Sections

കനത്ത വേനലിൽ കുളിരാകാൻ പൊട്ടുവെള്ളരി

Thursday, Apr 10, 2025
Reported By Soumya
Pottuvellari: Kerala’s Summer Wonder Fruit with Health Benefits

കനത്ത വേനലിൽ ദാഹവും തളർച്ചയും ഉണ്ടാകാതിരിക്കാൻ പ്രകൃതിയുടെ അദ്ഭുത കനിയാണ് പൊട്ടു വെള്ളരി. ദാഹശമനിയായും വിരുന്നുസൽക്കാരത്തിനും വേനലിൽ കുളിർമ്മയ്ക്കും ചൂടുകുരുമുതലായ രോഗങ്ങൾ ശമിപ്പിക്കുന്നതിനും പൊട്ടുവെള്ളരി ഉപയോഗിക്കുന്നു. പൊട്ടുവെള്ളരി പ്രധാനമായും കൃഷിചെയ്യുന്നത് കൊടുങ്ങല്ലൂരാണ് തൃശൂർ ജില്ലയിൽ തന്നെയുള്ള കയ്പമംഗലം, മതിലകം, മാള, വെള്ളാങ്ങല്ലൂർ എന്നിവിടങ്ങളിലും കൊടുങ്ങല്ലൂരിനു പുറമേ കൃഷി ചെയ്യുന്നു. വിത്തിട്ടാൽ 22-ാം ദിവസം കായ വിരിഞ്ഞു തുടങ്ങും. 47 ദിവസം കഴിഞ്ഞാൽ വിളവെടുപ്പു തുടങ്ങാം. 65-ാം ദിവസം വിളവ് പൂർണമായും തീർന്നിട്ടുണ്ടാവും. കായുടെ ഉള്ളിൽ ജലസമൃദ്ധമായ പൾപ്പാണ്.ചെറു നാരുകളാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് പൊട്ടുവെള്ളരി.

വേനലിന്റെ ആരംഭത്തിൽ വെള്ളമൊഴിഞ്ഞ വയലുകളിലാണ് വ്യാപകമായി പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്. കേരളത്തിനു പുറത്ത് ഗോവ- മഹാരാഷ്ട്ര അതിർത്തികളിലും കൃഷി ചെയ്യുന്നുണ്ട്. നനവില്ലാത്ത മണൽകലർന്ന പൊടിമണ്ണാണ് കൃഷിക്ക് അനുയോജ്യം. കോൾപാടങ്ങളിലെ ചളികലർന്ന മണ്ണിൽ വിളവുണ്ടാകില്ല. വെള്ളം കെട്ടിനിൽക്കാൻ പാടില്ല. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന നെൽപാടങ്ങളാണ് കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. തുള്ളിനനയാണ് ഇതിന് ആവശ്യം. കക്കരി, പാളയിൽ പിള്ള എന്നീ പേരുകളിലും അറിയപ്പെടുന്നു .വലിയ മുതൽമുടക്ക് വേണ്ടാത്ത കൃഷിയാണ് പൊട്ടുവെള്ളരിയുടേത്.

ഇതിനു തനതായ രുചി ഇല്ല എന്നതാണ് പ്രധാന പ്രത്യേകത. അതുകൊണ്ട് ഏതു രുചിയും ഗന്ധവും കലർത്തി ഉപയോഗിക്കാം. നാളികേരപ്പാലും പഞ്ചസാരയും അല്ലെങ്കിൽ ശർക്കര മാത്രമായോ ചേർത്തുപയോഗിക്കുന്ന രീതിയാണ് പ്രചാരത്തിൽ. വെള്ളം ചേർക്കാതെയാണ് മാംസളമായ ഭാഗം ഉടച്ചെടുക്കുന്നത്. അതിനാൽ ജ്യൂസ് കടകളിൽ മലിനജലം ചേർക്കും എന്ന പേടി വേണ്ട. ഇളം പ്രായത്തിലുള്ള പൊട്ടുവെള്ളരി പച്ചയ്ക്ക് കഴിക്കുന്നത് നല്ല ഗുണം ചെയ്യും. ക്യാൻസർ രോഗികൾക്ക് ഡോക്ടർമാർ ധാതുസമ്പുഷ്ടമായ പൊട്ടുവെള്ളരിജ്യൂസ് നിർദ്ദേശിക്കാറുണ്ട്. ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിനും നല്ലതാണ്.ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് പൊട്ടുവെള്ളരി ജ്യൂസ്. കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ് ഈ ജ്യൂസ്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.