെ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മാ മുപ്പതിലധികം തവണ പരാജയപ്പെട്ട ശേഷമാണ് വിജയം കരസ്ഥമാക്കിയത്.

5. അഞ്ചാമത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, ഒരു നല്ല ടീം പ്ലയെര്‍ ആകുക

ഒരു നല്ല സംഭരകനും വ്യവസായിയും ഒരു മികച്ച ടീം പ്ലയെര്‍ ആയിരിക്കണം. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ഒരിക്കലും ഒരു ബിസിനസ് സാമ്രാജ്യം ഉണ്ടാക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് അതിന് നല്ലൊരു ടീം വേണം. നിങ്ങളുടെ സ്ഥാപനത്തില്‍ നല്ല ജോലിക്കാര്‍ ഉണ്ടാകും, കണക്കും കാര്യങ്ങളും നോക്കാന്‍ ആളുകള്‍ ഉണ്ടാകും, ടെക്നിക്കല്‍ ടീം ഉണ്ടാവാം, അങ്ങനെ അനവധി നിരവധി പേരുണ്ടാകാം. നിങ്ങള്‍ ഇവരെല്ലാരുമായി നിരന്തരം ചര്‍ച്ചയും മറ്റും നടത്തേണ്ടതായിട്ടുണ്ട്. ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഒരു സംരംഭം വിജയിപ്പിക്കാന്‍ കഴിയൂ.ആ കൂട്ടായ്മയില്‍ മികച്ച ഒരു കളിക്കാരനെ പോലെയായിരിക്കണം നിങ്ങള്‍. മറ്റുള്ളവര്‍ക്ക് ഊര്‍ജം പകര്‍ന്ന് മികച്ച ഒരു ടീമിനെ പടുത്തുയര്‍ത്തണം. ആ ടീമിലെ ഏറ്റവും മിടുക്കന്‍ നിങ്ങള്‍ ആകണമെന്നില്ല പക്ഷെ ഏറ്റവും മികച്ച ടീം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക. വിജയിക്കാന്‍ നിങ്ങള്‍ക്ക് വേണ്ടത് ആ മികച്ച ടീമാണ്.

ഈ കാര്യങ്ങള്‍ നിങ്ങള്‍ പിന്തുടര്‍ന്നാല്‍,സ്വായത്തമാക്കിയാല്‍ ഒരു മികച്ച സംരംഭകന്‍ ആവുകയെന്ന നിങ്ങളുടെ സ്വപ്നം തീര്‍ച്ചയായും സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.