Sections

കോഴി കൃഷിയിലൂടെ മികച്ച ആദായം നേടണമെങ്കില്‍ തുടക്കക്കാര്‍ ഇതൊക്കെ ശ്രദ്ധിക്കണം

Tuesday, Dec 28, 2021
Reported By Admin
chicken

എത്ര കോഴികളെയാണ് വളര്‍ത്തുന്നത് എന്നത് അനുസരിച്ചാണ് ഇത് തെരഞ്ഞെടുക്കേണ്ടത്


എളുപ്പത്തില്‍ ആദായം നേടാവുന്ന കാര്‍ഷിക സംരംഭമാണ് കോഴി വളര്‍ത്തല്‍. അതിനാല്‍ കൃഷിയിലേക്ക് തല്‍പ്പരരായി ഇറങ്ങുന്ന ഏതൊരു തുടക്കക്കാരനും പരീക്ഷിക്കാവുന്നതാണ് കോഴി വളര്‍ത്തല്‍. കൃത്യമായ പരിചരണം നല്‍കിയാല്‍ മികച്ച ആദായം സ്വന്തമാക്കാനാകും. എന്നാല്‍ കോഴി വളര്‍ത്തലില്‍ ഇറങ്ങുന്നതിന് മുന്‍പ്, ഈ കൃഷിയില്‍ വ്യക്തമായ പരിജ്ഞാനം നേടിയിരിക്കണം. ബ്രോയിലര്‍, മുട്ടകോഴി വളര്‍ത്തലിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം

ആവശ്യമായ സ്ഥലം

എത്ര കോഴികളെയാണ് വളര്‍ത്തുന്നത് എന്നത് അനുസരിച്ചാണ് ഇത് തെരഞ്ഞെടുക്കേണ്ടത്. 1000 കോഴികളെ വളര്‍ത്തി ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ചുരുങ്ങിയത് 1250 സ്‌ക്വയര്‍ ഫീറ്റ് തെരഞ്ഞെടുത്തിരിക്കണം. കോഴിത്തീറ്റ സംഭരിക്കുന്നതിനും പ്രത്യേകം സ്ഥലം ആവശ്യമാണ്. കോഴി വളര്‍ത്തലിന്റെ പരിസരത്ത് 100 മീറ്ററിന് ചുറ്റളവില്‍ വീടുകള്‍ ഉണ്ടെങ്കില്‍ കൃഷി ചെയ്യുന്നതിന് പഞ്ചായത്ത് ലൈസന്‍സും നിര്‍ബന്ധമാണ്.

ജലം, വൈദ്യുതി, ഗതാഗതം

ശുദ്ധജല ലഭ്യത, വൈദ്യുതി, വാഹന സൗകര്യം എന്നിവ ഉറപ്പു വരുത്തിയിരിക്കണം. അതായത്, തീറ്റ ഇറക്കുന്നതിനായാലും, കോഴി- മുട്ട എന്നിവയുടെ വിനിമയത്തിന് ആയാലും സ്റ്റോര്‍ റൂമിന് അടുത്ത് വരെ വാഹനം എത്തുന്ന രീതിയില്‍ സൗകര്യം ഒരുക്കണം.

വിപണി

ഉല്‍പാദനത്തേക്കാള്‍ ഒരു പടി മുന്നിലാണ് ആദായത്തില്‍ വിപണിയുടെ സ്വാധീനം. ഉല്‍പാദനം മികച്ചതായാലും വിപണിയും മാര്‍ക്കറ്റിങ്ങും പരാജയപ്പെട്ടാല്‍ കൃഷി നഷ്ടമാകും. അതിനാല്‍ തന്നെ മാര്‍ക്കറ്റിങ് രംഗത്തെ അറിവില്ലായ്മ, ശ്രദ്ധകുറവ് എന്നിവ സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കും.
എങ്ങനെ വിപണി കണ്ടെത്താമെന്നും, മാര്‍ക്കറ്റ് ചെയ്യാമെന്നതിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിന് അനുസരിച്ചാണ് എത്ര കോഴികളെ, ഏത് ഇനങ്ങളെ വളര്‍ത്തണമെന്നത് പരിശോധിക്കേണ്ടത്. കൂട് നിര്‍മ്മാണത്തിലും ശ്രദ്ധ വേണം. 

ഇനങ്ങള്‍ 

വിപണനത്തിന്റെ റിസ്‌ക് കുറയ്ക്കുന്നതിനായി ബ്രോയിലര്‍ കോഴികള്‍ക്ക് അഭികാമ്യം ഇന്റഗ്രെഷന്‍ രീതിയാണ്. മുട്ടകോഴി കൃഷിയിലാവട്ടെ, തുറന്നു വിട്ടു വളര്‍ത്തുന്ന ഇനങ്ങളും ഹൈ ടെക് കൂടുകളില്‍ വളര്‍ത്തുന്ന ഇനങ്ങളും തെരഞ്ഞെടുക്കാം. വീട്ടുമുറ്റത്ത് വളര്‍ത്തുന്നതില്‍ മികച്ച കോഴിയിനങ്ങള്‍ ഗ്രാമശ്രീ, ഗ്രാമപ്രിയ, കൈരളി, ഗ്രാമലക്ഷ്മി, കരിം കോഴി, നാടന്‍ എന്നിവയാണ്.

നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന സങ്കരഇനം കോഴികളും ഇതില്‍ ഉള്‍പ്പെടും. ഹൈ ടെക് കൂടുകളില്‍ വളര്‍ത്തുന്നവയിലും മികച്ച ഇനങ്ങളെ കുറിച്ച് വിശകലനം
നടത്തേണ്ടത് അനിവാര്യമാണ്. ബിവി380, ഹൈ ലൈന്‍ സില്‍വര്‍, ഹൈ ലൈന്‍ ബ്രൗണ്‍, അതുല്യ മുതലായ ഹൈ ബ്രീഡ് ഇനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്. 

കാലാവസ്ഥയിലും പരിചരണത്തിലും രോഗപ്രതിരോധശേഷിയിലുമെല്ലാം ശ്രദ്ധ നല്‍കണം. സംരംഭം വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ പതിയെ പടിപടിയായി സംരംഭം വികസിപ്പിക്കുന്നതാണ് ഉത്തമം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.